'കാസര്‍കോട്ടെ മാലിന്യത്തിന് പോലും ജാതിയും മതവുമുണ്ടെന്ന് ഒമ്പതാം തിയ്യതിയാണ് എനിക്ക് മനസിലായത്'; കലക്ടറുടെ പ്രസ്താവന വിവാദമാകുന്നു
Kerala News
'കാസര്‍കോട്ടെ മാലിന്യത്തിന് പോലും ജാതിയും മതവുമുണ്ടെന്ന് ഒമ്പതാം തിയ്യതിയാണ് എനിക്ക് മനസിലായത്'; കലക്ടറുടെ പ്രസ്താവന വിവാദമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2019, 2:42 pm

കാസര്‍കോട് ജില്ലയിലെ മാലിന്യത്തിനുപോലും ജാതിയും മതവുമുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ കുരുങ്ങി ജില്ലാ കലക്ടര്‍ ഡി സജിത് ബാബു. ഈ വാകമരച്ചോട്ടില്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കവെ കലക്ടര്‍ കാസര്‍കോടിനെ മതപരമായി ആധിക്ഷേപിച്ചെന്നാണ് വിമര്‍ശനം.

കാസര്‍കോട് ജില്ലയിലെ മാലിന്യത്തിന് പോലും ജാതിയും മതവും രാഷ്ട്രീയവുമുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചറിവാണ്.
ഇവിടുത്തെ സാമൂഹ്യപരവും മതപരവുമായ പ്രശ്‌നങ്ങളില്‍ വേയ്സ്റ്റിന് പങ്കുണ്ടെന്നുമായിരുന്നു കലക്ടറുടെ പ്രസ്താവന. കാസര്‍കോട് പട്ടിയെയും പന്നിയെയും വളര്‍ത്താന്‍ കഴിയാത്തത് മാലിന്യം പെരുകുന്നതിന് കാരണമാണെന്നും കലക്ടര്‍ പറഞ്ഞിരുന്നു.

 

കലക്ടറിന്റെ വിവാദ പരാമര്‍ശം ഇങ്ങനെ, ‘കാസര്‍കോട് ജില്ലയിലെ മാലിന്യത്തിന് പോലും ജാതിയും മതവും രാഷ്ട്രീയവുമുണ്ടെന്ന് എനിക്ക് ഒമ്പതാം തിയ്യതിയാണ് മനസ്സിലായത്. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചറിവാണ്. ഇത്തരം കാഴ്ചപ്പാടുള്ള സ്ഥലത്തുനിന്നല്ല ഞാന്‍ വരുന്നത്. ഞാന്‍ തിരുവനന്തപുരം നഗരത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ്. ഇവിടെ വന്നപ്പോളാണ് മാലിന്യത്തിന് പോലും മതമുണ്ടെന്ന് മനസ്സിലായത്. എന്റെ സാഹചര്യത്തിന് അനുസരിച്ചാണ് ഞാന്‍ സ്ട്രാറ്റജി ഉണ്ടാക്കുന്നത്. ആ സ്ട്രാറ്റജി ഇവിടെ മാറ്റേണ്ടി വരും. ഇവിടുത്തെ സാമൂഹ്യപരവും മതപരവുമായ പ്രശ്‌നങ്ങളില്‍ മാലിന്യത്തിന് പങ്കുണ്ട്. ഞങ്ങളൊക്കെ വളരെ കുറച്ച് ഭക്ഷണമേ കഴിക്കാറുള്ളൂ. ബാക്കിവന്നാല്‍ വീട്ടിലെ പട്ടിക്ക് കൊടുക്കും. പട്ടിയെ വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ പന്നിക്ക് കൊടുക്കും. ഇവിടെ ആവശ്യത്തിലധികം ഭക്ഷണമുണ്ടാക്കും. ഇവിടെ പട്ടിയെ വളര്‍ത്താന്‍ കഴിയില്ല. ഇവിടെ പന്നിയെയും വളര്‍ത്താന്‍ കഴിയില്ല. അപ്പോള്‍ പിന്നെ ഓപ്ഷന്‍ സര്‍ക്കാറിന്റെ തലയില്‍ ഇടുക എന്നതാണ്. അല്ലെങ്കില്‍ റോഡില്‍ ഇടുക എന്നതാണ്. റോഡില്‍ ഇട്ടാല്‍ സര്‍ക്കാറോ മുനിസിപ്പാലിറ്റിയോ പഞ്ചായത്തോ എടുത്തു കൊള്ളും. ഈ കാഴ്ചപ്പാടാണ് മാറണ്ടത്’.

കലക്ടറുടെ വിവാദ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. കലക്ടര്‍ തലസ്ഥാന നഗരത്തിന്റെയും സ്വകാര്യജീവിതത്തിന്റെയും മഹിമകള്‍ വിശദീകരിച്ച് മുസ്ലീം ഭൂരിപക്ഷമുള്ള ജില്ലയെ അധിക്ഷേപിക്കുകയാണെന്നും ഒരുപാട് തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു സ്ഥലത്തെ വീണ്ടും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണെന്നും വിമര്‍ശനമുണ്ട്.

എന്നാല്‍, സംസാരത്തില്‍ മാലിന്യനിര്‍മാര്‍ജനത്തിന്റെ ആവശ്യകതയാണ് വ്യക്തമാക്കിയതെന്നും മതപരമായോ ജാതീയമായോ അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കലക്ടര്‍ പ്രതികരിച്ചു. തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സജിത് ബാബു അറിയിച്ചു.