ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്ന ജയ്ശ്രീ റാം കൊലവിളിയാണ്
DISCOURSE
ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്ന ജയ്ശ്രീ റാം കൊലവിളിയാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th April 2022, 1:56 pm
കെ.ഇ.എന്‍ ഡൂള്‍ന്യൂസിന് നല്‍കിയ വീഡിയോ അഭിമുഖത്തിന്റെ ടെക്‌സ്റ്റ് രൂപം

സമീപകാലത്ത് രാമനവമി ആഘോഷത്തിന്റെ മറ പിടിച്ച് കൊണ്ട് ഉത്തരേന്ത്യയില്‍ പല സ്ഥലത്തും നടന്ന് കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ, അത് നടക്കുന്ന സമകാലിക സന്ദര്‍ഭത്തില്‍ നിന്ന് മാത്രമായി നമുക്ക് കൃത്യം കണ്ടെടുക്കാന്‍ കഴിയില്ല. ഇപ്പോഴാണ് രാമനവമിയുടെ പേരില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നത് എന്നത് പരമാര്‍ത്ഥമാണ്. അങ്ങനെ വരുമ്പോള്‍ സമകാലിക അവസ്ഥ അപഗ്രഥിച്ച് കൊണ്ട് ഇത്തരത്തിലുള്ള ദുരന്തങ്ങള്‍, അല്ലെങ്കില്‍ ജനാധിപത്യ മതനിരപേക്ഷ മാനവിക ജീവിതത്തെ മുറിപ്പെടുത്തുന്ന സംഭവങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്നായി എന്തുകൊണ്ട് ആവര്‍ത്തിക്കുന്നു എന്ന് നമ്മള്‍ അനിവാര്യമായി അന്വേഷിക്കേണ്ടി വരും.

പക്ഷേ, ഇത്തരത്തിലുള്ള പ്രവണതകളുടെ വേരുകള്‍ എവിടെയാണ് ആഴ്ന്നിരിക്കുന്നത്, എവിടെയൊക്കെയാണ് അത് പടര്‍ന്ന് കയറിയിരിക്കുന്നത് എന്നുകൂടി പരിശോധിക്കണം. അങ്ങനെയാണെങ്കില്‍ ഒരുപക്ഷേ ഇന്ത്യയിലെ ജാതിമേല്‍ക്കോയ്മ വ്യവസ്ഥയുമായി ബന്ധപ്പെട്ട് നടത്തേണ്ട വളരെ ആഴത്തിലുള്ള ഒരു അന്വേഷണമാണത്. സംക്ഷിപ്തമായി നമുക്ക് ആ ജാതിമേല്‍ക്കോയ്മ കാഴ്ചപ്പാടും ഇന്ത്യയിലെ നിലവിലുള്ള ഭരണകൂടവും സംയോജിച്ച ഒരു ചരിത്ര സന്ദര്‍ഭത്തില്‍ നിന്ന് ഈ ഒരു അന്വേഷണം ആരംഭിക്കാം.

അത് 2014 ആണ്. കാരണം 2014ല്‍ ഇന്ത്യയില്‍ സംഭവിച്ചത് ഇന്ത്യയിലെ അദൃശ്യ ഭരണകൂടം അഥവാ ജാതിമേല്‍ക്കോയ്മ. ആ ജാതിമേല്‍ക്കോയ്മയും അതോടൊപ്പം തന്നെ ജാതിമേല്‍ക്കോയ്മയുടെ രാഷ്ട്രീയ കാഴ്ചപ്പാട് വളരെ പ്രകടമായി ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയിലെ നവഫാസിസ്റ്റ് സംഘപരിവാര്‍ ശക്തികളും സംയോജിച്ച് കൊണ്ട്, അതായത് നേരത്തെ തന്നെ ജാതിമേല്‍ക്കോയ്മ കാഴ്ചപ്പാട് ഇന്ത്യന്‍ ഭരണകൂടത്തിന്റെ പല പ്രത്യയശാസ്ത്രങ്ങളില്‍ ഒന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.


എന്നാല്‍ 2014ന് ശേഷം ഈ ജാതിമേല്‍ക്കോയ്മ പ്രത്യയശാസ്ത്രവും സംഘപരിവാര്‍ സര്‍ക്കാരും സംയോജിച്ച് ഒരു വന്‍ ശക്തിയായി മാറിയിട്ടുണ്ട്. അത് ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമാണ്. ഇതിന് മുമ്പ് പലതരം ഭരണങ്ങള്‍ ഇന്ത്യയില്‍ മാറിമാറി വന്നിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെ ജാതിമേല്‍ക്കോയ്മയുടെ പ്രത്യയശാസ്ത്രം അറിഞ്ഞ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ജാതിമേല്‍ക്കോയ്മയുടെ പ്രത്യയശാസ്ത്രം എതിരില്ലാതെ കൊടി പറത്തുന്ന തരത്തില്‍ 2014ഓട് കൂടി കാര്യങ്ങള്‍ ആകെ മാറി.

2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്ന ഉടനെ നടുക്കമുണ്ടാക്കിയ കൊല മുഹമ്മദ് സാദിഖ് ഷൈഖിന്റെ കൊലയാണ്. ഒരു പ്രതിഭയാണ് അദ്ദേഹം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയല്ല. എന്നിട്ടും അദ്ദേഹത്തെ കൊന്നിട്ട് ട്വീറ്റ് ചെയ്തത്, ലാസ്റ്റ് വിക്കറ്റ് വീണു, എന്നാണ്. മാത്രമല്ല, കൊല നടത്തിയത് റാം റഹീം മിത്രമന്തല്‍. ആ പേര് തന്നെ ഗാന്ധിയുടെ സ്മരണകളുടെ ഒരു ലോകത്തിലേക്ക് നമ്മളെ നയിക്കും. ആ സ്മാരകത്തിന്റെ മുമ്പിലിട്ടാണ് ഈ കൊല നടത്തിയത്.

അതുകൊണ്ട്, ഒരു വ്യക്തിയെ കൊന്നു, എന്ന പരിമിതമായ അര്‍ത്ഥത്തില്‍ ഇതിനെ എടുക്കാനാവില്ല. മറിച്ച് ഇന്ത്യന്‍ മതനിരപേക്ഷതയെ, മതസൗഹാര്‍ദത്തെ ഞങ്ങള്‍ വെച്ച് പൊറുപ്പിക്കില്ല എന്ന പ്രഖ്യാപനമാണ് ഭരണകൂടത്തിന്റെ തണലില്‍ ഇവിടെ ഉയര്‍ന്നത്. അത് 2014ലാണ്. അതിനെതിരെ പ്രതികരണമുണ്ടായി, പ്രതിഷേധമുണ്ടായി. പക്ഷേ അതുകഴിഞ്ഞ് ജനാധിപത്യവാദികളൊക്കെ വിചാരിച്ചത് ഇത്തരം ആള്‍ക്കൂട്ട കൊലകള്‍ അവസാനിക്കും എന്നാണ്.

പക്ഷേ, നടുക്കം ഉണര്‍ത്തിക്കൊണ്ട് 2015ല്‍ മുഹമ്മദ് അഖ്ലാഖിനെ വധിച്ചു. വധത്തിന്റെ വിശകലനത്തിലേക്ക് ഞാന്‍ കടക്കുന്നില്ല. ഇന്ത്യയിലായാലും ലോകത്തിന്റെ ഏത് ഭാഗത്തായാലും ആളുകള്‍ പലതരം ഭക്ഷണം കഴിക്കുന്നവരാണ്, പല അഭിരുചികളുള്ളവരാണ്. വൈവിധ്യമാണ് ഇന്ത്യന്‍ ജീവിതത്തിന്റെ കരുത്തും കാന്തിയും. അതിനെ വെല്ലുവിളിച്ച് കൊണ്ടാണ് മുഹമ്മദ് അഖ്ലാഖിനെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ക്രൂരമായി കൊല്ലുന്നത്.

അഖ്ലാഖ് വധം 2015ലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലിയ തലവാചകമായി മാറി. മാത്രവുമല്ല, ഒരുപക്ഷേ ഇന്ത്യയില്‍ ആദ്യമായിട്ടാണ് നമ്മുടെ പ്രതിഭകള്‍- എഴുത്തുകാര്‍, കലാകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എല്ലാം അവര്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ മുഴുവന്‍ ഈ വധത്തിന്റെ പേരില്‍ ഉപേക്ഷിച്ചത്. വലിയ പ്രതിഷേധം നടന്നു. അത് ഇന്ത്യന്‍ ജനാധിപത്യത്തിന് കരുത്ത് പകര്‍ന്നു. കേരളത്തിലാണെങ്കില്‍ മലയാളത്തിന്റെ അഭിമാനമായ സച്ചിദാനന്ദന്‍ മാഷ്, പി.കെ പാറക്കടവ് ഉള്‍പ്പടെ അവരുടെ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചു. അവരൊക്കെ ഊര്‍ജം പകര്‍ന്നു.

പക്ഷേ, പിന്നീടിങ്ങോട്ട് ആള്‍ക്കൂട്ട കൊലകള്‍ അവസാനമില്ലാതെ തുടരുന്നതാണ് നമ്മള്‍ കാണുന്നത്. മാത്രമല്ല, ഒരു സ്ഥലത്ത് ആള്‍ക്കൂട്ട കൊല നടന്നാല്‍, അവിടെ കലാപം നടന്നാല്‍ അവിടത്തെ പിന്നീടുള്ള അവസ്ഥയെന്താണ്, എന്ന് വേണ്ടത്ര പഠിക്കപ്പെടാതെ പോകുന്നു.

