കോഴിക്കോട്: കൈതപ്പൊയിലില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികരായ യുവതീ യുവാക്കള്‍ക്കെതിരെ ആക്രമണവുമായി സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍. മരിച്ചവര്‍ വ്യത്യസ്ത മതസ്ഥരായത് ഉയര്‍ത്തിക്കാട്ടിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം.
കോഴിക്കോട് പൂവാട്ടുപറമ്പ് വടക്കേ മംഗലക്കാട്ട് ഹസ്സന്റെ മകന്‍ അബ്ദുല്‍ വഹാബ്, ചേവരമ്പലം മീത്തല്‍ പറമ്പില്‍ ബാലകൃഷ്ണന്റെ മകള്‍ കെ.ബി ബിജിഷ എന്നിവരാണ് കൈതപ്പൊയില്‍ പാലത്തിനടുത്ത് വ്യഴാഴ്ചയുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചത്.
“ഇവനും ഇവള്‍ക്കും ഈശ്വരന്‍ പണി കൊടുത്തു, പോയി ചാകട്ടെ രണ്ടും” എന്നാണ് അപകട വാര്‍ത്തയ്ക്ക് താഴെ ഒരാളുടെ കമന്റ്. ഹാദിയ വിഷയം പരോക്ഷമായി സൂചിപ്പിച്ചാണ് മറ്റൊരാളുടെ കമന്റ്. “വിജിഷയുടെ മാതാപിതാക്കള്‍ കോടതി കയറിയിറങ്ങാതെ കഴിഞ്ഞു.” എന്നാണ് അയാള്‍ കുറിച്ചത്.
വീട്ടുകാരെ തേച്ചതിനുള്ള കൂലി കിട്ടിയെന്നും ആരെയൊക്കെ ഒളിച്ചാലും ദൈവം എല്ലാം കാണുന്നുണ്ടല്ലോ എന്നൊക്കെയാണ് മറ്റു ചിലരുടെ അഭിപ്രായ പ്രകടനം. മരിച്ചിട്ടും ഇവരെ വര്‍ഗീയമായി ആക്രമിക്കുന്ന സമീപനത്തെ ചോദ്യം ചെയ്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച മൂന്നുമണിയോടെയായിരുന്നു ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. വയനാട്ടില്‍ നിന്നും വരികയായിരുന്ന കാര്‍ ബൈക്കിനുമേല്‍ ഇടിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച ഇവര്‍ എതിര്‍വശത്തുനിന്നു വന്ന വലിയ ലോറിയുടെ അടിയിലേക്കു തെറിച്ചുവീഴുകയായിരുന്നു.
അബ്ദുല്‍ വഹാബ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. മെഡിക്കല്‍ കോളജില്‍ വെച്ചാണ് ബിജിഷ മരിച്ചത്.
Don”t Miss:‘ഇതെന്റെ ഇന്ത്യയല്ല’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി എ.ആര്‍ റഹ്മാന്‍