ബെംഗളൂരു: മേയ് പത്തിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കര്‍ണാടക കോണ്‍ഗ്രസ്. 42 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് വന്ന നേതാക്കളെ പരിഗണിച്ചാണ് പുതിയ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം കോലാറില്‍ സിദ്ധരാമയ്യ മത്സരിക്കുമോയെന്ന കാര്യത്തില്‍ ഇത്തവണയും വ്യക്തത വരുത്താന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. സിദ്ധരാമയ്യയുടെ സെക്കന്റ് സീറ്റിനെക്കുറിച്ച് സി.ഇ.സി ചര്‍ച്ചചെയ്തിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ടാം ഘട്ട ലിസ്റ്റ് പ്രകാരം സര്‍വോദയ കര്‍ണാടക പാര്‍ട്ടിക് മേലുകോട്ടൈ മണ്ഡലത്തില്‍ സീറ്റ്
നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. സിദ്ധരാമയ്യയുടെ സിറ്റിങ് സീറ്റായ ബദാമിയില്‍ ഭീഷ്മസെന്‍ ബി. ചിമ്മനക്കാട്ടിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് ലിസ്റ്റിലെ മറ്റൊരു മാറ്റം.
നേരത്തെ കോണ്‍ഗ്രസ് 124 സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു. കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ കനകപുരയില്‍ നിന്നും സിദ്ധരാമയ്യ വരുണയില്‍ നിന്നും മത്സരിക്കുമെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്.
മുന്‍ പി.സി.സി. പ്രസിഡന്റ് ജി. പരമേശ്വരയെ കൊരട്ടഗരെയിലും കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയെ ചിത്തപൂരിലും നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ സിറ്റിങ് എം.എല്‍.എ വെങ്കട്ടരാമനപ്പയെ മാറ്റി പുതുമുഖത്തെ പരീക്ഷിക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്.
ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെയാണ് സിദ്ധരാമയ്യ കോലാറിലും മത്സരിക്കുന്നുണ്ടെന്ന അഭ്യൂഹം ശക്തമാവുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബദാനിക്ക് പുറമെ ചാമുണ്ഡേശ്വരി മണ്ഡലത്തിലും മത്സരിച്ച സിദ്ധരാമയ്യ അവിടെ പരാജയപ്പെട്ടിരുന്നു.
അതിനിടെ ഇത്തവണ കോലാറില്‍ മത്സരിക്കാനുള്ള സിദ്ധരാമയ്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് ബി.ജെ.പി നേതൃത്വം രംഗത്തെത്തി. കഴിഞ്ഞ തവണ ഒരു മണ്ഡലത്തിലാണ് സിദ്ധരാമയ്യ തോറ്റതെങ്കില്‍ ഇത്തവണ രണ്ടിടത്തും അദ്ദേഹത്തെ പരാജയപ്പെടുത്തുമെന്ന് ബി.ജെ.പി നേതാവ് വര്‍തൂര്‍ പ്രകാശ് പറഞ്ഞു.
Content Highlight: karnataka congrress unveil their second lidt candidates