പ്രൊമോഷന് സഹകരിക്കാതെ ബിജുക്കുട്ടന്‍; ആര്‍ട്ടിസ്റ്റുകളുണ്ടെങ്കിലേ വരികയുള്ളുവെന്ന് ചാനലുകളും: വിമര്‍ശനവുമായി സംവിധായകന്‍
Film News
പ്രൊമോഷന് സഹകരിക്കാതെ ബിജുക്കുട്ടന്‍; ആര്‍ട്ടിസ്റ്റുകളുണ്ടെങ്കിലേ വരികയുള്ളുവെന്ന് ചാനലുകളും: വിമര്‍ശനവുമായി സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd January 2024, 11:13 pm

ബിജുക്കുട്ടനെ നായകനാക്കി വരുന്ന ഏറ്റവും പുതിയ ചിത്രമാണ് കള്ളന്മാരുടെ വീട്. ഹുസൈന്‍ അറോണിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഹുസൈന്‍ അറോണി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ബിജുക്കുട്ടനെ കൂടാതെ നസീര്‍ സംക്രാന്തി, ഉല്ലാസ് പന്തളം, ബിനീഷ് ബാസ്റ്റിന്‍, ശ്രീകുമാര്‍ തുടങ്ങിയവരും ഒരുപാട് പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇപ്പോള്‍ ആ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നടന്‍ ബിജുക്കുട്ടന്‍ സഹകരിക്കുന്നില്ലെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ഹുസൈന്‍ അറോണി. ചിത്രത്തിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

‘ഈ സിനിമയുടെ ഏറ്റവും വലിയ കഥാപാത്രമായി നമ്മള്‍ കാണുന്നത് ബിജുക്കുട്ടനെയാണ്. എല്ലാവരും ചോദിക്കും, ഇത്രയും പേര്‍ അഭിനയിച്ചു. മുപ്പത്തിയഞ്ചു പേര്‍ക്ക് അവസരം കൊടുത്തു, എന്തുകൊണ്ടാണ് അവര്‍ പ്രൊമോഷന് വേണ്ടി വരാത്തത് എന്ന്. പോസ്റ്ററില്‍ അവരുടെ ഫോട്ടോയൊക്കെ കാണാം. പക്ഷേ പ്രൊമോഷന് അവരെ കാണാന്‍ ഇല്ല.

നമ്മള്‍ ഇതിന് വേണ്ടി അവരെ വിളിച്ചതാണ്. എന്നാല്‍ അവര്‍ സഹകരിക്കുന്നില്ല. ഇങ്ങനെ സഹകരിക്കാതെ വരുമ്പോള്‍ നമ്മളെ പോലെയുള്ള പുതിയ സിനിമാക്കാര്‍ ഭയന്ന് പിന്നിലേക്ക് നില്‍ക്കും. കാരണം ഷൂട്ടിന്റെ സമയത്ത് പറയുന്നത്, ഷൂട്ട് കഴിഞ്ഞാല്‍ പ്രൊമോഷന്റെ കാര്യങ്ങള്‍ക്ക് വിളിച്ചോളൂ. എപ്പോള്‍ വിളിച്ചാലും ഞങ്ങള്‍ വരാന്‍ തയ്യാറാണെന്നാണ്. എന്നാല്‍ ഒരു രണ്ടു ദിവസം മുമ്പ് വിളിച്ച് പറയണം എന്നും പറയും.

നമ്മള്‍ രണ്ടു ദിവസമല്ല രണ്ടു മാസം മുമ്പ് വിളിച്ചു പറഞ്ഞാലും അവര്‍ സഹകരിക്കില്ല. സഹകരിക്കാം എന്ന് പറയുന്നവര്‍ പോലും ഇപ്പോള്‍ സഹകരിക്കുന്നില്ല. ഇവിടെ ഇരിക്കുന്ന ഞങ്ങളുടെ മുഖത്ത് ചിലപ്പോള്‍ സന്തോഷം കാണാന്‍ കഴിയില്ല. ഇതിന്റെ ഫണ്ട് കണ്ടെത്തിയത് വളരെ ബുദ്ധിമുട്ടിയാണ്. ഇതിന്റെ ഫണ്ട് കണ്ടെത്തിയിട്ടും മര്യാദക്ക് പ്രൊമോഷന്‍ ഇല്ലാതെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വരുന്നതിന്റെ പ്രയാസം ഞങ്ങള്‍ക്ക് ഉണ്ട്.

സിനിമയെ കുറിച്ച് പേടിയില്ല. ഒരുപക്ഷെ പ്രൊമോഷന്‍ കൊടുത്തില്ലെങ്കില്‍ പോലും ചിലപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്താല്‍ അത് ഹിറ്റാകും. എന്നാല്‍ അതിന് ചാനലുകാര്‍ കൂടെ നില്‍ക്കണം. അവരെ വിളിക്കുമ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അവര്‍ വരികയുള്ളു എന്നാണ് പറയുന്നത്. അതും ഞങ്ങളെ കൂടുതല്‍ വിഷമിപ്പിക്കുന്നു. ചാനലിന്റെ റീച്ച് ആണ് അവര്‍ നോക്കുന്നത്,’ ഹുസൈന്‍ അറോണി പറഞ്ഞു.


Content Highlight:  kallanmarude veedu movie director hussain aroni made serious allegations against actor biju kuttan