തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്കും ബിഷപ്പ് ഹൗസുകളിലേക്കും ബി.ജെ.പി നടത്തിയ സ്‌നേഹയാത്ര വിജയമാണെന്ന് അവകാശപ്പെടുന്നതിനിടയില്‍ ചര്‍ച്ചയായി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് കുറിപ്പുകള്‍.
ക്രൈസ്തവ പുരോഹിതരെ വിമര്‍ശിച്ചും വിവിധ വിഷയങ്ങളില്‍ സഭാ നേതൃത്വത്തിനെതിരെ നിലപാടെത്തുകൊണ്ടുമുള്ള സുരേന്ദ്രന്റെ പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ ഈ സാഹചര്യത്തില്‍ കുത്തിപ്പൊങ്ങുന്നത്.
‘ഈ കുരിശു വെച്ച് കുര്‍ബാനയും കൂടിയിട്ട് പോയാല്‍ മതി. ഈ കുരിശ് പിണറായിയെയും കൊണ്ടേ പോകൂ. ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും സ്ഥുതിയായിരിക്കട്ടെ,’ എന്നിങ്ങനെയുള്ള പോസ്റ്റുകളാണിപ്പോള്‍ പ്രചരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ഇടുക്കി പാപ്പാത്തിച്ചോലയിലെ റവന്യൂ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള സുരേന്ദ്രന്റെ പോസ്റ്റുകളാണിവ.
‘എന്നാ ഞാനൊരു സത്യം പറയട്ടെ? എനിക്കതൊന്നും ഓര്‍മയില്ല’ എന്ന ട്രോളോടുകൂടിയാണ് ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
അതേസമയം, ക്രൈസ്തവ മതമേധാവികള്‍ക്ക് മാത്രമല്ല സാധാരണ ക്രൈസ്തവര്‍ക്കും ബി.ജെ.പിയോടുള്ള സമീപനത്തില്‍ അനുകൂലമായി മാറ്റമാണ് തങ്ങള്‍ നടത്തിയ ‘സ്‌നേഹ യാത്ര’യില്‍ നിന്ന് ദൃശ്യമായിരിക്കുന്നതെന്നാണ് സുരേന്ദ്രന്റെ അവകാശവാദം.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അദ്ദേഹത്തിന്റെ ഭരണത്തോടുമുള്ള പ്രതീക്ഷയും വിശ്വാസവും ക്രൈസ്തവ സമൂഹത്തിനാകെ ഉണ്ടായിരിക്കുന്നു എന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. വികസനം കേരളത്തിലും അനുഭവപ്പെടണമെങ്കില്‍ ഇവിടെയും നരേന്ദ്രമോദിയുടെ നേതൃത്വവും ബി.ജെ.പി ഭരണവും വേണമെന്ന തിരിച്ചറിവ് ക്രൈസ്തവ വിശ്വാസികള്‍ക്ക് ഉണ്ടായി തുടങ്ങിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.