മുഹമ്മദ് അഖ്ലാഖിന്റെ കൊല നടന്ന സ്ഥലമായ ദാദ്രിയെ കുറിച്ച് 2016ലെ ഹിന്ദുവില്‍ വന്ന ഒരു ഫീച്ചറുണ്ട്. ആ ഫീച്ചറിന്റെ തലക്കെട്ട് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, ”വണ്‍ ഇയര്‍ ഓണ്‍ ദാദ്രി ലാപ്സസ് ടു സൈലന്‍സ്”. ഒരുപക്ഷേ ആള്‍ക്കൂട്ട കൊലയേക്കാള്‍ വംശഹത്യയേക്കാള്‍ നടുക്കമുണ്ടാക്കേണ്ടതാണ് അത് നടന്ന സ്ഥലത്തുണ്ടാകുന്ന നിര്‍വികാരമായ ജീവിതവും മൗനവും. അതുവരെ പരസ്പരം കൊടുത്തും കൊണ്ടും ഒന്നിച്ച് ഉത്സവങ്ങളില്‍ പങ്കെടുത്തുമൊക്കെ കഴിഞ്ഞ ഒരു ജനത, സമ്പര്‍ക്കത്തിനുള്ള ഉത്സാഹം നഷ്ടപ്പെട്ട് ഉന്മേഷം നഷ്ടപ്പെട്ട്, ഓരോ മനുഷ്യനും ഒരു തുരുത്തായി തീരുന്ന, ജാതിമതാടിസ്ഥാനത്തില്‍ മനുഷ്യജീവിതം വിഭജിക്കപ്പെടുന്ന ഒരു അവസ്ഥയില്‍ എത്തിച്ചേര്‍ന്നു.

പിന്നെ 2017ലും 2018ലും വീണ്ടും നമ്മള്‍ കാണുന്നത് ഇതിനേക്കാള്‍ ഭീകരമായ കാര്യമാണ്. അതായത് വംശഹത്യ നടക്കുമ്പോള്‍ തെരുവില്‍ ചോരയൊഴുകും, നിലവിളികളുയരും. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ വേട്ടക്കാരുടെ കൊലവിളികള്‍ക്കും ഇരകളുടെ നിലവിളികള്‍ക്കുമിടയില്‍ ഒരു നിമിഷം ജീവിതം സ്തംഭിക്കും. എന്നാല്‍ സൂക്ഷ്മ തലത്തിലുള്ള അട്ടിമറി ഇത്രത്തോളം തന്നെ അപകടകരമാണ്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിനേക്കാള്‍ അപകടകരമാണ്.

ഒന്നാം സംഘപരിവാര്‍ ഭരണത്തില്‍ നടന്ന ഏറ്റവും വലിയ അട്ടിമറി എന്നത്, 2018 മാര്‍ച്ചില്‍ അന്നത്തെ സംസ്‌കാരിക മന്ത്രിയായ മഹേഷ് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ചരിത്രം തിരുത്താനായി ഒരു പതിനാലംഗം സമിതി രൂപീകരിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലിരിക്കുന്ന കെ. എന്‍. ദീക്ഷിത് ആയിരുന്നു സമിതിയുടെ ചെയര്‍മാന്‍.

കെ. എന്‍. ദീക്ഷിത്

അതിന് മുമ്പ് ഇന്ത്യന്‍ ചരിത്രം തിരുത്താന്‍ അനൗദ്യോഗികമായി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടായിരുന്നു, പല തിരുത്തലുകളും നടത്തിയിട്ടുണ്ട് എന്നുകൂടി നമ്മള്‍ മനസ്സിലാക്കണം. എന്നാല്‍ ചരിത്രം തിരുത്താന്‍ ഔദ്യോഗികമായ കമ്മീഷന്‍ ഇന്ത്യയില്‍ ആദ്യമായി നിലവില്‍ വരുന്നത് 2018ലാണ്.

ഇതേ 2018ല്‍ ഒരു വൈജ്ഞാനിക വിജ്ഞാന്‍ സംഘം എന്ന പേരില്‍ ഒരു ഒത്തുചേരല്‍ നടന്നു. ആ വൈജ്ഞാനിക ഒത്തുചേരലില്‍ അന്‍പത്തൊന്ന് സര്‍വകലാശാലകളിലെ വി.സിമാര്‍ പങ്കെടുത്തു. എഴുന്നൂറിലേറെ വിദ്യാഭ്യാസ വിദഗ്ധരെ പങ്കെടുപ്പിച്ചു. എന്നിട്ട് ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള സംഘപരിവാറിന്റെ കാഴ്ചപ്പാട്, അതായത് മേല്‍ക്കോയ്മ ദേശീയത. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദേശീയതയെ പുറന്തള്ളി ഇന്ത്യന്‍ ജനതയില്‍ വലിയ ഒരു വിഭാഗത്തെ പുറത്തുനിര്‍ത്തുന്ന ഒരു ദേശീയത. അത്തരം ദേശീയത ഇന്ത്യയിലാകെ അടിച്ചേല്‍പ്പിക്കാനുള്ള ആസൂത്രിതമായ പദ്ധതിയാണ് അവിടെ നടന്നത്.

ഞാന്‍ പറഞ്ഞത് 2014 മുതല്‍ പതിനാറാം ലോകസഭയില്‍ സംഘപരിവാര്‍ നേടിയ വിജയം ഇന്ത്യന്‍ മതനിരപേക്ഷതയെ പരാജയപ്പെടുത്താനുള്ള സന്ദര്‍ഭമാക്കി അവര്‍ മാറ്റി. അങ്ങനെ മാറ്റിക്കഴിഞ്ഞപ്പോള്‍ ഇവിടെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉണ്ടായി. പതിനേഴാം ലോകസഭ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ പരാജയപ്പെടുമെന്ന് പലരും പ്രതീക്ഷിച്ചു. സത്യം ജയിക്കുമെങ്കില്‍ സത്യത്തില്‍ അവര്‍ പരാജയപ്പെടണം. പക്ഷേ അവര്‍ വമ്പിച്ച ഭൂരിപക്ഷത്തോട് കൂടി വിജയിച്ചു.

