അമ്പത് ദിവസമായി പണിയില്ലാതെ ഇരിക്കുകയാണ്, ഞാനൊന്ന് ക്യാമറയുടെ മുന്നില്‍ വന്ന് നിന്നോട്ടെ എന്ന് മമ്മൂക്ക എന്നോട് ചോദിച്ചു: കമല്‍
Entertainment
അമ്പത് ദിവസമായി പണിയില്ലാതെ ഇരിക്കുകയാണ്, ഞാനൊന്ന് ക്യാമറയുടെ മുന്നില്‍ വന്ന് നിന്നോട്ടെ എന്ന് മമ്മൂക്ക എന്നോട് ചോദിച്ചു: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd July 2024, 5:18 pm

അമ്മ സംഘടനയും മാക്ടയും തമ്മില്‍ സമരമായി നിന്ന സമയത്ത് കമല്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മഞ്ഞുപോലൊരു പെണ്‍കുട്ടി. 2004ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പുതുമുഖങ്ങളായ അമൃത പ്രകാശും ജയകൃഷ്ണനുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ടീനേജ് കുട്ടികളുടെ കഥ പറഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കിയിരുന്നില്ല.

ആര്‍ട്ടിസ്റ്റുകളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ അമ്മ സംഘടനയിലെ താരങ്ങള്‍ ആരും അഭിനയിക്കില്ല എന്ന തീരുമാനത്തില്‍ നിന്ന സമയത്ത് സിനിമ ചെയ്തത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് കമല്‍ പറഞ്ഞു. എറണാകുളത്തെ സ്‌കൈലൈന്‍ ഫ്‌ളാറ്റിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടെന്നും ആ ഫ്‌ളാറ്റിന്റെയടുത്തായിരുന്നു മമ്മൂട്ടിയുടെ വീടെന്നും കമല്‍ പറഞ്ഞു.

ഷൂട്ട് തുടങ്ങുന്നതിന് മമ്മൂട്ടിയെ ചെന്ന് കണ്ടിരുന്നുവെന്നും സമരത്തിന്റെ സമയത്ത് സിനിമയെടുത്തതിന് മമ്മൂട്ടി തന്നോട് ദേഷ്യപ്പെടുമെന്ന് കരുതിയെന്നും കമല്‍ പറഞ്ഞു. എന്നാല്‍ തന്നെ ഞെട്ടിച്ചുകൊണ്ട് മമ്മൂട്ടി സ്‌നേഹത്തോടെ പെരുമാറിയെന്നും കമല്‍ പറഞ്ഞു. ഒരുപാട് ദിവസമായി ക്യാമറക്ക് മുന്നില്‍ നില്‍ക്കാത്തുകൊണ്ട് താന്‍ ക്യാമറയുടെ മുന്നില്‍ വന്ന് നിന്നോട്ടെ എന്ന് മമ്മൂട്ടി ചോദിച്ചുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

‘അമ്മ അസോസിയേഷനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ പ്രശ്‌നം നടക്കുന്നത് കൊണ്ട് അന്നത്തെ വലിയ താരങ്ങള്‍ എല്ലാവരും സമരത്തിലായിരുന്നു. ടെക്‌നീഷ്യന്‍സിന്റെ സംഘടനയായ മാക്ട പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കൂടെയായിരുന്നു. ആ സമയത്താണ് ഞാന്‍ മഞ്ഞുപോലൊരു പെണ്‍കുട്ടി സംവിധാനം ചെയ്തത്.

ആദ്യം വിചാരിച്ച ആര്‍ട്ടിസ്റ്റുകള്‍ സമരമായതുകൊണ്ട് ഒരു സിനിമയോടും സഹകരിക്കില്ലെന്ന് പറഞ്ഞിരുന്നു. ആ സിനിമയുടെ ഷൂട്ട് നടന്നത് പനമ്പള്ളി നഗറിലെ സ്‌കൈലൈന്‍ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു. ആ ഫ്‌ളാറ്റിന്റെ അടുത്തായിരുന്നു മമ്മൂക്കയുടെ വീട്.

ഷൂട്ട് തുടങ്ങുന്നതിന് മുന്നേ മമ്മൂക്കയെ പോയി കാണാമെന്ന് ക്യാമറാമാന്‍ സുകുമാര്‍ എന്നോട് പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങള്‍ മമ്മൂക്കയെ കാണാന്‍ പോയി. സമരത്തിന്റെ സമയത്ത് സിനിമയെടുത്തതിന് പുള്ളി എന്നോട് ചൂടാകുമെന്ന് വിചാരിച്ചു. പക്ഷേ പുള്ളി പറഞ്ഞ കാര്യം കേട്ട് ഞാന്‍ ഞെട്ടിപ്പോയി.

’50 ദിവസമായിട്ട് പണിയൊന്നും ഇല്ലാതെ ഇരിക്കുകയാണ്. ഞാന്‍ ആ ക്യാമറയുടെ മുന്നില്‍ വന്ന് നിന്നോട്ടെ. താന്‍ ചുമ്മാ ആക്ഷനും കട്ടും പറഞ്ഞാല്‍ മതി. ക്യാമറ കാണാന്‍ കൊതിയായിട്ടാണ്,’ എന്നാണ് മമ്മൂക്ക പറഞ്ഞത്. പുള്ളിക്ക് അഭിനയത്തോട് അത്ര ആര്‍ത്തിയാണെന്ന് അന്ന് മനസിലായി,’ കമല്‍ പറഞ്ഞു.

Content Highlight: Kamal shares the experience with Mammootty during Manjupoloru Penkutty movie