Karipur plane crash
കോ പൈലറ്റ് വിട പറഞ്ഞത് ആദ്യത്തെ കണ്‍മണിയെത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ; ഭാര്യയോട് വിവരം പറയാനാവാതെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 08, 03:37 pm
Saturday, 8th August 2020, 9:07 pm

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹപൈലറ്റ് അഖിലേഷ് ശര്‍മ്മയുടെ കുടുംബത്തിന് ഇത് കണ്ണീരില്‍ കുതിര്‍ന്ന ദിനങ്ങളാണ്. തന്റെ കുഞ്ഞ് പിറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് അഖിലേഷ് മരിച്ചത്.

അഖിലേഷിന്റെ ഭാര്യ മേഘ പൂര്‍ണ ഗര്‍ഭിണിയാണ്. ഡോക്ടര്‍മാര്‍ പറയുന്നതു പ്രകാരം 15 ദിവസത്തിനുള്ളില്‍ ഇവര്‍ കുഞ്ഞിന് ജന്‍മം നല്‍കും. അഖിലേഷ് മരിച്ച കാര്യം ഇവരോട് ഇതുവരെ പറഞ്ഞിട്ടില്ല.

ഉത്തര്‍പ്രദേശിലെ മഥുരയിലെ ഗോവിന്ദ് നഗറിലാണ് അഖിലേഷിന്റെ കുടുംബം താമസിക്കുന്നത്. അഖിലേഷിന് അപകടം പറ്റി ആശുപത്രിയിലാണെന്നാണ് ആദ്യ ഘട്ടത്തില്‍ കുടുംബത്തെ അറിയിച്ചത്. ഇതോടെ സഹോദരനും ബന്ധുവും ദല്‍ഹി വഴി കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പിന്നീടാണ് മരണ വിവരം അറിഞ്ഞത്.

2017 ലാണ് അഖിലേഷ് എയര്‍ ഇന്ത്യയില്‍ ജോയിന്‍ ചെയ്തത്. 2018 ല്‍ മേഘയെ വിവാഹം ചെയ്തു. ആദ്യത്തെ കുഞ്ഞ് പിറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് അഖിലേഷ് വിട പറഞ്ഞത്.

അഖിലേഷ് ശര്‍മ്മ കുടുംബത്തിലെ മൂത്ത മകനാണ്. ഭുവനേശ് ശര്‍മ, ലോകേഷ് ശര്‍മ എന്നീ രണ്ടു ഇളയ സഹോദരങ്ങളാണ് അഖിലേഷിനുളളത്. ഒപ്പം ഒരു മൂത്ത സഹോദരിയുമുണ്ട്.

പിതാവ് തുളസി റാം ശര്‍മ മഥുരയില്‍ വ്യവസായിയാണ്. മഥുരയിലെ അമര്‍നാഥ് കോളേജിലാണ് അഖിലേഷ് പഠിച്ചത്. പിന്നീട് പൈലറ്റാവാനായി മഹാരാഷ്ട്രയിലെ സി.എ.ഇ ഓക്‌സോഫേര്‍ഡ് ഏവിയേഷന്‍ അക്കാദമിയില്‍ ചേര്‍ന്നു.

കരിപ്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനപകടത്തില്‍ പൈലറ്റ് അടക്കം 19 പേരാണ് മരിച്ചത്. 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

ദുബായില്‍ നിന്നും കോഴിക്കോടേയ്ക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.41ഓടെയാണ് അപകടമുണ്ടായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക