കോണ്‍ഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരണം, അധ്യക്ഷനെ ഉടന്‍ തെരഞ്ഞെടുക്കണം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ്, പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയവരുടെ രാജിയും വി. എം. സുധീരന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ട്ടിയുടെ നിലവിലെ സ്ഥിതിയില്‍ വളരെയധികം ദുഖിതാനാണെന്നും രാജ്യം കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഓരോരുത്തരായി പാര്‍ട്ടി വിട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടി ഈ നിലയിലെത്തിയതില്‍ ദുഖിതനാണ്. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ പാര്‍ട്ടി ഈ സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണ്. പാര്‍ട്ടി വിട്ട് ഓരോരുത്തരായി പോകുന്നു. വി.എം. സുധീരന്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചു. എന്തു കൊണ്ട് ഈ സ്ഥിതിയെന്ന് അറിയില്ല.
അടിയന്തരമായി പ്രവര്‍ത്തക സമിതി ചേരണം. പാര്‍ട്ടിക്ക് കുറെ നാളായി പ്രസിഡന്റില്ല. കോണ്‍ഗ്രസ് വിട്ടവരെ ഉടന്‍ തിരിച്ചു കൊണ്ടുവരണം. തുറന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വേണം,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് സിബല്‍ അടക്കമുള്ള നേതാക്കള്‍ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇവരുടെയടക്കം അഭിപ്രായമാണ് വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ പങ്കുവെക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.
‘കോണ്‍ഗ്രസിന് അധ്യക്ഷനും തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തക സമിതിയുമാണ് ഉടനടി ഉണ്ടാവേണ്ടത്. നിലവിലുള്ള സ്ഥിതിഗതികള്‍ പാകിസ്ഥാനെ സഹായിക്കുക മാത്രമേ ചെയ്യുകയുള്ളു.
പറയുന്ന കാര്യങ്ങള്‍ അവഗണിച്ച് തള്ളാതെ കേള്‍ക്കാനുള്ള സന്‍മനസ്സ് നേതൃത്വം കാണിക്കണമെന്നും തുറന്ന സംവാദങ്ങള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാകണം,’ അദ്ദേഹം പറഞ്ഞു.
പഞ്ചാബില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും പി.സി.സി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം ഒടുവില്‍ ഇരുവരുടെയും രാജിയിലാണ് അവസാനിച്ചത്.
അടുത്ത വര്‍ഷമാണ് പഞ്ചാബില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നാണ് കപില്‍ സിബല്‍ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നത്.