നെറ്റ്ഫ്ളിക്സിന് വേണ്ടി സുധാ കൊങ്കാര, വിഗ്നേഷ് ശിവന്‍, ഗൗതം മേനോന്‍, വെട്രി മാരന്‍ എന്നിവര്‍ സംവിധാനം ചെയ്ത പാവ കഥൈകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുധാ കൊങ്കാരയുടെ തങ്കം എന്ന കഥയില്‍ സത്താര്‍ എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ച നടന്‍ കാളിദാസ് ജയറാമിനും ആശംസകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. പാവ കഥൈകളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാളിദാസ്.
പാവ കഥൈകളുടെ ലൊക്കേഷന്‍ തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് തുറന്നുപറയുകയാണ് കാളിദാസ്. സിനിമയുടെ ഷൂട്ടിങ്ങ് നടന്നത് ജയറാം മഴവില്‍ക്കാവടി എന്ന സിനിമ ചെയ്ത അതേ ലൊക്കേഷനിലായിരുന്നുവെന്നും അതേ ലോഡ്ജില്‍ തന്നെയായിരുന്നു താന്‍ താമസിച്ചതെന്നും കാളിദാസ് പറയുന്നു. അതുകൊണ്ട് ഷൂട്ടിങ്ങ് നന്നായി ആസ്വദിച്ചുവെന്നും ഒരു സീനും അഭിനയിക്കാന്‍ പ്രത്യേകിച്ച് ബുദ്ധിമുട്ട് തോന്നിയില്ലെന്നും നടന്‍ പറഞ്ഞു.
പത്ത് ദിവസത്തേക്ക് ചാര്‍ട്ട് ചെയ്ത ചിത്രീകരണം എട്ടു ദിവസം കൊണ്ട് പൂര്‍ത്തിയായെന്നും കാളിദാസ് പറയുന്നു. സത്താര്‍ എന്ന കഥാപാത്രമായി അഭിനയിക്കാനല്ല ബുദ്ധിമുട്ട് തോന്നിയതെന്നും ഉള്‍ക്കൊള്ളാനാണ് ബുദ്ധിമുട്ടുണ്ടായതെന്നും അഭിമുഖത്തില്‍ നടന്‍ കൂട്ടിച്ചേര്‍ത്തു.
പാവ കഥൈകളുമായി ബന്ധപ്പെട്ട മറ്റ് വിശേഷങ്ങളും കാളിദാസ് അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയൊന്നും വേണ്ടെന്നും ഇനി അഭിനയമില്ലെന്നും തീരുമാനിച്ച് ലൊസാഞ്ചലസില്‍ എത്തിയ സമയത്താണ് സുധ കൊങ്കാരയുടെ ഫോണ്‍ കോള്‍ വന്നതെന്ന് കാളിദാസ് പറയുന്നു.
സിനിമ വേണ്ടെന്ന് വെച്ചിരിക്കുകയാണങ്കെിലും കഥ കേള്‍ക്കാമെന്ന് വാക്കു കൊടുക്കുകയായിരുന്നുവെന്നും പിന്നീട് കഥ കേട്ടപ്പോള്‍ പാവ കഥൈകള്‍ ചെയ്യണമെന്ന് തോന്നിയെന്നും കാളിദാസ് പറയുന്നു.