ജോര്‍ജ് കിത്തു സംവിധാനം ചെയ്ത കര്‍പ്പൂരദീപം എന്ന ചിത്രം സുരേഷ് ഗോപി കാരണം മുടങ്ങിപ്പോയ അനുഭവമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസ് മാധ്യമത്തിലെഴുതിയ ആത്മകഥാ പരമ്പരയില്‍ ഈലക്കത്തില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ പ്രവൃത്തി കാരണം ചലച്ചിത്ര സംഘടനയായ മാക്ട തുടങ്ങിയതിനെക്കുറിച്ചും കലൂര്‍ ഡെന്നീസ് പറയുന്നു.
‘ഏകലവ്യന്‍ സിനിമയുടെ നൂറാം ദിവസ ആഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് കര്‍പ്പൂരദീപത്തിന്റെ എറണാകുളത്തെ ലൊക്കേഷനില്‍ സുരേഷ് ഗോപി എത്തിയത്. വന്നപാടെ സുരേഷ് സംവിധായകനോട് ആദ്യം ആവശ്യപ്പെട്ടത് സ്‌ക്രിപ്റ്റ് വായിക്കണമെന്നല്ല. അതിലെ 46ാമത്തെ സീന്‍ കൊണ്ടുവരാനാണ്. ആ സീന്‍ മാത്രം വായിക്കണമെന്ന് സുരേഷ് പറയുന്നതില്‍ എന്തോ ദുരൂഹത ഉണ്ടെന്ന് കിത്തുവിന് തോന്നി.
കിത്തു ആ സീന്‍ വായിക്കാന്‍ കൊടുത്തു. ഉര്‍വശിയുടെ കഥാപാത്രം കളം നിറഞ്ഞാടുന്ന സീനായിരുന്നു അത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ തനിക്കിപ്പോള്‍ കിട്ടിയിരിക്കുന്ന ഇമേജിനെ വല്ലാതെ ബാധിക്കുമെന്നും നായകന് പ്രാധാന്യമുള്ള വിധത്തില്‍ തിരക്കഥ മാറ്റിയെഴുതിയാല്‍ അഭിനയിക്കാമെന്നുമാണ് സുരേഷ് പറയുന്നതെന്ന് കിത്തു എന്നെ വിളിച്ച് പറഞ്ഞു.
അങ്ങനെയൊന്നും മാറ്റിയെഴുതാന്‍ പറ്റില്ലെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. പിന്നെ പുരുഷമോധാവിത്വമുള്ള സിനിമയാക്കണമെന്ന് പറഞ്ഞതിന്റെ സാംഗത്യം ഞങ്ങള്‍ക്കും മനസ്സിലായില്ല,’ കലൂര്‍ ഡെന്നീസ് പറഞ്ഞു.
തിരക്കഥ മാറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ഏഴ് ദിവസം ഷൂട്ട് ചെയ്ത കര്‍പ്പൂരദീപത്തില്‍ അഭിനയിക്കാതെ സുരേഷ് ഗോപി പോയെന്നും ഈ സംഭവത്തോടെ തിരക്കഥാകൃത്തുക്കളുടെ ഒരു സംഘടന തുടങ്ങാമെന്ന് തീരുമാനിച്ചുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. തിരക്കഥാകൃത്തുക്കള്‍ മാത്രമല്ല സംവിധായകരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ജോഷി പറഞ്ഞതനുസരിച്ച് അങ്ങനെ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെയാണ് മാക്ട എന്ന സംഘടനയുണ്ടായതെന്ന് കലൂര്‍ ഡെന്നീസ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക