ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിവേര് മാന്തിയിട്ടേ ഇവരടങ്ങൂ; അടിയന്തിരാവസ്‌ഥക്കാലത്തുപോലും നടക്കാത്ത കാര്യങ്ങളാണ് ഉത്തർപ്രദേശിൽ ഇന്നലെ നടന്നത്
FB Notification
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിവേര് മാന്തിയിട്ടേ ഇവരടങ്ങൂ; അടിയന്തിരാവസ്‌ഥക്കാലത്തുപോലും നടക്കാത്ത കാര്യങ്ങളാണ് ഉത്തർപ്രദേശിൽ ഇന്നലെ നടന്നത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st May 2020, 7:51 am

അടിയന്തിരാവസ്‌ഥക്കാലത്തുപോലും നടക്കാത്ത കാര്യങ്ങളാണ് ഉത്തർപ്രദേശിൽ ഇന്നലെ വൈകിട്ട് നടന്നത്.

അതിഥി തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ കോൺഗ്രസ് സംഘടിപ്പിക്കാമെന്നു പറഞ്ഞ വണ്ടികളിൽ കുറവ് വന്നു എന്നും എല്ലാ വാഹനങ്ങളുടെയും റെക്കോർഡുകൾ ശരിയല്ല എന്നും പറഞ്ഞു പോലീസ് കേസെടുത്തു എന്ന് ഞാൻ മുൻ പോസ്റ്റിൽ പറഞ്ഞിരുന്നു.

ആ കേസിൽ യു പി സി സി അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ അറസ്റ് ചെയ്തു; ലക്‌നൗ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. അപ്പോൾ ബസുകൾ കടത്തിവിടാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു സമരം ചെയ്തു എന്ന കേസിൽ അയാളെ വീണ്ടും അറസ്റ്റ് ചെയ്തു! ആ ബസുകൾ തിരിച്ചയച്ചു.

ബാൽക്കണിവാസികളുടെ നേതാക്കളുടെ, പാട്ടകൊട്ടിയും പന്തം കൊളുത്തിയും കൊറോണ ഓടിക്കാൻ നോക്കിയ ഭരണാധികാരികളുടെ, കണ്ണിൽ പെടാതെ പോയ ഭാരതപൗരന്മാർ കോടിക്കണക്കിനു ഈ നാട്ടിൽ നടക്കുകയാണ്. ആയിരക്കണക്കിന് കിലോമീറ്റര്. സ്ത്രീകളുണ്ട്; കുഞ്ഞുങ്ങളുണ്ട്; ഗർഭിണികൾ പോലുമുണ്ട്. അവരുടെ കാലുകൾ വിണ്ടുകീറുന്നുണ്ട്; എനിക്കിനി നടക്കാൻ വയ്യമ്മേ എന്ന് കുഞ്ഞുങ്ങൾ നിലവിളിക്കുന്നുണ്ട്. നിറവയറുമായി നടക്കുന്ന സ്ത്രീ പ്രസവിക്കുന്നത് പരമ വൈഭവത്തിലേക്കു കുതിക്കുന്ന ഈ ഭാരതത്തിലാണ്.

ക്രൂരന്മാരായ ഭരണാധികാരികളുടെ ചെവിയിൽ അവരുടെ നിലവിളിയെത്തില്ല. പകരം അവർ ആ കാലുകളിൽ വെള്ളമൊഴിക്കാൻ പോയവരെ കള്ളക്കേസിൽ കുടുക്കുകയാണ്. നിയമത്തെ ബലാൽസംഗം ചെയ്യുകയാണ്.

വിളക്കുകാലിൽ തൂങ്ങിയൊടുങ്ങിയ ഫാസിസ്റ്റുകളുടെ ചരിത്രം എന്റയർ പൊളിറ്റിയ്ക്കൽ സയൻസിന്റെ സിലബസിൽ ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. പക്ഷെ ചരിത്രം തിരിച്ചടിക്കും. ക്രൂരതയ്ക്ക് അറുതിയുണ്ടാകും. അത് ചരിത്രത്തിന്റെ നിയമമാണ്.

എല്ലാ ജനാധിപത്യ ശക്തികളും ഒരുമിച്ചുചേർന്നെതിർത്തില്ലെങ്കിൽ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിവേര് മാന്തിയിട്ടേ ഇവരടങ്ങൂ.