Entertainment
ആ സിനിമ പരാജയപ്പെട്ടതുകൊണ്ട് മമ്മൂട്ടിയെവെച്ച് സിനിമ ചെയ്ത് ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍ രാപ്പകല്‍ നിര്‍മിച്ചത്: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 17, 09:44 am
Monday, 17th June 2024, 3:14 pm

മലയാളികള്‍ക്ക് ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് കമല്‍. മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത് 2005ല്‍ റിലീസായ ചിത്രമാണ് രാപ്പകല്‍. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായി മാറാനും രാപ്പകലിന് സാധിച്ചു.

രാപ്പകലിന് മുമ്പ് താന്‍ സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെണ്‍കുട്ടി പ്രതീക്ഷിച്ച വിജയമായില്ലെന്നും ആ സിനമയുടെ സെറ്റില്‍ വെച്ച് ആന്റോ ജോസഫ് വഴിയാണ് രാപ്പകലിന്റെ കഥ റസാഖ് മമ്മൂട്ടിയോട് പറഞ്ഞുവെന്നും മമ്മൂട്ടി തന്നെ ആ സിനിമയിലേക്ക് നിര്‍ദേശിച്ചതെന്നും കമല്‍ പറഞ്ഞു.

മഞ്ഞു പോലൊരു പെണ്‍കുട്ടിയുടെ നിര്‍മാതാവായ ഹൗളി പോട്ടൂരിനും രാപ്പകലിന്റെ കഥ ഇഷ്ടമായെന്നും ആ സിനിമ വിതരണം ചെയ്ത സ്വര്‍ഗചിത്ര അപ്പച്ചനും നഷ്ടം നികത്താന്‍ വേണ്ടി രാപ്പകലിന്റെ നിര്‍മാണത്തില്‍ പങ്കാളിയായെന്നും കമല്‍ പറഞ്ഞു.

വളരെ പെട്ടെന്ന് തന്നെ ഷൂട്ടിങ് തുടങ്ങുകയും താന്‍ സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും എന്‍ജോയ് ചെയ്ത ലൊക്കേഷന്‍ രാപ്പകലിന്റെതാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

‘മഞ്ഞുപോലൊരു പെണ്‍കുട്ടി സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ആ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്റോ ജോസഫ് എന്നോട് ഒരു കാര്യം പറഞ്ഞു. മമ്മൂട്ടിയുടെ അടുത്ത് ടി.എ റസാഖ് ഒരു കഥ പറഞ്ഞു. പുള്ളിക്ക് ആ കഥ ഇഷ്ടപ്പെട്ടപ്പോള്‍ ഇത് കമലിനെ വെച്ച് ചെയ്യിക്കാന്‍ പറഞ്ഞു എന്ന് ആന്റോ എന്നോട് പറഞ്ഞു.

മഞ്ഞുപോലൊരു പെണ്‍കുട്ടിയുടെ പ്രൊഡ്യൂസര്‍ ഹൗളി പോട്ടൂര്‍ ആ സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞു. മഞ്ഞുപോലൊരു പെണ്‍കുട്ടിയുടെ ഷൂട്ട് കഴിഞ്ഞ് പടം റിലീസായി.പക്ഷേ പ്രതീക്ഷിച്ചതുപോലൊരു വിജയം സിനിമക്ക് ലഭിച്ചില്ല. കുറച്ചധികം ബജറ്റ് വന്ന സിനിമയായിരുന്നു മഞ്ഞുപോലൊരു പെണ്‍കുട്ടി.

ആ സിനിമ വിതരണം ചെയ്തത് സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു. പുള്ളിക്കും കുറച്ച് നഷ്ടം ആ സിനിമ കാരണം ഉണ്ടായി. ആ സമയത്ത് ഹൗളി പോട്ടൂരും അപ്പച്ചനും തമ്മില്‍ കണ്ടപ്പോള്‍ രാപ്പകലിനെപ്പറ്റി സംസാരിച്ചു. കഥ ഇഷ്ടമായതുകൊണ്ട് അപ്പച്ചനും നിര്‍മാണത്തില്‍ പങ്കാളിയാകാമെന്ന് സമ്മതിച്ചു. അങ്ങനെയാണ് രാപ്പകല്‍ സിനിമ ഉണ്ടാകുന്നത്. എന്റെ കരിയറില്‍ ഞാന്‍ ഏറ്റവുമധികം എന്‍ജോയ് ചെയ്ത ലൊക്കേഷന്‍ രാപ്പകലിന്റെതായിരുന്നു,’ കമല്‍ പറഞ്ഞു.

Content Highlight: Kamal about how he became the part of Rappakal movie