Advertisement
Movie Day
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ കമ്മട്ടിപ്പാടത്തിന് പുരസ്‌കാരം; മികച്ച മുന്നേറ്റം കാഴ്ച വെച്ച് മലയാളം സിനിമകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 17, 06:26 am
Wednesday, 17th May 2017, 11:56 am

ന്യൂയോര്‍ക്ക്: പതിനേഴാമത് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച മുന്നേറ്റവുമായി മലയാള ചിത്രങ്ങള്‍. രാജിവ് രവിയുടെ “കമ്മട്ടിപ്പാട”ത്തിന് രചന നിര്‍വഹിച്ച പി.ബാലചന്ദ്രനാണ് മികച്ച തിരക്കഥാകൃത്ത്.
സെന്‍സര്‍ ബോര്‍ഡ് വിലക്കിനെ തുടര്‍ന്ന് വിവാദമായ അലംകൃത ശ്രീവാസ്തവ ചിത്രം “ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ” ഉള്‍പ്പെടെയുള്ളവരെ പിന്തള്ളിയാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം “കമ്മട്ടിപ്പാടം” നേടിയത്.


Dont Miss രണ്ടുപേര്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് പൊലീസിന് 17കാരിയുടെ കത്ത്


സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത “ഒറ്റയാള്‍ പാത” എന്ന ചിത്രത്തിലെ അഭിനയത്തിന് കെ.കലാധരന്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി

ആദില്‍ ഹുസൈന്‍ (ഹോട്ടല്‍ സാല്‍വേഷന്‍), രാജ്കുമാര്‍ റാവു (ട്രാപ്പ്ഡ്), വിക്രാന്ത് മസേ (എ ഡെത്ത് ഇന്‍ ദി ഗംജ്), ജോയ് സെന്‍ഗുപ്ത (ബിലു-ദി ഡെമോണ്‍ വിത്തിന്‍) എന്നിവരെ പിന്തള്ളിയാണ് കലാധരന്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്.

ആദില്‍ ഹുസൈന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്, സുഭാഷിഷ് ഭൂട്ടിയാനി സംവിധാനം ചെയ്ത മുക്തിഭവന്‍/ ഹോട്ടല്‍ സാല്‍വേഷന്‍ എന്ന ഹിന്ദി ചിത്രത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം.

“എ ഡെത്ത് ഇന്‍ ദി ഗംജ്” സംവിധാനം ചെയ്ത കൊങ്കണ സെന്‍ ശര്‍മ്മയ്ക്കാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരം “ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ” എന്ന ചിത്രത്തിലൂടെ കൊങ്കണ സെന്‍ ശര്‍മ്മ സ്വന്തമാക്കി.

ഇന്തോ-അമേരിക്കന്‍ ആര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവമാണ് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍.