Kerala News
കോണ്‍ഗ്രസ് നേതാക്കള്‍ കണ്ട് പഠിക്കണം; സര്‍ക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്ത സാദിഖലി തങ്ങള്‍ക്ക് അഭിനന്ദമറിയിച്ച് കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 24, 04:50 pm
Saturday, 24th June 2023, 10:20 pm

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ 2023 ലെ ഖാദി ബക്രീദ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അഭിനന്ദിച്ച് കെ.ടി. ജലീല്‍ എം.എല്‍.എ. സാദിഖലി തങ്ങളെ ഉദ്ഘാടനത്തിന് ക്ഷണിച്ച ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പ്രകടിപ്പിച്ച ഔചിത്യം മാതൃകാപരമാണമാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. യു.ഡി.എഫ് ഭരിക്കുമ്പോള്‍ പോലും ഇത്തരമൊരു ഔദ്യോഗിക പരിപാടിയുടെ ഉദ്ഘാടകനായി ലീഗ് സംസ്ഥാന അധ്യക്ഷന്മാരെ വിളിച്ചത് ഓര്‍മ്മയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടത് സര്‍ക്കാരിനെതിരെ അനാവശ്യമായി സമരം ചെയ്യുന്ന എല്ലാവര്‍ക്കും സാദിഖലി തങ്ങള്‍ നല്‍കുന്ന മികച്ച സന്ദേശമാണിതെന്ന് ജലീല്‍ പറഞ്ഞു. ക്രിയാത്മക പ്രതിപക്ഷമെന്ന വാക്ക് അന്വര്‍ത്ഥമാക്കിയ തങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ ഇത് കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് നേതാക്കളും വായ തുറന്നാല്‍ പിണറായിയെ തെറി പറയുന്ന ലീഗിലെ കോണ്‍ഗ്രസ് തലച്ചോറുള്ള ‘കോണ്‍ലീഗു’കാരും ഇത് കണ്ട് പഠിക്കട്ടെ. സൈബര്‍ പച്ചപ്പടക്കും ഈ ചിത്രത്തില്‍ ദൃഷ്ടാന്തമുണ്ട്. രാഷ്ട്രീയ വിയോജിപ്പ് നിലനിര്‍ത്തിയും ഫാസിസം പത്തിവിടര്‍ത്തിയാടുന്ന കാലത്ത് ഒരുമിച്ച് നില്‍ക്കാനാകുമെന്ന് കാണിച്ചു തരികയാണ് മലപ്പുറത്തെ വിവേകികള്‍,’ ജലീല്‍ പറഞ്ഞു.

ദേശാഭിമാനി രണ്ട് മാസം മുമ്പ് മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുനവ്വറലി തങ്ങള്‍ പങ്കെടുത്തതിനെയും ലീഗിന്റെ നേതൃത്വത്തില്‍ നടന്ന ‘മലബാര്‍ കലാപ” വാര്‍ഷിക സെമിനാറില്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തതിനെയും ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ ആശയ സംവാദത്തിന്റെ പുതിയ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

”ദേശാഭിമാനി’ രണ്ട് മാസം മുമ്പ് മലപ്പുറം എം.എസ്.പി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുനവ്വറലി തങ്ങള്‍ പങ്കെടുത്തതും പൂക്കോട്ടൂരില്‍ ലീഗിന്റെ നേതൃത്വത്തില്‍ നടന്ന ‘മലബാര്‍ കലാപ” വാര്‍ഷിക സെമിനാര്‍ സഖാവ് എം.ബി രാജേഷ് ഉല്‍ഘാടനം ചെയ്തതും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഇ.എം.എസ് സെമിനാറിന്റെ ഉല്‍ഘാടന സമ്മേളനത്തില്‍ മലപ്പുറം എം.പി അബ്ദുസ്സമദ് സമദാനി പ്രൗഢോജ്ജ്വല പ്രസംഗം നടത്തിയതും ഇടത് പക്ഷത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ ആശയ സംവാദത്തിന്റെ പുതിയ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ സാദിഖലി തങ്ങളെ ഖദര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഖാദി കിറ്റ് മന്ത്രിക്ക് നല്‍കിയായിരുന്നു തങ്ങള്‍ ഖാദി-ബക്രീദ് മേള ഉദ്ഘാടനം ചെയ്തത്.

Content highlight: K T Jaleel appreciate sadhiqali thangal