കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് കമൽ. കമലിന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉള്ളടക്കം. മോഹൻലാലിന് മികച്ച നടനും കമലിന് മികച്ച സംവിധായകനുമുള്ള സംസ്ഥാന അവാർഡ് നേടി കൊടുത്ത ചിത്രമാണ് ഉള്ളടക്കം. ഒരു മെന്റൽ ഹോസ്‌പിറ്റലിനെ ചുറ്റിപറ്റി കഥ നടക്കുന്ന ചിത്രത്തിൽ മോഹൻലാലിന് പുറമേ വമ്പൻ താരനിര അണിനിരന്നിരുന്നു.
ചിത്രത്തിലെ പാട്ടുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു കമൽ. ഉള്ളടക്കത്തിൽ മൂന്ന് പാട്ടുകൾ ഉണ്ടെന്നും അതിൽ രണ്ടെണ്ണം യേശുദാസ് പാടിയതാണെന്നും കമൽ പറഞ്ഞു. സിനിമയിലെ ‘പാതിരാമഴ ഏതോ’ എന്ന പാട്ടാണ് തന്റെ സിനിമാ ജീവിതത്തിൽ തനിക്ക് ഇഷ്ടപെട്ട സോങ്ങെന്നും കമൽ കൂട്ടിച്ചേർത്തു. വിദ്യാസാഗർ ആ പടത്തിലാണ് ഔസേപ്പച്ചന്റെ അസിസ്റ്റന്റ് ആയിട്ട് വരുന്നതെന്നും കമൽ അഭിമുഖത്തിൽ പറയുന്നുണ്ട്. താൻ വിദ്യാസാഗറിനെ നോട്ട് ചെയ്യുന്നത് ഉള്ളടക്കം സിനിമയിൽ ഔസേപ്പച്ചന്റെ കൂടെ വർക്ക് ചെയ്യുമ്പോഴാണെന്നും കമൽ കൗമുദി മൂവിസിനോട് പറഞ്ഞു.
‘സിനിമയിൽ മൂന്ന് പാട്ടുകളുണ്ട്. രണ്ടെണ്ണം ദാസേട്ടൻ പാടുന്നതാണ്. ഒന്ന് ‘അന്തിവെയിൽ പൊന്നുതിരും’ എന്നുള്ള പാട്ട്. അത് കമ്പോസ് ചെയ്തു. അത് പിയാനോ വായിച്ച് മോഹൻലാൽ പാടുന്ന ഒരു ഗാനമാണത്.
രണ്ടാമത്തെ പാട്ട് ‘പാതിരാമഴ ഏതോ’ എന്നതാണ്. എന്റെ സിനിമാ ജീവിതത്തിൽ എനിക്കിഷ്ടപ്പെട്ട പാട്ടുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗാനം ആയിട്ട് ഞാൻ പറയുന്ന ഒരു പാട്ടാണ് ‘പാതിരാമഴ ഏതോ.
വിദ്യാസാഗർ ആ പടത്തിലാണ് ഔസേപ്പച്ചന്റെ അസിസ്റ്റന്റ് ആയിട്ട് വരുന്നത്. വിദ്യാസാഗർ റെക്കോർഡിങ് സമയത്ത് കമ്പ്ലീറ്റ് കൂടെ ഉണ്ടായിരുന്നു. വളരെ ചുറുചുറുക്കോട് കൂടി എല്ലാ ഇൻസ്ട്രുമെന്റ്സും കൈകാര്യം ചെയ്യുന്നു. എത്ര ഫാസ്റ്റ് ആയിട്ടാണ് കാര്യങ്ങൾ നോട്ട് ചെയ്യുന്നത്. ഞാൻ വിദ്യാസാഗറിനെ നോട്ട് ചെയ്യുന്നത് ഉള്ളടക്കം സിനിമയിൽ ഔസേപ്പച്ചന്റെ കൂടെ വർക്ക് ചെയ്യുമ്പോഴാണ്. പിന്നെ വിദ്യാസാഗർ എന്റെ സിനിമയിലെ സ്ഥിരം മ്യൂസിക് ഡയറക്ടറായ ഒരു കാലമുണ്ടായി,’ കമൽ പറഞ്ഞു.