ഇക്കാര്യത്തില്‍ വില്ലിച്ചായനെ വെല്ലാന്‍ ആരും ഇല്ല...
IPL
ഇക്കാര്യത്തില്‍ വില്ലിച്ചായനെ വെല്ലാന്‍ ആരും ഇല്ല...
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd April 2022, 8:26 pm

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ മികച്ച രീതിയിലാണ് മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്നേറുന്നത്. കളിച്ച ആറ് കളിയില്‍ നിന്നും നാല് ജയവുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ആര്‍.സി.ബി.

മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ആര്‍.സി.ബിയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഏഴാം മത്സരത്തിലെ ടോസും നേടിയതോടെ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്ന്‍ വില്യാസണ്‍ അപൂര്‍വമായ ഒരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.

പുതിയ സീസണിലെ എല്ലാ മത്സരത്തിലും ടോസ് നേടിയ ക്യാപ്റ്റന്‍ എന്ന അപൂര്‍വതയാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്.

നേരത്തെ പഞ്ചാബിനെതിരായ ജയത്തോടെ അത്യപൂര്‍വമായ ഒരു നേട്ടമാണ് ഹൈദരാബാദിനെ തേടിയെത്തിയിരുന്നു. തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ ഏഴോ അതിലധികമോ വിക്കറ്റുകള്‍ക്ക് ജയിക്കുന്ന ടീം എന്ന റെക്കോഡാണ് സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ആദ്യമായാണ് ഒരു ടീം ഈ നേട്ടം സ്വന്തമാക്കിയത്.

രണ്ട് തോല്‍വികള്‍ക്ക് ശേഷമുള്ള നാല് മത്സരവും ഏഴ് വിക്കറ്റ് മാര്‍ജിനിലായിരുന്നു ഹൈദരാബാദ് ജയിച്ചത്.

ഇതില്‍ പഞ്ചാബിനോടും കൊല്‍ക്കത്തയോടും ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനോടും സി.എസ്.കെയോടും എട്ട് വിക്കറ്റിനായിരുന്നു ഓറഞ്ച് ആര്‍മിയുടെ ജയം.

അതേമസമയം, മികച്ച തുടക്കമാണ് ആര്‍.സി.ബിക്കെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സിന് ലഭിച്ചിട്ടുള്ളത്. ആദ്യ അഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ തന്നെ ബെംഗളൂരുവിന്റെ നാല് മുന്‍നിര വിക്കറ്റുകളായിരുന്നു ഹൈദരാബാദ് പിഴുതെറിഞ്ഞത്.

ക്യാപ്റ്റന്‍ ഡു പ്ലസിസ് കേവലം അഞ്ച് റണ്‍സിന് പുറത്തായപ്പോള്‍ ഓപ്പണര്‍ അനുജ് റാവത്തും കോഹ്‌ലി ഡക്കായും മാക്‌സ്‌വെല്‍ 12 റണ്‍സിനും പുറത്താവുകയായിരുന്നു.

Content Highlight: Kane Williamson wins 7th toss in a row