പാവം പാവം രാജകുമാരനിലെ കഥ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം; ആ നടനാണ് സുഹൃത്തിന് സംഭവിച്ച അമളി പറഞ്ഞുതന്നത്: കമല്‍
Film News
പാവം പാവം രാജകുമാരനിലെ കഥ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം; ആ നടനാണ് സുഹൃത്തിന് സംഭവിച്ച അമളി പറഞ്ഞുതന്നത്: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th March 2024, 11:48 am

ശ്രീനിവാസന്‍ നായകനായ സിനിമകളില്‍ ഇന്നും ഏറെ ആരാധകരുള്ള ചിത്രമാണ് പാവം പാവം രാജകുമാരന്‍. ശ്രീനിവാസന്‍ തിരക്കഥയൊരുക്കി കമല്‍ സംവിധാനം ചെയ്ത സിനിമയാണ് ഇത്.

1990ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രീനിവാസന് പുറമെ രേഖ, സിദ്ദിഖ്, ജഗദീഷ്, മണിയന്‍പിള്ള രാജു എന്നിവരും ഒന്നിച്ചിരുന്നു. മലയാളം ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായ ചിത്രത്തില്‍ ജയറാം ഒരു അതിഥി വേഷത്തിലെത്തിയിരുന്നു.

ആ സിനിമയുടെ കഥ യഥാര്‍ത്ഥത്തില്‍ നടന്നതാണെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമക്കായി പല കഥകളും ആലോചിച്ചിരുന്നു. ശ്രീനി പ്രധാനവേഷം ചെയ്യുന്നുവെന്ന രീതിയിലാണ് ഞങ്ങള്‍ കഥ ആലോചിച്ചത്. അതിന് പറ്റുന്ന വിഷയങ്ങളെ പറ്റി ഞങ്ങള്‍ സംസാരിച്ചു. എന്നാല്‍ ഒന്നും ശരിയായില്ല.

അങ്ങനെയാണ് ഒരു ദിവസം ശ്രീനി തന്റെ സുഹൃത്തിനെ കുറിച്ച് പറയുന്നത്. അയാള്‍ക്ക് സംഭവിച്ച അമളിയായിരുന്നു അത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ കുറേനാള്‍ പറഞ്ഞു പറ്റിച്ച പ്രണയകഥയാണ് ശ്രീനി പറഞ്ഞത്.

ആ വ്യക്തി കണ്ട് ഇഷ്ടമായ പെണ്‍കുട്ടിക്ക് ഇയാളെ തിരിച്ചും ഇഷ്ടമാണ് എന്നുപറഞ്ഞ് സുഹൃത്തുക്കള്‍ ലവ് ലെറ്റര്‍ എഴുതുകയായിരുന്നു. അത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണ്. അത് ശ്രീനി പറഞ്ഞതോടെ രസകരമായി തോന്നി.

കൊള്ളാവുന്ന ആശയമാണ് അതെന്ന് ഞാന്‍ പറഞ്ഞതോടെ ശ്രീനി മറ്റൊരു കാര്യം കൂടെ പറഞ്ഞിരുന്നു. ഇതുപോലെ ഒന്ന് എസ്.കെ. പൊറ്റക്കാടിന്റെ കോട്ടുബാക്കി എന്ന ചെറുകഥയിലുണ്ടെന്ന് പറഞ്ഞു. അതുപക്ഷെ ഇങ്ങനെയല്ല.

ആ കഥയില്‍ കൂട്ടുകാര്‍ പറ്റിക്കുമ്പോള്‍ അവസാനം ഒരു കോട്ടൊക്കെയിട്ട് നടക്കുന്നതാണ്. ആ കോട്ട് മാത്രം അയാള്‍ക്ക് ബാക്കിയായതാണ് സംഭവം. ഞാന്‍ ആ കഥ മുമ്പ് വായിച്ചിരുന്നു. അന്ന്

എസ്.കെയുടെ തെരഞ്ഞെടുക്കപെട്ട കഥകളൊക്കെ വാങ്ങി അതൊക്കെ വായിച്ചു നോക്കി. എന്നാല്‍ അതുമായി ഈ കഥക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എങ്കില്‍ പോലും ആ കഥയുമായി നമ്മളുടെ സിനിമക്ക് സാമ്യം വരരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

ഇനിയങ്ങനെ സാമ്യം വന്നാല്‍ എസ്.കെയുടെ കയ്യില്‍ നിന്ന് അതിനുള്ള റൈറ്റ്‌സ് വാങ്ങേണ്ടിവരും. അദ്ദേഹം അപ്പോഴേക്കും മരിച്ചിരുന്നു. എന്നാല്‍ ആ സിനിമ വര്‍ക്ക് ചെയ്ത് വന്നപ്പോഴേക്കും വേറെ ആംഗിളില്‍ കൂടെയാണ് പോയത്,’ കമല്‍ പറഞ്ഞു.


Content Highlight: Kamal Talks About Pavam Pavam Rajakumaran Movie