ഏറെക്കുറെ 2002ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷം നരേന്ദ്ര മോദിക്ക് ലഭിച്ച വലിയ പിന്തുണയാണ് അത് ഓര്‍മിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ പിന്തുണയുടെ പിറകില്‍ കോര്‍പറേറ്റ് ശക്തികളുടെ പങ്കും. ഒരുപക്ഷേ കോര്‍പറേറ്റ് ശക്തികള്‍ കണ്ടെത്തിയ ഒരു പ്രധാനപ്പെട്ട സാന്നിധ്യമാണ് നരേന്ദ്ര മോദി, എന്ന വിമര്‍ശനം. അത് വ്യാപകമായി ആ കാലത്ത് ഉയര്‍ന്ന് വന്നിരുന്നു.

ഞാന്‍ പറയുന്നത് 2019ല്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ നേരത്തെ തുടര്‍ന്ന ജനാധിപത്യവിരുദ്ധ, മതനിരപേക്ഷവിരുദ്ധ കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന തരത്തിലുള്ള പെരുമാറ്റങ്ങളാണ് ഇന്ത്യന്‍ ഭരണകൂടത്തിലുണ്ടായത്. അതിന്റെ ഭാഗമായി 2019 ഡിസംബര്‍ 12ന് പൗരത്വ ഭേദഗതി നിയമം എന്ന പേരില്‍, ഇന്ത്യയിലെ ജനതക്ക് യാതൊരു പ്രശ്നവുമുണ്ടാക്കാതിരുന്ന പൗരത്വം അവരുടെ ജീവിതത്തില്‍ പ്രധാന പ്രശ്നമായി തീരുന്ന വിധം, തീര്‍ക്കുന്ന വിധം ഒരു നിയമം കൊണ്ടുവന്നു.

നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം ഇന്ത്യയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് പല കാലങ്ങളില്‍ പല പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും വായു മലിനീകരണത്തിന്റെയും പ്രശ്നമുണ്ട്. പക്ഷേ ഇവിടെ ജനിച്ച്, ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും പൗരത്വത്തെ കുറിച്ച് ഉത്കണ്ഠയുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് നിരവധി ഉത്കണ്ഠകളുടെ കൂട്ടത്തില്‍ പൗരത്വത്തെ കുറിച്ചുള്ള ഉല്‍കണ്ഡയുടെ ഭാരം കൂടി. ഇന്ത്യന്‍ ജനത പ്രത്യേകിച്ചും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ മുസ്‌ലിങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ഒരു പശ്ചാത്തലം രൂപികരിക്കപ്പെട്ടു. അത് അവിടെ നിന്നില്ല. അതിന് എതിരെ വമ്പിച്ച പ്രതിഷേധങ്ങള്‍ വന്നു. പ്രതിഷേധങ്ങളെ പരിഹസിക്കുകയും പുച്ഛിക്കുകയുമാണ് ചെയ്തത്. സമരക്കാരുടെ വസ്ത്രം നോക്കിയാല്‍ അവരുടെ ലക്ഷ്യം മനസ്സിലാവും.

ഈ സമരം നടക്കുന്ന അതേ സമയത്താണ് 2019ല്‍ ന്യൂസിലാന്‍ഡില്‍ ജസീന്ദ കേറ്റ് ലോറല്‍ ആര്‍ഡേന്‍ എന്ന് പറയുന്ന ഒരു പ്രധാനമന്ത്രി, അവിടെ മുസ്‌ലിം പള്ളിക്കെതിരെ ഭീകരാക്രമണമുണ്ടായപ്പോള്‍ അവരുടെ തലയില്‍ സ്‌കാര്‍ഫ് ധരിച്ചിട്ട് ഐക്യം പ്രഖ്യാപിക്കുകയാണ് ചെയ്തത്. അവിടെ വസ്ത്രത്തെ അവര്‍ ഐക്യത്തിന്റെ ഒരു വലിയ പ്രതീകമാക്കി ഉയര്‍ത്തി ജനാധിപത്യത്തിന്റെ അഭിമാനം ഉയര്‍ത്തി പിടിച്ചു.

എന്നാല്‍ അതേസമയം ഇന്ത്യയില്‍ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് വേണ്ടി നടത്തിയ ഒരു സമരത്തെ വസ്ത്രം അടിസ്ഥാനമാക്കി അപഹസിക്കുന്ന തരത്തിലേക്കുള്ള ഒരു സംഭവം വന്നു. പക്ഷേ, അതെല്ലാം വരാനിരിക്കുന്ന വലിയ അപകടങ്ങളുടെ തുടക്കമായിരുന്നു എന്ന് തിരിച്ചറിയുന്നതില്‍ ഇന്ത്യന്‍ ജനത വേണ്ടത്ര വിജയിച്ചില്ല.

ഇന്ത്യന്‍ ജീവിതത്തിന്റെ വൈവിധ്യത്തെ കുറിച്ച് പറയുമ്പോള്‍ ആ വൈവിധ്യത്തിന്റെ രാഷ്ട്രീയമായ അംഗീകാരമാണ് ഫെഡറിലിസം. ആ ഫെഡറല്‍ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് 2020 ആഗസ്റ്റ് 5ന് 29 സംസ്ഥാനമുണ്ടായിരുന്ന ഒരു രാഷ്ട്രം പെട്ടെന്ന് 28 സംസ്ഥാനമായി മാറിയത്. ഒരു സംസ്ഥാനം എവിടെ പോയി. ഫെഡറിലിസത്തിന് എതിരായുള്ള ഒരു വലിയ യുദ്ധ പ്രഖ്യാപനമായിരുന്നു. ഇതിന്റെയൊക്കെ തുടര്‍ച്ചയിലാണ് ഇന്ന് നടക്കുന്ന രാമനവനവമി ഉഝവം എന്നത് നമ്മള്‍ കൃത്യമായിട്ടും തിരിച്ചറിയേണ്ടതുണ്ട്. രാമനവനവമി ഉഝവം സംഘര്‍ഷപരമാകുന്നതിന്റെ ഒരു പശ്ചാത്തലം പരിശോധിക്കുമ്പോള്‍ വീണ്ടും നമ്മള്‍ ഓര്‍ക്കേണ്ട സംഭവമുണ്ട്. അത് ഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊന്ന് ആള്‍ക്കൂട്ട കൊലയെ പിന്തുടര്‍ന്ന് വ്ന്ന ജയ്ശ്രീറാം എന്ന അലര്‍ച്ച.

ആ അലര്‍ച്ച വന്നപ്പോള്‍ അതിനെതിരെ ഞാന്‍ നിരവധിയായ തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഇത് നിരുപദ്രവമല്ല, നിഷ്‌കളങ്കമല്ല. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയവികാരമാണ് രാമന്‍. ആരുടെയും പ്രത്യേകിച്ച് ആഹ്വാനമില്ലാതെ അവര്‍ രാമനാമം ജപിച്ച് കൊണ്ടിരിക്കുകയാണ്. ഇത് ആ രാമനാമത്തിന്റെ തുടര്‍ച്ചയല്ല. ഇത് ആ രാമനാമത്തിന്റെ നിഷേധമാണ്. കാരണം, മഹാത്മ ഗാന്ധിയുടെ കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന് എപ്പോഴും പേടിയാണ്. ഈ പേടിയില്ലാതാക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ വീട്ടിലെ സഹായിയായിരുന്ന രംഭ എന്ന സ്ത്രീയാണ് രാമനാമം ജപിച്ചാല്‍ മതിയെന്ന് പറഞ്ഞത്. അങ്ങനെ ഗാന്ധി തന്റെ പേടിയും രാജ്യത്തിന്റെ പേടിയും ഇല്ലാതാക്കാന്‍ വേണ്ടിയുച്ഛരിച്ച രാമനാമമാണ് ജനങ്ങളെ പേടിപ്പിക്കുന്ന തരത്തില്‍ ഉച്ഛരിക്കുന്നത്.

അതില്‍ ഭക്തിയില്ല. അത് ഒരു തരം കൊലവിളിയാണ്. ജയ്ശ്രീറാം എന്ന അലര്‍ച്ച വലിയ ഒരു കൊലവിളിയായിട്ട് ഇന്ത്യന്‍ അന്തരീക്ഷത്തെ ഭയപ്പെടുത്തി അതേ കാലത്ത് ഇത് രാമനാമത്തിന്റെയും ഭക്തിയുടെയും തുടര്‍ച്ചയല്ലായെന്നും, ഇത് ഇന്ത്യന്‍ ഫാസം ഭക്തിയെ പിടിച്ചെടുക്കുന്നതിന്റെ ഭാഗമാണെന്നും ഭക്തരടക്കമുള്ള ഭക്തിയില്ലാത്ത വ്യത്യസ്ഥ ഭക്തിയുള്ള മുഴുവന്‍ മനുഷ്യരും ഇതിനെതിരെ ഒന്നിച്ച് പ്രതികരിക്കണമെന്നും സാംസ്‌ക്കാരിക വിമര്‍ഷകര്‍ പറഞ്ഞിട്ടുണ്ട്. എന്റെ ഒരു പുസ്തകത്തിന്റെ പേര് തന്നെ ‘സീത ജയ്ശ്രീ റാം വിളിച്ചിട്ടില്ല’ എന്നാണ്. അങ്ങനെ പറയാന്‍ കാരണം കുമാരനാശാന്റെ കവിതയുടെ അടിസ്ഥാനത്തിലും ഇന്ത്യയില്‍ നടന്ന് കൊണ്ടിരിക്കുന്ന ജയ്ശ്രീ റാം അലര്‍ച്ചയെ പ്രതിരോധിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഒരു പുസ്തകത്തിന് ആ വിധം പേര് നല്‍കുന്നത്.

