Kerala News
ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബി.ജെ.പിക്കില്ല, കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടി; എ.കെ. ആന്റണിയെ പിന്താങ്ങി മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 29, 05:32 am
Thursday, 29th December 2022, 11:02 am

തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിവരണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പിക്കണമെന്ന എ.കെ. ആന്റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ. മുരളീധരന്‍ എം.പി. ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബി.ജെ.പിക്കില്ലെന്നും മുരളീധന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിശ്വാസികള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായും മതത്തെ മതപരമായും കാണണം. ആ നിലപാടാണ് കോണ്‍ഗ്രസ് എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടാണ് മതേതരത്വം കോണ്‍ഗ്രസിന്റെ നിലപാടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൃദുഹിന്ദുത്വം, ന്യൂനപക്ഷ പ്രീണനം തുടങ്ങിയ സമീപനങ്ങളോട് കോണ്‍ഗ്രസിന് യോജിപ്പില്ല. എല്ലാവരുടെയും അവകാശങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസുണ്ട്. അതാണ് എ.കെ. ആന്റണി പറഞ്ഞത്. സമൂഹത്തെ വിഭജിക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ അതിന് വളം വെച്ചുകൊടുക്കരുത്, ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബി.ജെ.പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഭൂരിപക്ഷം ഹിന്ദുക്കളാണെന്നും, ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ കൊണ്ടുമാത്രം മോദിക്കെതിരെ അണിനിരക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു എ.കെ. ആന്റണി പറഞ്ഞത്.

തിലകക്കുറി ചാര്‍ത്തുന്നവരെയും അമ്പലത്തില്‍ പോകുന്നവരെയും മൃദുഹിന്ദുത്വം പറഞ്ഞ് മാറ്റിനിര്‍ത്തിയാല്‍ തിരിച്ചടിയാകും. അത് മോദിയെ വീണ്ടും അധികാരത്തിലെത്തിക്കും. മുസ്‌ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ ഹിന്ദുക്കള്‍ക്കും ആരാധന നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആന്റണി പറഞ്ഞു.

കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപകവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സിയില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.