കണ്ണൂര്‍: കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനായി ചുമതലയേറ്റേക്കും. കെ.പി.സി.സി അധ്യക്ഷനാകാന്‍ താത്പര്യമുണ്ടെന്ന് സുധാകരന്‍ എ.ഐ.സി.സിയെ അറിയിച്ചു.
അതേസമയം അധ്യക്ഷനാകുന്നത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ കെ.പി.സി.സി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ അടുത്ത കെ.പി.സി.സി അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കകത്ത് നടന്നുവരികയാണ്. സ്ഥാനത്തേക്ക് കെ. സുധാകരന്റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.
അധ്യക്ഷനാകാന്‍ നോമ്പ് നോറ്റിരിക്കുകയല്ല താനെന്നാണ് കെ. സുധാകരന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.
പാര്‍ട്ടിയെ നയിക്കാന്‍ ഉണ്ടാക്കിയ പത്തംഗ കമ്മിറ്റിയിലെ ഒരു അംഗം മാത്രമാണ് താനെന്നും നിലവില്‍ തെരഞ്ഞെടുപ്പിന്റെ ചാര്‍ജ് മുഴുവന്‍ കമ്മിറ്റിക്കാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തന്റെ നിലപാട് വളരെ വ്യക്തമാണ്. ഞാന്‍ കെ.പി.സി.സി അധ്യക്ഷ പദവിയ്ക്ക് വേണ്ടി ആറ്റുനോറ്റ് ഇരിക്കുന്നയാളല്ല. പാര്‍ട്ടി ചുമതല ഏല്‍പ്പിച്ചാല്‍ സത്യസന്ധമായി ആ ചുമതല നിറവേറ്റും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ മുല്ലപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. കല്‍പ്പറ്റ മണ്ഡലത്തിലേക്ക് മത്സരിക്കാനാണ് സാധ്യതയെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് ലീഗ് രംഗത്തെത്തിയിരുന്നു.
അതേസമയം കെ. വി തോമസിനെ നഷ്ടപ്പെടുത്തില്ലെന്നും സുധാകരന്‍ പറഞ്ഞു. കെ. വി തോമസ് ഇടതുപക്ഷത്തേക്ക് പോകുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം ഇന്ന് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക