Kerala Politics
പുനസംഘടനയില്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി; രാജിക്കൊരുങ്ങി നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 07, 09:19 am
Thursday, 7th October 2021, 2:49 pm

കല്‍പറ്റ: സംസ്ഥാന കമ്മിറ്റി പുനസംഘടനയ്ക്ക് പിന്നാലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റി ഒന്നാകെ രാജിക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി. മദന്‍ലാല്‍ ഉള്‍പ്പടെ പതിമൂന്നംഗ മണ്ഡലം കമ്മിറ്റിയാണ് രാജിവെക്കാന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു ഇതില്‍ ചര്‍ച്ചയ്ക്കൊരുങ്ങാതെ പുതിയ ജില്ലാ അധ്യക്ഷനെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് രാജിക്കൊരുങ്ങുന്നത്.

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി മദന്‍ലാല്‍ ഉള്‍പ്പടെ പതിമൂന്നംഗ മണ്ഡലം കമ്മിറ്റിയാണ് രാജിവെക്കാന്‍ ഒരുങ്ങുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്‍മേല്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ഇഷ്ടക്കാരെ തിരുകി കയറ്റിയാണ് പുനസംഘടനയെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. പി.കെ. കൃഷ്ണദാസ് പക്ഷം പുനസംഘടനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് വയനാട് ജില്ലയിലും പ്രതിഷേധം രൂക്ഷമാകുന്നത്.

പുനസംഘടനയോടെ ബി.ജെ.പിയില്‍ കെ. സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗം ശക്തരായെന്നാണ് വിലയിരുത്തല്‍.

അതേസമയം വ്യാഴാഴ്ച പുറത്തുവന്ന ദേശീയ നിര്‍വാഹകസമിതിയില്‍ കേരളത്തില്‍ നിന്ന് ശോഭാ സുരേന്ദ്രനേയും അല്‍ഫോണ്‍സ് കണ്ണന്താനത്തേയും ഒഴിവാക്കിയിട്ടുണ്ട്.

സുരേന്ദ്രനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രംഗത്തെത്തിയിരുന്നയാളാണ് ശോഭാ സുരേന്ദ്രന്‍. സുരേന്ദ്രന്‍ രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനേയും ശോഭ പരിഹസിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala BJP Dispute Wayanad