അടിയന്തരാവസ്ഥക്കാലത്ത് മാപ്പ് പറഞ്ഞ ആര്‍.എസ്.എസാണ് ഭരണഘടനഹത്യാദിനവുമായി വരുന്നത്
DISCOURSE
അടിയന്തരാവസ്ഥക്കാലത്ത് മാപ്പ് പറഞ്ഞ ആര്‍.എസ്.എസാണ് ഭരണഘടനഹത്യാദിനവുമായി വരുന്നത്
കെ.ടി. കുഞ്ഞിക്കണ്ണന്‍
Tuesday, 16th July 2024, 3:11 pm
അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നവരാണ് അതുമറച്ചുവെക്കാനായി 1975-ലെ അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെക്കുറിച്ചുള്ള അനുസ്മരണങ്ങളുമായി തങ്ങളുടെ കിരാതവാഴ്ചക്ക് മറയിടാന്‍ നോക്കുന്നത്.

ജൂണ്‍ 25 ഭരണഘടനഹത്യാദിനമായി ആചരിക്കാനുള്ള മോദി സര്‍ക്കാരിന്റെ ഉത്തരവ് സംഘപരിവാറിന്റെ മറ്റൊരു സത്യാനന്തരകാല ലീലയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. 1975 ജൂണ്‍ 25 മുതല്‍ 1977 വരെയുള്ള 19 മാസക്കാലത്തെ അടിയന്തരാവസ്ഥ സ്വാതന്ത്ര്യാനന്തരകാല ഇന്ത്യയുടെ ചരിത്രത്തിലെ കരാളദിനങ്ങളായിരുന്നു. പതിനായിരങ്ങള്‍ തടവറകളിലടക്കപ്പെടുകയും ആയിരങ്ങള്‍ ഭരണകൂട ഭീകരതയില്‍ കൊലചെയ്യപ്പെടുകയും ചെയ്ത സ്വേച്ഛാധിപത്യവാഴ്ചയുടെ നാളുകളായിരുന്നു അത്.

ഇന്ദിരാഗാന്ധി

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ഭരണവര്‍ഗരാഷ്ട്രീയത്തിന്റെ പ്രതിസന്ധിയും അതിനെതിരായി രാജ്യമെമ്പാടും വളര്‍ന്നുവന്ന ജനകീയസമരങ്ങളെയും അതിജീവിക്കാനുമായിരുന്നു അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ജയപ്രകാശ് നാരായണ്‍ / Courtesy : indianexpress.com

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രാജ്യമെമ്പാടും വളര്‍ന്നുവന്ന പ്രതിപക്ഷപാര്‍ടികളുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും സമരങ്ങളെയും ജനമുന്നേറ്റങ്ങളെയും നേരിടാനാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിലൂടെ ഫാസിസ്റ്റ് അധികാരവാഴ്ചയിലേക്ക് കടന്നത്.

അടിയന്തരാവസ്ഥക്കെതിരെ പ്രതിപക്ഷങ്ങള്‍ ഒന്നടങ്കം സമരരംഗത്തുവന്നു. രാഷ്ട്രീയപാര്‍ടികളെ നിരോധിച്ചും നേതാക്കളെ ജയിലിലടച്ചുമാണ് ഇന്ദിരാഗാന്ധി ജനാധിപത്യസംരക്ഷണത്തിനുവേണ്ടിയുള്ള സമരങ്ങളെ അടിച്ചമര്‍ത്തിയത്.

അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ അതിനെതിരായി സമരരംഗത്തുണ്ടായിരുന്ന ആര്‍.എസ്.എസ് പിന്നീട് നിലപാട് മാറ്റുകയും ഇന്ദിരാഗാന്ധിയുമായി അനുരഞ്ജനത്തിലെത്തുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം.

സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടിക്കും ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിക്കും അവര്‍ പിന്തുണ നല്‍കി. യര്‍വാദ ജയിലിലായിരുന്ന ആര്‍.എസ്.എസ് മേധാവി ദേവറസ് തങ്ങളുടെ നിരോധനം പിന്‍വലിക്കണമെന്നും പ്രവര്‍ത്തകരെ ജയിലില്‍ നിന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഇന്ദിരാഗാന്ധിക്ക് തുടര്‍ച്ചയായി കത്തുകളെഴുതി.

സഞ്ജയ് ഗാന്ധി | Courtesy: indiatoday.in

തങ്ങളുടെ പ്രവര്‍ത്തകരെ മോചിപ്പിച്ചാല്‍ അവര്‍ ഇരുപതിന പരിപാടിയുടെ പ്രചാരകരാകുമെന്ന് ഉറപ്പുനല്‍കി അടിയന്തരാവസ്ഥയെ പിന്തുണക്കുന്ന ലജ്ജാകരമായ കീഴടങ്ങലിലേക്കാണ് ആര്‍.എസ്.എസ് എത്തിയത്. ആ വഞ്ചനാകരമായ ചരിത്രത്തെക്കൂടി മറച്ചുപിടിക്കാനാണ് ഇപ്പോള്‍ ആര്‍.എസ്.എസിന്റെ ഭരണകൂടം ജൂണ്‍ 25-നെ ഭരണഘടനാഹത്യാദിനമായി ആചരിക്കാന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

18-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രകടമായ മോദി ഭരണത്തിനെതിരായ ജനവികാരമെന്നത് 10 വര്‍ഷക്കാലത്തെ സ്വേച്ഛാധിപത്യ വാഴ്ചക്കെതിരായ ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയബോധത്തെയാണ് പ്രതിഫലിപ്പിച്ചത്. 400 സീറ്റ് നേടി ഭരണഘടന ഭേദഗതിചെയ്ത് ആര്‍.എസ്.എസ് രൂപീകരണത്തിന്റെ ശതാബ്ദിവര്‍ഷത്തില്‍ ഇന്ത്യയെ മതരാഷ്ട്രമാക്കിമാറ്റാനുള്ള സംഘപരിവാര്‍ പദ്ധതിയെയാണ് ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനവകാശം ഉപയോഗിച്ച് പരാജയപ്പെടുത്തിയത്.

രാഷ്ട്രീയ നിരീക്ഷകരും സ്വതന്ത്രമാധ്യമപ്രവര്‍ത്തകരുമെല്ലാം 1977-ലെ തെരഞ്ഞെടുപ്പ് ഫലത്തോടാണ് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ താരതമ്യം ചെയ്തത്. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യവാഴ്ചക്ക് അവസാനം കുറിച്ച തെരഞ്ഞെടുപ്പെന്ന പോലെ 2024-ലെ തെരഞ്ഞെടുപ്പ് ഫലം മോദിയുടെ സ്വേച്ഛാധികാരത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന അര്‍ത്ഥത്തിലാണ് അടിയന്തരാവസ്ഥ അവസാനിപ്പിച്ച 1977-ലെ തെരഞ്ഞെടുപ്പ് ഫലത്തോട് പലരും ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലത്തെ ഉദാഹരിച്ചത്.

ഇന്ത്യന്‍ ജനതയുടെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ചരിത്രപ്രധാനമായ വിധിയെഴുത്തായി തെരഞ്ഞെടുപ്പ് ഫലത്തെ പ്രതിപക്ഷം ഉയര്‍ത്തിക്കാണിച്ചതോടെയാണ് മോദി പാര്‍ലമെന്റിനകത്ത് അടിയന്തരാവസ്ഥയെയും അതിനെതിരായിട്ടുള്ള ചെറുത്തുനില്‍പ്പുകളെയും ഓര്‍മ്മിപ്പിച്ച് പ്രസ്താവന നടത്തിയത്.

ഇപ്പോള്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ജൂണ്‍ 25 ഇനിമുതല്‍ ഭരണഘടനാഹത്യാദിനമായി ആചരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഗസറ്റ് വിജ്ഞാപനമായി ഇറങ്ങിയിരിക്കുകയാണ്. മോദിയും അമിത്ഷായും പറയുന്നത് അടിയന്തരാവസ്ഥക്കെതിരായി പോരാടിയവര്‍ക്ക് ആദരമര്‍പ്പിക്കാനാണ് ഈ ദിനം ഭരണഘടനാഹത്യാദിനമായി ആചരിക്കുന്നതെന്നാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ഉത്തരവ് മോദിയും അമിത്ഷായുമൊക്കെ പങ്കുവെക്കുകയും ചെയ്തിരിക്കുന്നു.

മോദിയും അമിത്ഷായും

10 വര്‍ഷക്കാലത്തെ സ്വേച്ഛാധികാരപൂര്‍ണവും ഭരണഘടനാവിരുദ്ധവുമായ തങ്ങളുടെ നടപടികളെ മറച്ചുപിടിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയതന്ത്രമെന്ന നിലക്കാണ് മോദി സര്‍ക്കാര്‍ ജൂണ്‍ 25 ഭരണഘടനാഹത്യാദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ ഭരണത്തെ പ്രതിരോധിച്ചവരും അതിനുവേണ്ടി ത്യാഗം ചെയ്തവരും ആര്‍.എസ്.എസുകാരാണെന്ന് വരുത്തിതീര്‍ക്കാനുള്ള തന്ത്രം കൂടിയാണ് ഈ ഭരണഘടനാഹത്യാദിന പ്രഖ്യാപനം.

ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന തരത്തിലാണ് കഴിഞ്ഞ 10 വര്‍ഷക്കാലം മോഡി രാജ്യം ഭരിച്ചത്.

അടിയന്തരാവസ്ഥ എന്നത് ഭരണഘടനയുടെ മൗലികാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും റദ്ദുചെയ്ത് രാജ്യത്തെയാകെ തടവറയാക്കിയ കാലമായിരുന്നു. ഇന്ത്യന്‍ ഭരണവര്‍ഗങ്ങളിലെ രക്തരക്ഷസ്സിനെ പുറത്തെടുത്ത കാലം. 26 ഓളം രാഷ്ട്രീയപാര്‍ടികളെ നിരോധിക്കുകയും കടുത്ത സെന്‍സര്‍ഷിപ്പിനുകീഴില്‍ മാധ്യമങ്ങളെയെല്ലാം ഇന്ദിരാഗാന്ധിയുടെ സ്തുതിപാഠകരായി അധഃപതിപ്പിക്കുകയും ചെയ്ത കാലം. വിമര്‍ശിക്കുന്നവരെയും വിയോജിക്കുന്നവരെയും ഡി.ഐ.ആറും മിസയുപയോഗിച്ച് തടങ്കല്‍പാളയങ്ങളിലിട്ട് പീഢിപ്പിച്ച കരാളദിനങ്ങളായിരുന്നു അടിയന്തരാവസ്ഥയുടേത്.

ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും

തുര്‍ക്ക്മാന്‍ ഗേറ്റിലും മുസഫര്‍പൂരിലുമെല്ലാം നഗര സൗന്ദര്യവല്‍ക്കരണത്തിന്റെയും ചേരിനിര്‍മ്മാര്‍ജ്ജനത്തിന്റെയും മറവില്‍ അവിടങ്ങളിലെ താമസക്കാരായ ജനങ്ങളെ വേട്ടയാടിയ കാലം. 2024 മുതലുള്ള മോദി ഭരണമെന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടേതായിരുന്നുവെന്ന വിമര്‍ശനത്തെ മറികടക്കാനാണ് ഞങ്ങള്‍ അടിയന്തരാവസ്ഥയെ എതിര്‍ത്തവരും അതിനെതിരായി പോരാടിയവരുമാണെന്ന് കാണിക്കാന്‍ ഭരണഘടനാഹത്യാദിനം പോലുള്ള പ്രഖ്യാപനങ്ങള്‍ നടത്തുന്നത്.

ഇത് അങ്ങേയറ്റം കാപട്യവും വഞ്ചനയും നിറഞ്ഞ നീക്കമാണ്. കഴിഞ്ഞ 10 വര്‍ഷക്കാലത്തിനിടയില്‍ ജനാധിപത്യ പൗരാവകാശ കശാപ്പാണ് സംഘപരിവാറും മോദി സര്‍ക്കാരും നടത്തിയത്. പശുവിന്റെ പേരില്‍ രാജ്യത്തൊട്ടാകെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അഴിച്ചുവിട്ടു. അതിന്നും ക്രൂരമായ മാനങ്ങളില്‍ തുടരുന്നു.