അങ്ങനെ ജയ്ശ്രീറാം അലര്‍ച്ചകള്‍ അത്പോലെ ആരാധനാലയങ്ങളിലെ വിശ്വാസത്തെ ചൊല്ലിയുള്ള ചെറിയ തര്‍ക്കങ്ങള്‍. അതിന്റെ കൂട്ടത്തിലാണ് ഹിജാബ്, ഹലാല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. ഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊന്ന അതേ ആളുകള്‍ തന്നയാണ് ഭക്ഷണത്തെ കുറിച്ചുള്ള തര്‍ക്കം രൂപപ്പെടുത്തിയത്. ഹലാല്‍ കഴിക്കുന്നവര്‍ ഹലാല്‍ കഴിക്കട്ടെ, ഹലാല്‍ കഴിക്കാത്തവര്‍ ഹലാല്‍ കഴിക്കണ്ട, ഒന്നും വേണ്ടാത്തവര്‍ സൗരോര്‍ജത്തില്‍ നിന്നുമൊക്കെ ഊര്‍ജം സ്വീകരിച്ച് കൊണ്ട് ഭക്ഷണം തന്നെ തിരസ്‌കരിക്കുന്ന ചില വ്യക്തികളെ കുറിച്ച് നമ്മള്‍ വായിച്ചിട്ടുണ്ട്. അവര്‍ക്ക് ഹലാലും ഹറാമും ബാധകമല്ല. അവര്‍ ആ രീതിയിലാണ് ജീവിക്കുന്നത്.

നൂറ്റാണ്ടുകളായി തുടരുന്ന വ്യത്യസ്ത വിശ്വാസങ്ങളുണ്ട്. ആ വിശ്വാസങ്ങളെ വിരോധങ്ങളാക്കി തീര്‍ത്ത് പരസ്പരം ഏറ്റുമുട്ടിക്കാന്‍ ശ്രമിക്കുന്നതാണ് ഹലാല്‍ വിവാദത്തിലൂടെ ഉദ്ദേശിക്കുന്നത്. പിന്നെ ഹിജാബ് എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കുമറിയാം വിശ്വാസത്തിന്റെ ഭാഗമായി തല മറയ്ക്കുന്നവരുണ്ട്, ആചാരങ്ങളുടെ ഭാഗമായി തല മറയ്ക്കുന്നവരുണ്ട്. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെ കുറിച്ച് പറഞ്ഞത് പോലെ പൂര്‍ണ നഗ്‌നരായിട്ട് ലക്ഷക്കണക്കിന് സന്യാസിമാരുമുണ്ട്. അവരുടെ ഭക്തിയുടെ ആവിഷ്‌കാരം മറ്റുള്ളവര്‍ക്ക് മുറിവുണ്ടാക്കുന്നല്ലെങ്കില്‍ അത് മുന്നോട്ട് കൊണ്ട്പോകാന്‍ അവര്‍ക്ക് അവകാശമുണ്ട്.

അവര്‍ വസ്ത്രം ധരിച്ച് ആളുകളുടെയിടയില്‍ വന്ന് പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ നൃത്തം വെക്കുന്നില്ല. അവര്‍ അവരുടെതായുള്ള വിശ്വാസ ലോകത്തില്‍ ജീവിച്ച് പോവുകയാണ്. അത് മറ്റുള്ളവരുടെ വിഷയമല്ല. ഇതിനെ കുറിച്ചും ഹിജാബിനെ കുറിച്ചും ആശയപരമായി സംവാദമാവാം. പക്ഷേ ഹിജാബ് ധരിക്കാന്‍ പാടില്ല, ധരിക്കാന്‍ അനുവദിക്കില്ല എന്ന് കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിഷയമുണ്ടായിരുന്നു. കാവി ഷാള്‍ ധരിക്കാന്‍ ആളുകള്‍ക്ക് അവകാശമുണ്ട്, പക്ഷേ ഹിജാബിന്റെ വിപരീതമല്ല കാവി ഷാള്‍ എന്ന് നമ്മള്‍ മനസ്സിലാക്കണം. സസ്യാഹാരങ്ങള്‍ കഴിക്കാന്‍ ആളുകള്‍ക്ക് അവകാശമുണ്ട്. പക്ഷേ സസ്യാഹാരത്തിന്റെ വിപരീതമല്ല മാംസാഹാരം. ഏത് മാംസാഹാരമുണ്ടാക്കുമ്പോഴും പച്ചക്കറിയും മുറിച്ചിടാറുണ്ടല്ലോ.  വിപരീതങ്ങളും, വ്യത്യസ്ത വിരോധങ്ങളും ഉണ്ടാക്കുകയാണ് എന്നാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്. ആശയസംവാദങ്ങളെ അലര്‍ച്ചകളും ആക്രോശങ്ങളുമാക്കുകയാണ്.

