National Politics
കലാപങ്ങള്‍ ഉണ്ടാക്കാനല്ലാതെ ബി.ജെ.പിയെ കൊണ്ട് മറ്റൊന്നും സാധിക്കില്ല; കലാപമാണ് ആഗ്രഹമെങ്കില്‍ നിങ്ങള്‍ക്ക് ബി.ജെ.പിയെ തെരഞ്ഞെടുക്കാം; കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 13, 06:41 am
Saturday, 13th January 2018, 12:11 pm

ന്യൂദല്‍ഹി: ഭീമ കൊരേഗണ്‍ കലാപത്തില്‍ ആര്‍.എസ്.എസിനും ബി.ജെ.പിയ്ക്കുമെതിരെ ആഞ്ഞടിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കലാപത്തിന് കാരണക്കാര്‍ ബി.ജെ.പി മാത്രമാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.

ജനങ്ങള്‍ക്ക് കലാപം വേണമെന്നുണ്ടെങ്കില്‍ അവര്‍ ബി.ജെ.പിയെ തെരഞ്ഞെടുക്കും. മറിച്ച് ചിന്തിക്കുന്നവര്‍ ഒരിക്കലും ബി.ജെ.പിക്കൊപ്പം നില്‍ക്കില്ല.- കെജ്‌രിവാള്‍ പറയുന്നു. മഹാരാഷ്ട്രയില്‍ നടത്തിയ പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂനെയില്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ദളിതകരെ ആക്രമിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷവാസ്ഥ ഉടലെടുക്കുന്നതും അത് കലാപത്തിന് വഴിമാറുന്നതും. ബി.ജെ.പി ആഗ്രഹിക്കുന്നത് കലാപം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി വിനോദ് ടാഡയ്‌ക്കെതിരെ കെജ് രിവാള്‍ രൂക്ഷവിമര്‍ശനം നടത്തി. ആയിരക്കണക്കിന് സ്‌കൂളുകളാണ് സംസ്ഥാനത്ത് അടച്ചുപൂട്ടിയതെന്നും സ്‌കൂളുകള്‍ പോലും നടത്താന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഒരു സംസ്ഥാനത്തെ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുകയെന്നും കെജ്‌രിവാള്‍ ചോദിച്ചു.

ഇത്തരത്തിലുള്ള ഒരു സര്‍ക്കാരിനെ ആവശ്യമുണ്ടോയെന്ന് ജനങ്ങള്‍ സ്വയം ചോദിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസമേഖലയ്ക്കായി 3 ലക്ഷം കോടി ഫണ്ടാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. ദല്‍ഹിക്ക് ഇത് വെറും 48000 കോടി മാത്രമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ്. ഇതില്‍ വലിയ അഴിമതിയാണ് നടക്കുന്നത്.

നിങ്ങള്‍ക്ക് നല്ല ഭക്ഷണവും തൊഴിലും വിദ്യാഭ്യാസവും സമാധാവവും വേണോ അല്ലെങ്കില്‍ കലാപം വേണോ എന്ന് ഓരോരുത്തരും തീരുമാനിക്കണം. കലാപം വേണമെന്നാണെങ്കില്‍ നിങ്ങള്‍ക്ക് ബി.ജെ.പിക്ക് വോട്ട് ചെയ്യാം- കെജ്‌രിവാള്‍ പറഞ്ഞു.