കണ്ണൂര്‍:’കഥയുടെ പേജ്’ ത്രൈമാസികയുടെ ആദ്യപതിപ്പ് എഴുത്തുകാരന്‍ എം. മുകുന്ദന്‍ യുവകഥാകൃത്ത് അബിന്‍ ജോസഫിനു നല്‍കി പ്രകാശനം ചെയ്തു. മാഹിയില്‍ മയ്യഴി പുഴയുടെ തീരത്തു വെച്ചായിരുന്നുല പ്രകാശനം.
ചെറുകഥകളാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നതെന്നും പരീക്ഷണങ്ങളും പുതുമകളും കൊണ്ട് ശ്രദ്ധേയമായ സാഹിത്യ ശാഖയാണ് കഥയെന്നും മുകുന്ദന്‍ പറഞ്ഞു.
കൂടുതല്‍ പേര്‍ക്ക് കഥ എഴുതാനും വായിക്കാനുമുള്ള വ്യത്യസ്തമായൊരിടമാണ് ഈ മാഗസിനെ അബിന്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ കഥയായ ‘റോംകാരം ‘ ഈ പതിപ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ യുവ പുരസ്‌കാര്‍ ജേതാവുകൂടിയാണ് അബിന്‍.
ആദ്യമലയാള കഥയായ ‘വാസനാ വികൃതി’യുടെ കര്‍ത്താവായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ജന്മദേശമായ പെരിഞ്ചല്ലൂരില്‍ നിന്നും സാഹിത്യ-സാംസ്‌കാരിക തല്‍പരരുടെ കൂട്ടായ്മയായ ക്രിയേറ്റീവ് സൈക്കിളിന്റെ നേതൃത്വത്തിലാണ് കഥാകൃത്ത് വി.എച്ച്. നിഷാദ് ഹോണററി എഡിറ്ററായിട്ടുള്ള കഥയുടെ പേജ് ത്രൈമാസിക പ്രസിദ്ധീകരിക്കുന്നത്.
കഥകള്‍, കുറുങ്കഥകള്‍, കഥയെഴുത്തിന്റെ പിന്നാമ്പുറക്കഥകള്‍, വായനക്കഥകള്‍ തുടങ്ങിയവയാണ് ‘കഥയുടെ പേജ്’ എന്ന മാഗസിനില്‍ ഉള്ളത്.
പല തലമുറയില്‍പ്പെട്ടവരെ കഥകള്‍ക്കായി ഒരുമിച്ചു ചേര്‍ക്കുകയാണ്.മലയാള കഥയില്‍ വ്യത്യാസമുള്ള ചിലത് ചെയ്യാനുള്ള ശ്രമം കൂടിയാണിത്, കഥയുടെ പേജിനെ പറ്റി വി.എച്ച്. നിഷാദ് പറയുന്നു.
ആദ്യ ലക്കത്തില്‍ ടി.പത്മനാഭന്‍, എം. മുകുന്ദന്‍, സച്ചിദാനന്ദന്‍, കെ.ആര്‍. മീര, പി.കെ.പാറക്കടവ്, ടി.ഡി. രാമകൃഷ്ണന്‍, വി.ആര്‍ സുധീഷ്, ഒ.വി.ഉഷ, അയ്മനം ജോണ്‍, വി.എസ്. അനില്‍കുമാര്‍, ഇ.പി. രാജഗോപാലന്‍, അംബികാസുതന്‍ മാങ്ങാട്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കെ രേഖ, മധുപാല്‍ തുടങ്ങിയ പ്രമുഖരും പുതുതലമുറ എഴുത്തുകാരും കഥകളും കഥാവിശേഷങ്ങളുമായി വരുന്നുണ്ട്.
പുതിയ കഥ, പ്രണയകഥ, ഗ്രാഫിക്-കഥ, മലയോരകഥ, പരീക്ഷണകഥ, പ്രവാസകഥ തുടങ്ങി വ്യത്യസ്ത കഥാ വിഭാഗങ്ങളും ഇ.പി. രാജഗോപാലിന്റെ ‘കഥാസ്ഥലം’, സുനില്‍ സി.ഇയുടെ ‘കഥാപാത്രം’, അജീഷ് ജി ദത്തന്റെ ‘കഥാ ശരീരം’ തുടങ്ങിയ പംക്തികളും കഥയുടെ പേജിനെ വേറിട്ടതാക്കുന്നു.
മാഹിയില്‍ വെച്ചു നടന്ന പ്രകാശന ചടങ്ങില്‍ ‘കഥയുടെ പേജി’ന്റെ ഹോണററി -ലിറ്റററി എഡിറ്റര്‍ വി.എച്ച്. നിഷാദ്, ഡിസൈന്‍ എഡിറ്റര്‍ ജോജു ഗോവിന്ദ്, മര്‍ജാന്‍ കെ മറിയം, ജിജു ഗോവിന്ദന്‍, അബിന്‍ ക്രിസ്റ്റി ടൈറ്റസ് എന്നിവര്‍ പങ്കെടുത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kathayude Page M Mukundan