ഈ രീതിയില്‍ 2019 മുതല്‍ തന്നെ പല തരം അട്ടിമറികള്‍ നടക്കുന്നുണ്ട്. ആ അട്ടിമറികളുടെ തുടര്‍ച്ചയിലാണ് 2021 ഡിസംബര്‍ 17, 18, 19 തിയ്യതികളിലെ ധര്‍മസന്‍സദ് എന്ന് പറയുന്ന മതസമ്മേളനത്തിലെ പ്രഭാഷണങ്ങള്‍ കാണേണ്ടത്. അതിന് സത്യത്തില്‍ മതവുമായി ഒരു ബന്ധവുമില്ല. ഇന്ത്യക്കാരെ കുറിച്ച് ആലോചിക്കുമ്പോള്‍ നമുക്ക് മറക്കാനാവാത്ത രണ്ട് മതസമ്മേളനങ്ങളുണ്ട്. ഒന്ന് 1893ല്‍ ചിക്കാഗോവില്‍ വിവേകാനന്ദന്‍ പങ്കെടുത്ത ലോകമത സമ്മേളനമാണ്. ആ മത സമ്മേളനത്തില്‍ സകല മനുഷ്യരെയും സഹോദരി സഹോദരന്മാരെ എന്ന് വിളിച്ച്കൊണ്ട് അപരത്വത്തിന്റെ, അപരവല്‍ക്കരണത്തിന്റെ അടിത്തറ പൊളിക്കുകയാണ് വിവേകാനന്ദന്‍ ചെയ്തത്. അദ്ദേഹം പറയുന്നുണ്ട് എന്റെ രാഷ്ട്രത്തിന്റെ ഭാഷയായ സംസ്‌കൃതത്തില്‍ അപരം എന്ന് അര്‍ത്ഥം വരുന്ന ഒറ്റ വാക്ക് പോലുമില്ല എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ട് എന്ന്.

സംസ്‌കൃതത്തില്‍ അങ്ങനെ ഒരു വാക്കുണ്ടോ ഇല്ലയോ എന്നത് സംവാദ വിഷയമാണ്. പക്ഷേ, ആ സംവാദത്തിലേക്ക് കടക്കുന്നതിന് മുമ്പ് വിവേകാനന്ദന് അത്തരം ഒരു സ്വകാര്യ അഭിമാനം പങ്കുവച്ച ആ ഒരു വികാരം വലുതാണ്. രണ്ടാമത്തെ സമ്മേളനം 1924ല്‍ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ആലുവയില്‍ നടന്ന സര്‍വമത സമ്മേളനമാണ്. ഈ രണ്ട് സമ്മേളനങ്ങളിലും, പിന്നെ നമ്മുടെ നാട്ടില്‍ നടന്ന പല ചെറുതും വലുതുമായ സമ്മേളനങ്ങളിലും മനുഷ്യര്‍ തമ്മിലുള്ള സൗഹൃദവും സമാധാനവുമാണ് മതത്തിന്റെ തത്ത്വം എന്ന് വിവിധ മതത്തില്‍ പെട്ടവര്‍ ഊന്നിപറഞ്ഞ് പല തവണ നമ്മള്‍ കേട്ടിട്ടുണ്ട്.

എന്നാല്‍ ആദ്യമായി ഇന്ത്യ ചരിത്രത്തില്‍ ഹരിദ്വാറില്‍ നടന്ന ധര്‍മസന്‍സദ് വേറിട്ട് നില്‍ക്കുകയാണ്. ഇതിന്റെയൊക്കെ തുടര്‍ച്ചയിലാണ് ജനങ്ങളില്‍ ഉഝാഹവും ഉണര്‍വും ഉണ്ടാക്കേണ്ടത്. എല്ലാ വിഭാഗം ആളുകളും ഒത്ത്ചേരുന്ന, ഒത്ത് ചേരുന്ന എന്ന് പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത്. എല്ലാ ഉത്സവങ്ങള്‍ക്കും രണ്ട് തലങ്ങളുണ്ട്. ഒന്ന് അതിന്റെ ആത്മീയ തലം, മറ്റൊന്ന് അതിന്റെ ഭൗതീകതലം. ആ ആത്മീയതയുമായി ബന്ധപ്പെട്ട് ആളുകള്‍ മാത്രം പങ്കുവെക്കുന്നതാണ്. എന്നാല്‍ ഉത്സവത്തിന്റെ ഒരു ഭൗതീകതലമുണ്ട്.

അധിക ഭക്ഷണം, പുതിയ വസ്ത്രം, സൗഹൃദം, യാത്ര, ഒത്തുചേരല്‍, ഒന്നിക്കല്‍, പലതരം കളികള്‍. ഇങ്ങനെയുള്ള എല്ലാ ഉത്സവത്തിനും ആ നാടൊന്ന് ഇളകിമറിയും. പലതരം കച്ചവടക്കാര്‍ വരും. എല്ലാ വിഭാഗത്തിലുള്ള ജനങ്ങളും അവിടെ ഒത്ത്ചേരുകയല്ലേ. ഇതാണ് നമ്മുടെ ഇത് വരെയുള്ള അനുഭവം. ആ അനുഭവത്തെ അട്ടിമറിക്കുന്ന തരത്തില്‍ നമ്മുടെ ജീവിതത്തെ അലക്ഷിതമാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ചെറുതും വലുതുമായി മുമ്പൊക്കെ ചില പ്രദേശങ്ങളില്‍ നമ്മള്‍ കണ്ട് വരാറുണ്ട്. പക്ഷേ ഇത്ര വ്യാപകമായിട്ട് വെറുപ്പിന്റെ ഒരു വൈറസ് വ്യാപിക്കാന്‍ എന്താണ് കാരണം. അതിന്റെ ഒരു പ്രധാന കാരണം 2014ല്‍ നിലവില്‍ വന്ന ഇന്ത്യയിലെ ഫാസിസ്റ്റ് സര്‍ക്കാരാണ്. രണ്ടാമത് ഒരു കലാപം ഉണ്ടാകുമ്പോള്‍ അത് അവസാനിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കാറുണ്ടായിരുന്ന മതനേതൃത്വത്തില്‍ ഒരു വിഭാഗം, പ്രത്യേകിച്ച് ഈ ധര്‍മസന്‍സദ്.

