മുംബൈ: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അധിക്ഷേപിച്ചുകൊണ്ട് പ്രസ്താവന നടത്തിയ ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ വിമര്‍ശനവുമായി പഞ്ചാബി ഗായികയും ബിഗ്‌ബോസ് താരവുമായ ഹിമാന്‍ഷി ഖുരാന.
‘ദേശവിരുദ്ധരെ’ മുതലെടുക്കാന്‍ കേന്ദ്രം അനുവദിക്കരുതെന്നും മറ്റൊരു ഷഹീന്‍ ബാഗ് കലാപം സൃഷ്ടിക്കാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നുമുള്ള കങ്കണയുടെ പ്രസ്താവനക്കെതിരെയായിരുന്നു ഹിമാന്‍ഷി രംഗത്തെത്തിയത്.
കലാപത്തെക്കുറിച്ച് സംസാരിച്ചും കര്‍ഷകരുടെ പ്രതിഷേധത്തെ ഷഹീന്‍ ബാഗുമായി ഉപമിച്ചും കങ്കണ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹിമാന്‍ഷി ആരോപിച്ചിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ കങ്കണ ഹിമാന്‍ഷിയെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു. എന്നാല്‍ ഇതുകൊണ്ടും പിന്‍മാറാന്‍ ഹിമാന്‍ഷി തയ്യാറായില്ല. കങ്കണ തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചായിരുന്നു ഹിമാന്‍ഷി തിരിച്ചടിച്ചത്. ഹോ…അവളുടെ ഒരു ബ്ലോക്ക്’, എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹിമാന്‍ഷിയുടെ കുറിപ്പ്.
‘ ഇപ്പോള്‍ ഇവളാണല്ലോ വക്താവ്, ഏത് കാര്യവും വളച്ചൊടിച്ച് തെറ്റായ രീതിയില്‍ പറയേണ്ടത് എങ്ങനെയെന്ന് ഇവരെ കണ്ടുവേണം പഠിക്കാന്‍. ഇനി കര്‍ഷകര്‍ എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പേ തന്നെ എന്തുകൊണ്ടാണ് നാട്ടില്‍ കലാപം നടന്നതെന്ന് ഇവര്‍ ജനങ്ങളെ ബോധ്യപ്പെടുത്തും’, ഹിമാന്‍ഷി പറഞ്ഞു.
തുടക്കം മുതല്‍ തന്നെ കര്‍ഷക പ്രക്ഷോഭത്തെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു കങ്കണ രംഗത്തെത്തിയത്. സമരം നടത്തുന്നവര്‍ ദേശവിരുദ്ധരാണെന്നും മറ്റൊരു ഷഹീന്‍ബാഗ് സൃഷ്ടിക്കാനാണ് കര്‍ഷകരുടെ ശ്രമമെന്നും കങ്കണ പറഞ്ഞിരുന്നു.
കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഷഹീന്‍ബാഗ് ദാദി ബില്‍ക്കീസിനെ അടക്കം പരിഹസിച്ച് കങ്കണ പ്രസ്താവന നടത്തിയിരുന്നു. വെറും 100 രൂപ കൊടുത്താല്‍ ഏത് സമരത്തില്‍ വേണമെങ്കിലും പങ്കെടുക്കാന്‍ ഈ ദാദി എത്തുമെന്നും ഭക്ഷണവും വസ്ത്രവും പണവും മാത്രം കൊടുത്താല്‍ മതിയെന്നായിരുന്നു കങ്കണ പറഞ്ഞത്. ഇതിനെതിരെയും ഹിമാന്‍ഷി കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഹിമാന്‍ഷിക്ക് പുറമെ മറ്റ് പഞ്ചാബി താരങ്ങളായ സര്‍ഗുന്‍ മേത്ത, അമ്മി വിര്‍ക്ക്, സുഖെ എന്നിവരും കങ്കണയുടെ നിലപാടിനെ ചോദ്യം ചെയ്തിരുന്നു.
ദാദിയെ അധിക്ഷേപിച്ച സംഭവത്തില്‍ പഞ്ചാബിലെ അഭിഭാഷകന്‍ ഹര്‍കം സിങ് കങ്കണക്ക് ലീഗല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ എന്ത് അഭിപ്രായം പറഞ്ഞാലും അത് ആധികാരികമായിരിക്കണം എന്ന് ഓര്‍മപ്പെടുത്താനാണ് നോട്ടീസ് അയച്ചതെന്ന് ഹര്‍കം സിങ് പറഞ്ഞു.
കര്‍ഷക സമരം പോലൊരു പ്രക്ഷോഭം ആളുകളെ വാടകക്ക് എടുത്താണ് നടത്തുന്നതെന്ന് ഒരു സെലിബ്രിറ്റി പറയുന്നത് അംഗീകരിക്കാനാവില്ല. കങ്കണ മാപ്പ് പറഞ്ഞില്ലെങ്കില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും ഹര്‍കം സിങ് വ്യക്തമാക്കിയിരുന്നു.
തന്നെ കുറിച്ച് ഒന്നും അറിയാതെയാണ് കങ്കണയുടെ പ്രസ്താവനയെന്നും ഈ പ്രായത്തില്‍ പോലും സ്വന്തമായി ജോലി ചെയ്ത് കുടുംബം നോക്കുന്ന ആളാണ് താനെന്നുമായിരുന്നു കങ്കണയ്ക്ക് ബില്‍ക്കിസ് നല്‍കിയ മറുപടി. കങ്കണ പറഞ്ഞപോലെ നൂറ് രൂപ കിട്ടിയിട്ട് തനിക്ക് ഒന്നും ചെയ്യാനില്ലെന്നും ദാദി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക