കഴിഞ്ഞ മൂന്ന് വര്‍ഷമായി മലയാളികള്‍ക്ക് സുപരിചിതമായ പേരാണ് കരിക്ക്. ഒപ്പം ലോലനും ജോര്‍ജും എല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. എന്നാല്‍ കരിക്കില്‍ എത്തിച്ചേരാനുള്ള യാത്ര അത്ര സുഖകരമായിരുന്നില്ലെന്ന് പറയുകയാണ് കരിക്കിലെ പ്രധാന താരമായ അനു കെ. അനിയന്‍.
തുടക്കത്തില്‍ ഒരുപാട് പേര്‍ക്ക് ഉത്തരം കൊടുക്കണമായിരുന്നുവെന്നും ഇതെന്താണെന്ന് പലരെയും മനസ്സിലാക്കി കൊടുക്കേണ്ടി വന്നെന്നും തുടക്കത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണ് തങ്ങളെന്നും അനു കെ. അനിയന്‍ പറയുന്നു.
ഇങ്ങനെ പണിയില്ലാതെ നടക്കണോ, യൂട്യൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം കളയണോ എന്നൊക്കെ ചോദിച്ചവരുണ്ട്. ബന്ധുക്കളുടെ അടുത്ത് നിന്നുപോലും വലിയ വിമര്‍ശനമായിരുന്നു. അങ്ങനെ ചോദിച്ചവരുടെയൊക്കെ ചിന്താഗതി തങ്ങള്‍ക്ക് മാറ്റാന്‍ പറ്റിയെന്നും അനു കെ. അനിയന്‍ പറയുന്നു.
‘ഇപ്പോള്‍ അവരൊക്കെ പരിപാടി നന്നാവുന്നുണ്ട്, അടുത്ത വീഡിയോ എന്നാണ് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ശരിക്കും നമ്മുടെ ചിന്താഗതി മാറ്റാതെ നിന്നതുകൊണ്ട് അവരെ നമ്മുടെ രീതിക്ക് കൊണ്ടുവരാന്‍ പറ്റി. ഇപ്പോള്‍ ഒരുപാടാളുകള്‍ മെസേജ് അയക്കുന്നു. കാണുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കുന്നു. അ വരുടെ കൂടെയുള്ള ആളുകളെപ്പോലെ കരുതുന്നു. ഇതൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ക്കും വലിയ സന്തോഷമുണ്ട്., ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അനു കെ അനിയന്‍ പറയുന്നു.
ഞാനൊരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ജനിച്ചു വളര്‍ന്നത്. നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചതും. ആ സമയത്തേ കലോത്സവങ്ങളോടൊക്കെ താത്പര്യമായിരുന്നു. അച്ഛനും അമ്മയും നന്നായി പിന്തുണ തന്നു. എന്നെ മ്യൂസിക്കും നാടകവുമൊക്കെ പഠിപ്പിക്കാന്‍ അമ്മ മുന്നിട്ടിറങ്ങി. എല്ലാ
കാര്യത്തിനും അമ്മ തന്നെയാണ് കൂടെ വന്നതും. ഇതൊക്കെ കണ്ടപ്പോള്‍ നാട്ടിലുള്ള ചിലരൊക്കെ എന്തോ വലിയ അത്ഭുതത്തോടെയാണ് ഞങ്ങളെ നോക്കിയിരുന്നത്.
ഇവനെക്കൊണ്ട് ഇതൊക്കെ നടക്കുമോ എന്നാണ് അവരുടെ നോട്ടത്തിന്റെ അര്‍ത്ഥം. പക്ഷേ അമ്മയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ഇവന്‍ ഇങ്ങനെയൊക്കെ ചെയ്താല്‍ ഗുണം ഉണ്ടാവുമെന്ന്. അമ്മ നല്ല പിന്തുണ തന്നു.
കരിക്കിലേക്ക് വന്നപ്പോള്‍ ഞാന്‍ ജോലി രാജിവെച്ചതാണ്. ഇത് അറിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു. ‘നിന്റെ ഇഷ്ടം അതാണെന്ന് നിനക്ക് ബോധ്യമുണ്ടല്ലോ. അപ്പോള്‍ പിന്നെ അതിനകത്ത് കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ല എന്ന്. വീട്ടില്‍ എന്റെ വരുമാനം അത്രയും ആവശ്യമുള്ള സമയത്താണ് ഞാനാ ജോലി വിടുന്നത്. അങ്ങനെയൊരു അവസ്ഥയില്‍ മറ്റൊരു രക്ഷിതാവും ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ല,’ അനു കെ. അനിയന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക