ചെന്നൈ: കേരളത്തില്‍ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ചെന്നൈയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഏഷ്യാനെറ്റ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മൂപ്പര് തന്നെ വിജയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. നല്ല ഭരണമാണ് അദ്ദേഹത്തിന്റെത്. എന്തായാലും അത് സാധിക്കട്ടെ,’ കമല്‍ പറഞ്ഞു.
വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സിരിക്കാനുള്ള ഒരുക്കത്തിലാണ് കമല്‍ഹാസന്‍. എന്നാല്‍ താന്‍ മത്സരിക്കുമെന്നും സീറ്റ് ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ദ്രാവിഡ പാര്‍ട്ടികളുമായി ആയിരിക്കില്ല താന്‍ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുകയെന്നും കമല്‍ പറഞ്ഞു.
കമല്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ഒരു മണ്ഡലവും കോയമ്പത്തൂര്‍, മധുര ജില്ലകളിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം. ചെന്നൈയില്‍ മൈലാപൂര്‍, വേളാച്ചേരി എന്നീ മണ്ഡലങ്ങളാണ് കമലിന് വേണ്ടി പരിഗണിക്കുന്നതെന്നാണ് സൂചനകള്‍.
രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന് വ്യക്തമാക്കിയതാണെന്നും കമല്‍ പറഞ്ഞു. താന്‍ ഒരു സുഹൃത്തെന്ന നിലയിലാണ് കാണാന്‍ പോയതെന്നും കമല്‍ പറഞ്ഞു. രജനീകാന്തിന്റെ പിന്തുണ തേടിയിരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ കൊവിഡ് പിടിപെട്ടതിന് പിന്നാലെയുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് രാഷ്ട്രീയ പ്രവേശനം നടത്തുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക