മാധ്യമങ്ങളോട് ഒരക്ഷരം മിണ്ടരുതെന്ന് അവര്‍, പക്ഷെ ഞാന്‍ എന്തിന് ഭയക്കണം: കങ്കണ റണാവത്ത്
Movie Day
മാധ്യമങ്ങളോട് ഒരക്ഷരം മിണ്ടരുതെന്ന് അവര്‍, പക്ഷെ ഞാന്‍ എന്തിന് ഭയക്കണം: കങ്കണ റണാവത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th August 2024, 8:40 am

അഭിപ്രായങ്ങള്‍ കൊണ്ടും വിമര്‍ശനങ്ങള്‍ കൊണ്ടും എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന നായികയാണ് കങ്കണ റണാവത്ത്. 2006ല്‍ മഹേഷ് ബട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍ ആണ് കങ്കണയുടെ ആദ്യ സിനിമ.

കങ്കണയുടെ ഏറ്റവും പുതിയ ചിത്രമായ എമര്‍ജന്‍സിയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ തന്റെ പി.ആര്‍ ടീം മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് തന്നെ വിലക്കിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്. എന്നാല്‍ അനുപം ഖേര്‍ തന്നോട് മാധ്യമങ്ങളോട് സംസാരിക്കാന്‍ പറഞ്ഞെന്നും മാധ്യമങ്ങള്‍ തന്റെ സുഹൃത്തുക്കളാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

‘എന്റെ പി.ആര്‍ ടീം മാധ്യമങ്ങളോട് ഒരക്ഷരം മിണ്ടരുതെന്ന് ട്രെയ്‌ലര്‍ ലോഞ്ചിന് വരുന്നതിന് മുന്നേ എന്നോട് പറഞ്ഞു. പക്ഷെ അനുപം ജി നിങ്ങളോടു സംസാരിക്കാന്‍ പറഞ്ഞു. കാരണം മീഡിയ എന്റെ സുഹൃത്തുക്കള്‍ ആണ്. ഞാന്‍ എന്തിനാണ് നിങ്ങളെ ഭയപ്പെടുന്നത്. അതുകൊണ്ട് അവര്‍ എന്നോട് സംസാരിക്കരുതെന്ന് പറഞ്ഞു വിലക്കിയാലും ഞാന്‍ നിങ്ങളോട് സംസാരിക്കും,’ കങ്കണ റണാവത്ത് പറയുന്നു.

സിനിമ ഇന്‍ഡസ്ട്രിയിലുള്ള ചിലര്‍ തന്നെ ബഹിഷ്‌കരിച്ചിരിക്കുകയാണെന്നും അവര്‍ തനിക്കെതിരെ നെഗറ്റീവ് പബ്ലിസിറ്റി നടത്തുകയാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. തന്റെ കരിയര്‍ നശിപ്പിക്കാനും അവര്‍ ശ്രമിക്കുന്നുണ്ടെന്നും പറയുകയാണ് കങ്കണ റണാവത്ത്.

‘എന്റെ കരിയര്‍ നശിച്ചുകാണണം എന്ന് കരുതുന്ന കുറെ ആളുകള്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ തന്നെ ഉണ്ട്. അവരെന്നെ ബോയ്കോട്ട് ചെയ്തിരിക്കുകയാണ്. എനിക്കെതിരെ നെഗറ്റീവ് പബ്ലിസിറ്റിയും അവര്‍ നടത്തുന്നുണ്ട്,’ കങ്കണ റണാവത്ത് പറയുന്നു.

റിതേഷ് ഷായുടെ തിരക്കഥയും കങ്കണ റണാവത്ത് എഴുതിയ കഥയും അടിസ്ഥാനമാക്കി കങ്കണ റണാവത്ത് തന്നെ സംവിധാനം ചെയ്യുകയും സഹനിര്‍മാതാവാകുകയും ചെയ്യുന്ന ചിത്രമാണ് എമര്‍ജന്‍സി. ഇന്ത്യയുടെ അടിയന്തിരാവസ്ഥക്കാലം കാണിക്കുന്ന ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയുടെ വേഷം ചെയ്യുന്നത് മലയാളിയായ വൈശാഖ് നായരാണ്.

Content Highlight: Kangana Ranaut talks about  her P.R team prevent her from talking to the media