കണ്ണൂര്‍: ലക്ഷദ്വീപില്‍ ബീഫ് നിരോധനം പാടില്ലെന്ന് കെ.കെ രാഗേഷ് എം.പി. ബീഫ് നിരോധം ലക്ഷ്യമാക്കിയുള്ള ലക്ഷദ്വീപ് അനിമല്‍ പ്രിസര്‍വേഷന്‍ റെഗുലേഷന്‍ -2021 പിന്‍വലിക്കണമെന്ന് കെ.കെ രാഗേഷ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
നിയമം ജനാധിപത്യവിരുദ്ധവും ഭരണഘടനയ്ക്ക് എതിരുമാണെന്നും കന്നുകാലി വളര്‍ത്തലും പാല്‍ ഉല്‍പാദനവും ജീവിതോപാധിയായി സ്വീകരിച്ചവര്‍ക്ക് കടുത്ത ആഘാതമാകുമെന്നും അദ്ദേഹം പറഞ്ഞു.
”രാജ്യത്തെ ജീവിതോപാധികളും ആഹാരരീതികളും ഇല്ലായ്മ ചെയ്യാനാണ് ശ്രമം. ബീഫ് നിരോധ ആവശ്യം ലക്ഷദ്വീപില്‍ ഒരിക്കലും ഉയര്‍ന്നിട്ടില്ല. ബീഫ് നിരോധനത്തിന്റെ പേരില്‍ ജാമ്യമില്ലാക്കേസ് ചുമത്താന്‍ ദ്വീപ് അഡ്മിനിസ്‌ട്രേഷനെ ചുമതലപ്പെടുത്തുന്നത് നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്”, രാഗേഷ് പറഞ്ഞു.
ദ്വീപ് നിവാസികളില്‍ ഭീതിയുണ്ടാക്കി രാഷ്ട്രീയനേട്ടത്തിനുള്ള സംഘപരിവാര്‍ അജണ്ടയാണ് ബീഫ് നിരോധനമെന്ന് രാഗേഷ് കത്തില്‍ പറഞ്ഞു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ആഭ്യന്തര സഹമന്ത്രിയായിരുന്നയാളാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെന്നും നിയമം പിന്‍വലിച്ച് ദ്വീപ് നിവാസികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.
അതേസമയം, കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുകയാണ്. ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021 എന്ന പേരില്‍ നിയമത്തിന്റെ കരട് പുറത്തിറക്കിയിട്ടുണ്ട്. കരട് നിയമമായാല്‍ പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നതും ഗോമാംസം കൈവശം വെയ്ക്കുന്നതും കുറ്റകരമാവും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക