വഖഫ് ബോര്‍ഡ്: മുഹമ്മദ് ഷാഫി സഅദിയുടെ നാമനിര്‍ദേശം റദ്ദാക്കിയ നടപടി കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു
national news
വഖഫ് ബോര്‍ഡ്: മുഹമ്മദ് ഷാഫി സഅദിയുടെ നാമനിര്‍ദേശം റദ്ദാക്കിയ നടപടി കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th May 2023, 7:46 pm

ബെംഗളൂരു: ബി.ജെ.പി ഭരണകാലത്ത് നിയമിതരായ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മൗലാന എന്‍.കെ. മുഹമ്മദ് ഷാഫി സഅദിയടക്കമുള്ള നാല് കര്‍ണാടക വഖഫ് ബോര്‍ഡ് അംഗങ്ങളുടെ നാമനിര്‍ദേശം റദ്ദാക്കിയ നടപടി കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു.  കര്‍ണാടക സംസ്ഥാന വഖഫ് ബോര്‍ഡിലെ നാല് അംഗങ്ങളെ നാമനിര്‍ദേശം റദ്ദാക്കിയ തീരുമാനം അടിയന്തിരമായി മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ പിന്‍വലിച്ചിരിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്.

അടുത്തൊരു ഉത്തരവുണ്ടാകുന്നത് വരെ നാല് കര്‍ണാടക വഖഫ് ബോര്‍ഡ് അംഗങ്ങളുടെ നാമനിര്‍ദേശം റദ്ദാക്കി കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കുന്നുവെന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. ഇതോടെ ഷാഫി സഅദി വഖഫ് ബോര്‍ഡ് ചെയര്‍മാനായി തുടരും.

നോമിനേഷന്‍ റദ്ദാക്കിയത് പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷാഫി സഅദി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന വഖഫ് ബോര്‍ഡ് ഒരു സ്വയംഭരണ സ്ഥാപനമാണ്. ഇതില്‍ അംഗങ്ങളുടെ കാലാവധി അഞ്ച് വര്‍ഷമാണ്.

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മൗലാന എന്‍.കെ. മുഹമ്മദ് ഷാഫി സഅദിയടക്കം ബോര്‍ഡ് അംഗങ്ങളായ മിര്‍ അസ്ഹര്‍ ഹുസൈന്‍, ജി. യാക്കൂബ്, ഐ.എ.എസ് ഓഫീസര്‍ സെഹ്‌റ നസീം എന്നിവരുടെ നോമിനേഷനാണ് പുതിയ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നത്. തിങ്കളാഴ്ചയാണ് നാല് പേരുടെ നാമനിര്‍ദേശം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി സഅദി ബി.ജെ.പി നോമിനിയാണെന്നുള്ള ആരോപണം ഉണ്ടായിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാറില്‍ മുസ്ലിങ്ങള്‍ക്ക് ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും നല്‍കണമെന്ന സഅദിയുടെ പ്രസ്താവനകള്‍ വിവാദമായിരുന്നു.

ന്യൂനപക്ഷങ്ങള്‍ അവകാശവാദവുമായി വരുന്നു എന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളും കേരളത്തില്‍ ജനം ടി.വിയടക്കമുള്ള മാധ്യമങ്ങളും ഈ പ്രസ്താവനയെ മുന്‍നിര്‍ത്തി വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചിരുന്നു. 2021 നവംബര്‍ 17നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശാഫി സഅദി വിജയിച്ചത്. വഖഫ് ബോര്‍ഡ് അംഗമായിരിക്കെയാണ് അദ്ദേഹം ചെയര്‍മാന്‍ പദവിയില്‍ എത്തിയത്.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന്റെ, കര്‍ണാടകയിലെ സ്വാധീനമുള്ള നേതാവാണ് ഷാഫി സഅദി. കര്‍ണാടക മുസ്ലിം ജമാഅത് ജനറല്‍ സെക്രട്ടറി കൂടിയായ ഷാഫി സഅദി 2010ലും 2016ലും കര്‍ണാടക എസ്.എസ്.എഫിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

content highlights: KARNATAKA WAKAF BOARD CHAIRMAN SHAFI SAADI BANGLORE RESTORED