കരുവന്നൂര്‍ കള്ളപ്പണ ഇടപാട്; നിക്ഷേപ തുക തിരിച്ച് നല്‍കാമെന്ന് ഇ.ഡി
Kerala News
കരുവന്നൂര്‍ കള്ളപ്പണ ഇടപാട്; നിക്ഷേപ തുക തിരിച്ച് നല്‍കാമെന്ന് ഇ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th April 2024, 1:28 pm

തിരുവനന്തപുരം: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ കണ്ടുകെട്ടിയ വസ്തുവകകളില്‍ നിന്ന് നിക്ഷേപ തുക തിരുച്ച് നല്‍കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തുക അനുവദിക്കണമെന്ന നിക്ഷേപകരുടെ ഹരജിയിലാണ് ഇ.ഡി കോടതിയില്‍ നിലപാട് അറിയിച്ചത്.

കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകനാണ് തുക തിരിച്ച് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി പി.എം.എല്‍.എ കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് ഇ.ഡി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഹരജിക്കാരന്റെ ആവശ്യം പരിഗണിക്കാവുന്നതാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കരുവന്നൂര്‍ തട്ടിപ്പ് വിവാദമായതിന് പിന്നാലെ നിക്ഷേപ തുക തിരിച്ച് ലഭിക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. 50,000ത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും മുമ്പ് അറിയിച്ചിരുന്നു.

എന്നാല്‍ പലരുടെയും നിക്ഷേപ തുക തിരികെ ലഭിച്ചിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂര്‍, ആലത്തൂര്‍ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ കരുവന്നൂര്‍ തട്ടിപ്പ് സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്. ഇതിനിടെയാണ് കേസില്‍ ഇ.ഡിയുടെ പുതിയ ഇടപെടല്‍.

Content Highlight: Karuvannur case; ED said that the deposit amount can be returned