തൃശൂര്‍ പിടിക്കാനാവില്ല; ചിലയിടങ്ങളില്‍ അട്ടിമറി വിജയം; സി.പി.ഐ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ ഇങ്ങനെ
Kerala News
തൃശൂര്‍ പിടിക്കാനാവില്ല; ചിലയിടങ്ങളില്‍ അട്ടിമറി വിജയം; സി.പി.ഐ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd April 2021, 4:27 pm

തിരുവനന്തപുരം: എണ്‍പതില്‍ അധികം സീറ്റുകള്‍ നേടി എല്‍.ഡി.എഫ് തന്നെ ഇക്കുറിയും അധികാരത്തില്‍ വരുമെന്ന് സി.പി.ഐ വിലയിരുത്തല്‍. സി.പി.ഐ എക്‌സിക്യൂട്ടീവ് യോഗമാണ് ജില്ലാ കമ്മിറ്റിയുടെ കണക്കുകള്‍ പരിശോധിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് വിജയസാധ്യത വിലയിരുത്തിയത്.

ചിലയിടങ്ങളില്‍ അപ്രതീക്ഷിതമായ തോല്‍വിക്ക് സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തുന്നു. ഇടുക്കി ഒഴികെയുള്ള ജില്ലാ കമ്മിറ്റികളുടെ കണക്കുകള്‍ പരിശോധിച്ചുകൊണ്ടാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിരീക്ഷണം.

സി.പി.ഐക്ക് ഇത്തവണ 17 സീറ്റുകള്‍ ലഭിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളിലായിരുന്നു പാര്‍ട്ടി വിജയിച്ചിരുന്നത്.

തൃശൂര്‍ സീറ്റിലെ മത്സരം കടുത്തതാണെന്നും തോല്‍വിക്ക് സാധ്യതയുണ്ടെന്നും സി.പി.ഐ വിലയിരുത്തുന്നു. കഴിഞ്ഞ തവണ വി. എസ് സുനില്‍ കുമാര്‍ വിജയിച്ച മണ്ഡലമാണ് തൃശൂര്‍. ഇത്തവണ സി.പി.ഐയുടെ പി. ബാലചന്ദ്രനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. പത്മജാ വേണുഗോപാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എന്‍.ഡി.എയ്ക്ക് വേണ്ടി സുരേഷ് ഗോപിയുമാണ് മത്സരിക്കുന്നത്.

മലപ്പുറം തിരൂരങ്ങാടിയില്‍ സി.പി.ഐ അട്ടിമറി വിജയം നേടുമെന്നും എക്‌സിക്യൂട്ടീവ് വിലയിരുത്തുന്നു. നിയാസ് പുളിക്കലകത്താണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കെ.പി.എ മജീദ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എന്‍.ഡി.എയ്ക്ക് വേണ്ടി കള്ളിയത്ത് സത്താറുമാണ് മത്സരിക്കുന്നത്.

കരുനാഗപ്പള്ളിയില്‍ മത്സരം കടുത്തതാണെങ്കിലും മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്നും എക്‌സിക്യൂട്ടീവ് വിലയിരുത്തുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Kerala assembly election 2021 CPI evaluates they will got 17 seats