Entertainment
ദുല്‍ഖര്‍ സല്‍മാന്‍ ആ സിനിമയില്‍ നൂറുശതമാനവും പെര്‍ഫോം ചെയ്തു; കാലം കാത്തുവെച്ച് നല്‍കിയ സമ്മാനം: കീര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 28, 09:02 am
Friday, 28th February 2025, 2:32 pm

ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടെയും നിര്‍മാതാവായ സുരേഷിന്റെയും മകളായ കീര്‍ത്തി പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്.

പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ കീര്‍ത്തിക്ക് സാധിച്ചിരുന്നു. ബോളിവുഡിലും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് കീര്‍ത്തി സുരേഷ്.

അമ്മയായ മേനക മമ്മൂട്ടിയോടൊപ്പം നിരവധി സിനിമകളില്‍ നായികയായിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മകന്റെ കൂടെ തനിക്ക് അഭിനയിക്കാനായത് കാലം കാത്തുവെച്ച് നല്‍കുന്ന സമ്മാനങ്ങളാണെന്നാണ് നടി പറയുന്നത്.

നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2018ല്‍ പുറത്തിറങ്ങിയ മഹാനടി എന്ന തെലുങ്ക് ചിത്രത്തിലായിരുന്നു കീര്‍ത്തിയും ദുല്‍ഖറും ഒരുമിച്ച് അഭിനയിച്ചത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് സിനിമ കൂടിയായിരുന്നു ഇത്.

മഹാനടിയില്‍ കീര്‍ത്തി സാവിത്രിയായി എത്തിയപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ ജെമിനി ഗണേശനായിട്ടാണ് അഭിനയിച്ചത്. തനിക്ക് ദുല്‍ഖറുമായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പറയുന്ന കീര്‍ത്തി സുരേഷ് മഹാനടിയില്‍ ജെമിനി ഗണേശനായി നൂറുശതമാനവും ദുല്‍ഖര്‍ പെര്‍ഫോം ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

‘മമ്മൂട്ടി സാറിനൊപ്പം ഒരുപാട് സിനിമകളില്‍ അമ്മ നായികയായി അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ മകന്റെ നായികയായി അഭിനയിച്ചു. ഇതൊക്കെ കാലം കാത്തുവെച്ച് നല്‍കുന്ന ഗിഫ്റ്റുകളാണ്.

എനിക്ക് ദുല്‍ഖറുമായി ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്. മഹാനടി സിനിമയില്‍ ജെമിനി ഗണേശനായി നൂറുശതമാനവും ദുല്‍ഖര്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്,’ കീര്‍ത്തി സുരേഷ് പറഞ്ഞു.

Content Highlight: Keerthy Suresh Talks About Dulquer Salmaan And Mahanati Movie