ബെംഗളൂരു:പണം കായ്ക്കുന്ന മരം പോലെ ഭാര്യയെ പരിഗണിക്കുന്നത് തെറ്റായ പ്രവണതയെന്ന് കോടതി. കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വിവാഹ ബന്ധം വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട് 44കാരിയായ യുവതി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
യു.എ.ഇയില്‍ ജോലി ചെയ്ത യുവതി സമ്പാദിക്കുന്ന പണം കൊണ്ട് ഭര്‍ത്താവ് ഇന്ത്യയില്‍ ജീവിച്ചു വരികയായിരുന്നു. 1999ലായിരുന്നു ഇരുവരുടേയും വിവാഹം. കുടുംബത്തിന് നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഇവര്‍ ജോലിയ്ക്കായി യു.എ.ഇയിലെത്തുന്നത്. തനിക്ക് ലഭിച്ച ശമ്പളമുപയോഗിച്ച് ഇവര്‍ ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും കടങ്ങള്‍ വീട്ടിയിരുന്നു.
ഭര്‍ത്താവിനായി യു.എ.ഇയില്‍ തന്നെ ചെറിയ സംരംഭം ആരംഭിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും ഹരജിക്കാരി പറയുന്നു. പണത്തിന് വേണ്ടി മാത്രമാണ് ഭര്‍ത്താവ് തന്നെ സമീപിച്ചിരുന്നതെന്നും ഹരജിക്കാരി ആരോപിച്ചു.
ഹരജി പരിഗണിച്ച കോടതി, ഭര്‍ത്താവിന് സ്ത്രീയോട് ഭൗതിക താത്പര്യം മാത്രമാണുണ്ടായിരുന്നതെന്നും , ഭാര്യയെ ലാഭമുണ്ടാക്കാന്‍ കെല്‍പ്പുള്ള വസ്തുവായാണ് 55കാരനായ ഭര്‍ത്താവ് പരിഗണിച്ചിരുന്നതെന്നും നിരീക്ഷിച്ചു.
ഭര്‍ത്താവിന്റെ പ്രവര്‍ത്തികള്‍ സ്ത്രീയെ മാനസികമായി മുറിവേല്‍പ്പിച്ചുവെന്നും ഇത് വിവാഹമോചനത്തിന് അനിവാര്യമായ കാരണമാണെന്നും കോടതി പറഞ്ഞു.
കുടുംബ കോടതി വിവാഹമോചനത്തിന് അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു യുവതി ഹൈക്കോടതിയെ സമീപിച്ചത്. യുവതി ആരോപിച്ചത് പ്രകാരമുള്ള മാനസിക ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു കുടുംബ കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് ആലോക് ആരാധെ അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതിയില്‍ ഹരജി പരിഗണിച്ചത്.