ജമാഅത്തെ ഇസ്‌ലാമി മതേതര സംഘടനയെന്ന് മുരളീധരന്‍; അങ്ങനൊരു ചിന്ത കോണ്‍ഗ്രസിനില്ലെന്ന് മുല്ലപ്പള്ളി; വാക്‌പോര് മുറുകുന്നു
Kerala News
ജമാഅത്തെ ഇസ്‌ലാമി മതേതര സംഘടനയെന്ന് മുരളീധരന്‍; അങ്ങനൊരു ചിന്ത കോണ്‍ഗ്രസിനില്ലെന്ന് മുല്ലപ്പള്ളി; വാക്‌പോര് മുറുകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th December 2020, 11:12 am

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മതേതര സംഘടനയെന്ന് വടകര എം.പി കെ. മുരളീധരന്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും മുരളീധരന്‍ എം. പി പറഞ്ഞു.

മതരാഷ്ട്ര വാദമെന്ന നയം ജമാഅത്തെ ഇസ്‌ലാമി മാറ്റി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതലാണ് നയം മാറ്റിയത്. അതുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കിയതെന്നും മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ മുരളീധരന്റെ വാദത്തെ തള്ളി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. ജമാഅത്തെ ഇസ്‌ലാമി മതേതര സംഘടനയാണെന്ന വാദം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമോ നീക്കുപോക്കോ ഇല്ലെന്നും അത്തരമൊരു നിര്‍ദേശം എവിടെയും നല്‍കിയിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷനെന്ന നിലയില്‍ അവസാന വാക്ക് തന്റേതാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് നീക്കുപോക്കുണ്ടെന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. വെല്‍ഫെയര്‍ കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ച് കെ. മുരളീധരന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് രാഷ്ട്രീയകാര്യ സമിതിയിലെടുത്ത തീരുമാനമാണെന്നും ഇതിനെക്കുറിച്ച് ആരും വ്യത്യസ്ത അഭിപ്രായം പറയേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇതാണ് വെല്‍ഫെയര്‍പാര്‍ട്ടിയുമായി ഈ തെരഞ്ഞെടുപ്പിലും നീക്കുപോക്കുണ്ടാക്കാന്‍ കാരണമെന്നും മുരളീധരന്‍ പറഞ്ഞു.

വടകര ലോക്സഭാ മണ്ഡലത്തിലുള്ള ആറ് മുന്‍സിപ്പാലിറ്റികളില്‍ നാലിലും യു.ഡി.എഫ് വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫും ഒരുമിച്ച് റാലി നടത്തിയത് വാര്‍ത്തയായിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കാനുള്ള അനുമതി സംസ്ഥാന തലത്തില്‍ നല്‍കിയിട്ടുണ്ടെന്നും അതില്‍ തെറ്റില്ലെന്നും കോഴിക്കോട് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത് തള്ളിക്കൊണ്ട് ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു തരത്തിലും ബന്ധമില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Muraleedharan says Jamaat-e-Islami is a secular party; Mullappally denies it