ടി-20യിലെ സിംഹാസനം അങ്ങ് മാറ്റിവെച്ചേക്ക്...വെറും മൂന്ന് പന്തിൽ ഇവൻ നേടിയത് ലോകറെക്കോഡ്
Cricket
ടി-20യിലെ സിംഹാസനം അങ്ങ് മാറ്റിവെച്ചേക്ക്...വെറും മൂന്ന് പന്തിൽ ഇവൻ നേടിയത് ലോകറെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th March 2024, 4:23 pm

ഹോങ്കോങ്-നേപ്പാള്‍ ടി-20 മത്സരം മഴ മൂലം ഉപേക്ഷിച്ചു. ടിന്‍ ക്വാങ് റോഡ് റീക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ഹോങ്കോങ്ങിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഹോങ്കോങ് ബാറ്റിങ് എട്ട് ഓവറില്‍ 65 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. വീണ്ടും കളി തുടരാന്‍ ഒരു അവസരവും നല്‍കാതെ മഴ തകര്‍ത്തു പെയ്തതോടെ മത്സരം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ മത്സരത്തില്‍ ഒരു ചരിത്രനേട്ടം സ്വന്തമാക്കാന്‍ നേപ്പാള്‍ താരം കരണ്‍ കെ.സിക്ക് സാധിച്ചു. മത്സരം തുടങ്ങി ആദ്യ പന്തില്‍ തന്നെ ഹോങ്കോങ് താരം മാര്‍ട്ടിന്‍ കോട്ട്‌സിയുടെ വിക്കറ്റ് നേടിക്കൊണ്ടാണ് കരണ്‍ ചരിത്രനേട്ടത്തിലേക്ക് നടന്നു കയറിയത്. കരണിന്റെ പന്തില്‍ ഗുല്‍സന്‍ ജാക്ക് ക്യാച്ച് നല്‍കിയാണ് മാര്‍ട്ടിന്‍ പുറത്തായത്.

ഇതിന് പിന്നാലെ ടി-20യില്‍ ഒരു മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ മൂന്ന് തവണ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമെന്ന നേട്ടമാണ് കരണ്‍ സ്വന്തം പേരിലാക്കി മാറ്റിയത്. ഇതിന് മുമ്പ് 2023ല്‍ ഹോങ്കോങ്ങിനെതിരെയും 2022ല്‍ മലേഷ്യക്കെതിരെയുമാണ് താരം ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയത്.

ഗുല്‍സന്‍ ജായും ഒരു വിക്കറ്റ് വീഴ്ത്തി. മത്സരത്തിന്റെ ഏഴാം ഓവറില്‍ ഹോങ്കോങ് സ്‌കോര്‍ 61ല്‍ നില്‍ക്കേയാണ് ഗുല്‍സന്‍ നായകന്‍ നിസാക്കത്ത് ഖാനെ പുറത്താക്കിയത്. മൂന്ന് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ 20 പന്തില്‍ 25 റണ്‍സ് നേടിയ ഹോങ്കോങ് നായകനെ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു ഗുല്‍സന്‍.

അനുഷുമാന്‍ രഥ് 24 പന്തില്‍ പുറത്താവാതെ 36 റണ്‍സ് നേടിയും മൂന്നു പന്തില്‍ മൂന്ന് റണ്‍സുമായി ബാബര്‍ ഹയാത്തും ക്രീസില്‍ നില്‍ക്കുന്ന സമയത്തായിരുന്നു മഴ വില്ലനായി എത്തിയത്.

മാര്‍ച്ച് 12ന് പപ്പുവാന്യൂ ഗ്വിനിയക്കെതിരെയാണ് ഹോങ്കോങ്ങിന്റെ അടുത്ത മത്സരം. ടിന്‍ ക്വാങ് റോഡ് റീക്രിയേഷന്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുക.

Content Highlight: Karan KC create a new record in T20