കാസര്‍ഗോഡ് കോണ്‍ഗ്രസ് നേതാവ് എല്‍.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി
Kerala News
കാസര്‍ഗോഡ് കോണ്‍ഗ്രസ് നേതാവ് എല്‍.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th November 2020, 4:04 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഷാനവാസ് പാദുരാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുന്നത്.

കാസര്‍ഗോഡ് ചെങ്കള ഡിവിഷനിലാണ് ഷാനവാസ് മത്സരിക്കുന്നത്. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് സഖ്യ കക്ഷിയായ ലീഗുമായും പാര്‍ട്ടി നേതൃത്വവുമായും നേരത്തെ ഷാനവാസ് ഇടഞ്ഞിരുന്നു.

ഉദുമ ഡിവിഷനില്‍ നിന്നായിരുന്നു ഷാനവാസ് തെരഞ്ഞെടുക്കപ്പെട്ടത്. ഷാനവാസിന്റെ പിതാവ് പാദൂര്‍ കുഞ്ഞാമുഹാജിയായിരുന്നു കഴിഞ്ഞ പ്രാവശ്യം ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം മരണപ്പെട്ടതോടെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഷാനവാസ് വിജയിക്കുകയായിരുന്നു.

നേരത്തെ ആകെയുള്ള 17 സീറ്റില്‍ യു.ഡി.എഫ് എട്ട് സീറ്റിലായിരുന്നു വിജയിച്ചത്. നാലുപേര്‍ കോണ്‍ഗ്രസില്‍ നിന്നും നാലുപേര്‍ മുസ്ലിം ലീഗില്‍ നിന്നുമായിരുന്നു വിജയിച്ചത്. ഏഴ് സീറ്റ് ഇടതുമുന്നണിയും രണ്ടെണ്ണത്തില്‍ ബി.ജെ.പിയും വിജയിച്ചിരുന്നു.

പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കാനായിരുന്നു കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ് ധാരണ. ഇതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗിന്റെ എ.ജി.സി ബഷീറായിരുന്നു ആദ്യ ടേം പ്രസിഡന്റ് ആയത്. രണ്ടര വര്‍ഷം കഴിഞ്ഞ് ഷാനവാസിന്റെ പിതാവ് പാദൂര്‍ കുഞ്ഞാമുഹാജി പ്രസിഡണ്ട് സ്ഥാനം വഹിക്കാനായിരുന്നു തീരുമാനം.

എന്നാല്‍ അപ്രതീക്ഷിതമായി കുഞ്ഞാമുഹാജി മരിക്കുകയും ഷാനവാസ് മത്സരിച്ച് വിജയിക്കുകയുമായിരുന്നു. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ ലീഗ് തയ്യാറായില്ല. പ്രസിഡണ്ട് സ്ഥാനം രണ്ടര വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസിന് ലഭിക്കാന്‍ ഡി.സി.സി പ്രസിഡണ്ട് താല്‍പ്പര്യമെടുക്കുന്നില്ലെന്ന് ഷാനവാസ് പാദൂര്‍ ആരോപിച്ചിരുന്നു.

പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും പാര്‍ട്ടിക്കു വേണമെങ്കില്‍ ആരെ വേണമെങ്കിലും പ്രസിഡണ്ടാക്കാമെന്നും അന്ന് ഷാനവാസ് പറഞ്ഞിരുന്നു.

നേരത്തെ തന്നെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഷാനവാസ് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഷാനവാസ് എത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Kasargod Congress leader is the LDF’s district panchayat candidate