വിമര്‍ശകരായ മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലുകളിലടക്കുന്നു. സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങളെയും നിയമനിര്‍മ്മാണങ്ങളെയും വര്‍ഗീയനടപടികളെയും വിമര്‍ശിക്കുന്നവരെ കൊലപ്പെടുത്തുന്നു.

മോദിയും അമിത്ഷായും

കഴിഞ്ഞ 10 വര്‍ഷക്കാലത്തെ മോദി ഭരണത്തിന്‍കീഴില്‍ 28 മാധ്യമപ്രവര്‍ത്തകരാണ് ദുരൂഹസാഹചര്യങ്ങളില്‍ കൊലചെയ്യപ്പെട്ടത്. ദാല്‍ബോക്കര്‍, കല്‍ബുര്‍ഗി, ഗൗരിലങ്കേഷ് തൊട്ട് എത്രയോ എഴുത്തുകാരും ബുദ്ധിജീവികളും നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു.

ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ കുഴിച്ചുമൂടുന്ന രീതിയില്‍ നിയമഭേദഗതികള്‍ കൊണ്ടുവന്നു. എല്ലാവിധ മനുഷ്യാവകാശ തത്വങ്ങളെയും ഹിംസിക്കുന്ന വ്യവസ്ഥകള്‍ ചേര്‍ത്ത് എന്‍.ഐ.എ-യു.എ.പി.എ നിയമം ഭേദഗതി ചെയ്തു.

മുത്തലാഖ് നിരോധനത്തിന്റെ പേരില്‍ മുസ്ലീം വിവാഹമോചന നിയമത്തില്‍ ക്രിമിനല്‍ വ്യവസ്ഥ ചേര്‍ത്തു. ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളഞ്ഞത് എല്ലാവിധ പാര്‍ലമെന്ററി നടപടിക്രമങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ്.

പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന ഭേദഗതി നിയമം അടിച്ചേല്‍പ്പിച്ചു. തൊഴില്‍നിയമങ്ങള്‍ നാല് കോഡുകളാക്കി കോര്‍പ്പറേറ്റുകള്‍ക്കനുകൂലമായി ഭേദഗതി ചെയ്തു. അഗ്രിബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ മൂന്ന് ഫാം നിയമങ്ങള്‍ കൊണ്ടുവന്നു. ശക്തമായ കര്‍ഷകപ്രക്ഷോഭം മൂലം അത് താല്‍ക്കാലികമായി മാറ്റിവെക്കപ്പെട്ടു.

ഭാരതവല്‍ക്കരണത്തിന്റെ പേരില്‍ ക്രിമിനല്‍ നടപടി നിയമവും ശിക്ഷാനിയമവും തെളിവ് നിയമവും ഭേദഗതി ചെയ്തു. അങ്ങേയറ്റം സ്വേച്ഛാധികാരപൂര്‍വ്വം വ്യക്തികളെ കൈകാര്യം ചെയ്യാന്‍ കഴിയുന്നതരത്തില്‍ പൊലീസിനും ഭരണകൂടത്തിനും അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതികള്‍.

ഇങ്ങനെയൊക്കെ രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുന്നവരാണ് അടിയന്തരാവസ്ഥക്കെതിരായ പോരാട്ടങ്ങളെ അനുസ്മരിക്കാനായി ഭരണഘടനാദിനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതൊരു വിരോധാഭാസമാണ്. അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നവരാണ് അതുമറച്ചുവെക്കാനായി 1975-ലെ അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെക്കുറിച്ചുള്ള അനുസ്മരണങ്ങളുമായി തങ്ങളുടെ കിരാതവാഴ്ചക്ക് മറയിടാന്‍ നോക്കുന്നത്.

content highlights: K.T. Kunhikannan writes about the Modi government’s stance against emergency

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