ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റിലും ഇന്ത്യ നാണംകെട്ട പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്. പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി മോശം പ്രകടനമാണ് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും നടത്തിയത്.
കിവീസിനെതിരായ ആറ് ഇന്നിങ്സുകളില്‍ നിന്ന് 15.50 ശരാശരിയില്‍ 93 റണ്‍സാണ് കോഹ്‌ലി നേടിയത് മറ്റൊരു വശത്ത് ഏഴ് വര്‍ഷത്തെ ഹോം പരമ്പരയിലെ ഏറ്റവും മോശം പ്രകടനമാണ് രോഹിതിനുള്ളത് 15.16 ശരാശരിയില്‍ 91 റണ്‍സാണ് രോഹിത്തിന്. ഇരുവരുടെയും മോശം പ്രകടനം മുന്‍ നിര്‍ത്തി പല മുന്‍ താരങ്ങളും വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. ഓസ്ട്രേലിയയോട് ഏറ്റുമുട്ടുന്നതിന് മുന്നെ, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും നന്നായി പരിശീലിക്കണമെന്നാണ് ഇതിഹാസ താരം കപില്‍ ദേവ് പറയുന്നത്.
കപില്‍ ദേവ് വിരാടിനെക്കുറിച്ചും രോഹിത്തിനെക്കുറിച്ചും പറഞ്ഞത്
‘അവര്‍ ഒരുപാട് പരിശീലിക്കേണ്ടിവരും. മുറിയിലിരിക്കുന്നത് നല്ല കാര്യമല്ല, നടക്കാനും പോകുന്നില്ല. നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍, പുറത്തുപോയി പരിശീലിക്കുക. പരിശീലിക്കുക, പരിശീലിക്കുക, വീണ്ടും പരിശീലിക്കുക. അതാണ് നല്ലത്,’ കപില്‍ ദേവ് ക്രിക്കറ്റ് നെക്സിനോട് പറഞ്ഞു.