Kerala News
കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വിവാദ പരസ്യം പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 22, 06:00 pm
Sunday, 22nd July 2018, 11:30 pm

കൊച്ചി: അമിതാഭ് ബച്ചനും മകളും അഭിനയിച്ച കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ടി.വി പരസ്യം പിന്‍വലിച്ചു. ബാങ്ക് ജീവനക്കാരെ അവഹേളിക്കുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്‍വലിച്ചത്. പരസ്യം വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എല്ലാ മാധ്യമങ്ങളില്‍ നിന്നും പരസ്യം പിന്‍വലിക്കുകയാണെന്നും കല്ല്യാണ്‍ ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്ല്യാണ രാമന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സങ്കല്‍പ്പ കഥയെ ആധാരമാക്കിയാണ് പരസ്യം. ബാങ്ക് ജീവനക്കാര്‍ പരസ്യത്തില്‍ കാണിക്കുന്നത് പോലെയല്ലെന്നും സമൂഹത്തിനും രാജ്യത്തിനും ബാങ്കിങ് മേഖല നല്‍കുന്ന സേവനത്തെ വിലമതിക്കുന്നുവെന്നും കല്ല്യാണിന്റെ പ്രസ്താവനയില്‍ പറയുന്നു.

 

ബാങ്കില്‍ എത്തുന്ന വൃദ്ധനോട് മര്യാദയില്ലാതെ ക്രൂരമായി ബാങ്ക് ജീവനക്കാര്‍ പെരുമാറുന്ന തരത്തിലാണ് പരസ്യം ചിത്രീകരിച്ചിട്ടുള്ളത്. പരസ്യത്തിലെ ഉള്ളടക്കം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും ബാങ്ക് ജീവനക്കാര്‍ക്ക് അപമാനമുണ്ടാക്കുന്നതുമാണെന്ന് ബാങ്ക് ജീവനക്കാര്‍ ആരോപിച്ചിരുന്നു.

മലയാളത്തില്‍ ചിത്രീകരിച്ച പരസ്യത്തില്‍ അമിതാഭ് ബച്ചനൊപ്പം മഞ്ജുവാര്യരാണ് അഭിനയിച്ചിരിക്കുന്നത്. ഹിന്ദിയിലാണ് ബച്ചന്‍ മകള്‍ക്കൊപ്പം അഭിനയിച്ചത്.

നോട്ട് നിരോധന സമയത്ത് ബാങ്ക് ജീവനക്കാര്‍ എങ്ങനെയാണ് ജോലി ചെയ്തിരുന്നത് എന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്. രാജ്യത്തെ പ്രധാനമന്ത്രിപോലും ഇതില്‍ ബാങ്ക് ജീവനക്കാരെ അംഗീകരിച്ചിരുന്നെന്ന് ബാങ്ക് സംഘടനയായ എ.കെ.ബി.ഇ.എഫ് പറഞ്ഞിരുന്നു.