തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടേയും സംഘടനാ പ്രശ്‌നങ്ങളുടേയും പശ്ചാത്തലത്തില്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വം അഴിച്ചുപണിയണമെന്ന് കേന്ദ്ര നേതൃത്വം നിയോഗിച്ച സമിതി. സി.വി. ആനന്ദബോസ്, ഇ. ശ്രീധരന്‍, ജേക്കബ് തോമസ് എന്നിവര്‍ അംഗങ്ങളായി പാര്‍ട്ടി അനൗദ്യോഗികമായി നിയമിച്ച സമിതിയുടേതാണ് നിര്‍ദേശം.
നേമം സീറ്റില്‍ തോല്‍ക്കുകയും തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം സമിതിയെ നിയോഗിച്ചത്.
അധ്യക്ഷനെ അടക്കം നേതൃത്വത്തിലുള്ളവരെ മാറ്റി പുതുനിരയെ കൊണ്ടുവരണമെന്നാണ് വിദഗ്ധസമിതിലെ ചില അംഗങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. നേതൃത്വത്തെ മൊത്തം മാറ്റാതെ പുനഃക്രമീകരണം വേണമെന്നാണ് നിര്‍ദേശം.
പരസ്പരം മത്സരിക്കാനും നേട്ടമുണ്ടാക്കാനും നേതാക്കള്‍ ശ്രമിച്ചതോടെ പാര്‍ട്ടിയുടെ വളര്‍ച്ച നിലച്ചു. എന്‍.ഡി.എ. മുന്നണി എന്നു പറയുമ്പോഴും ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാനോ അവരെ ഒന്നിച്ചു കൊണ്ടുപോകാനോ കഴിഞ്ഞില്ലെന്ന് സമിതി അംഗങ്ങള്‍ വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്.
ബൂത്തുതലത്തിലെ പാര്‍ട്ടിയുടെ ശോചനീയാവസ്ഥയും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. സംഘടനയെ ശക്തിപ്പെടുത്താന്‍ സംഘപരിവാര്‍ സംഘടനകളുടെ സഹായം തേടണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് പണം നല്‍കി, സി.കെ. ജാനുവിന് പണം നല്‍കി തുടങ്ങി വിവിധ ആരോപണങ്ങള്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനും കെ. സുരേന്ദ്രനുമെതിരെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നേതൃമാറ്റം ചര്‍ച്ചയാകുന്നത്.