ഈ ധര്‍മസന്‍സദിലെ ആത്മീയ നേതാക്കള്‍ എന്ന് പറയപ്പെടുന്നവരുടെ അവസ്ഥ എന്താണ്. പ്രധാനപ്പെട്ട ഒരു നേതാവ് യതി നരസിംഹാനന്ദ സരസ്വതി മഹാരാജ്, മറ്റൊന്ന് പ്രഭോദാനന്ദ ഗിരി. ഇവര്‍ രണ്ട് പേരും പങ്കെടുത്ത അതേ മീറ്റിംഗിലാണ് പ്രശസ്തനായ പൂജഷഗുന്‍ പാണ്ഡേ എന്ന് പറയുന്ന ഹിന്ദു നഹാസഭയുടെ നേതാവ് പങ്കെടുത്തത്. ഇതിന്റെ പൊരുള്‍ എന്താണെന്ന് അതില്‍ നിന്ന് തന്നെ വ്യക്തമാണ്.

ഇദ്ദേഹം പ്രശസ്തനായതിന് കാരണം 2019ല്‍ ഇന്ത്യന്‍ സ്വാതന്ത്യത്തിന്റെ 73ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മഹാത്മ ഗാന്ധിയുടെ കോലം ഉണ്ടാക്കിയിട്ട് അതിന് നേരെ വെടി വച്ചിട്ട്, നാഥുറാം ഗോഡ്‌സെക്ക് മുമ്പ് ജനിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ഗാന്ധിയെ വെടിവച്ച് കൊല്ലുമായിരുന്നു എന്ന് പറഞ്ഞ ആളാണ് പൂജഷഗുന്‍ പാണ്ഡേ. അതേ പോലെ ഉദിത്ത് ത്യാഗിയും ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. മാത്രമല്ല, ഈ ആത്മീയ നേതാക്കള്‍ എന്ന് പറയപ്പെടുന്നവരുടെ കാല്‍ക്കല്‍ ഉത്തരവാദിത്തപ്പെട്ട മന്ത്രിമാര്‍ വരെ കമഴന്നടിച്ച് വീഴുന്നു. പാദപൂജ നിര്‍വഹിക്കുന്നു.

ഹരിദ്വാര്‍ എന്ന പുണ്യനഗരത്തിലാണ് ആ പുണ്യത്തോട് ഒരു തരത്തിലും പൊരുത്തപെടാത്ത, അത്യന്തം പ്രകോപനപരമായ പ്രസംഗം യതി നരസിംഹാനന്ദ സരസ്വതി മഹാരാജ് നടത്തിയത്. ആ പ്രസംഗത്തിന്റെ ചുരുക്കം ഒറ്റ വാചകത്തില്‍ പറയുകയാണെങ്കില്‍ റോഹിഗ്യയില്‍ മുസ്ലീംങ്ങളെ വംശഹത്ത്യ നടത്തിയത് പോലെ ഇന്ത്യന്‍ മുസ്ലീങ്ങളെ വംശഹത്ത്യ നടത്തുന്ന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന യുവാക്കള്‍ക്ക് ഒരു കോടി രൂപ സമ്മാനം നല്‍കുമെന് പ്രഖ്യാപിച്ചത് ഏതെങ്കിലും കാലിക്കൂലി കാപാലിക സംഘത്തിന്റെ സമ്മേളനത്തില്‍ വച്ചല്ല, ഒരു ആത്മീയ സമ്മേളനത്തില്‍ വച്ചാണെന്നുള്ളത് ഒരു ഇന്ത്യക്കാരനെയോ ലോകത്തിലുള്ള മനുഷ്യനെയോ നടുക്കണം, ഞെട്ടിക്കണം. ആ പ്രസ്താവന വന്ന ഉടനെ സത്യത്തില്‍ ഇന്ത്യ ഇളകി മറിയണമായിരുന്നു. അതിനെതിരെയുള്ള പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ഇന്ത്യയിലാകെ ആഞ്ഞടിക്കണമായിരുന്നു. പക്ഷേ, പ്രതീക്ഷിച്ച പോലെ ഒന്നും സംഭവിച്ചില്ല. ചെറിയ പ്രതികരണങ്ങളുണ്ടായി.

യതി നരസിംഹാനന്ദ സരസ്വതി മഹാരാജ്

അവര്‍ ഒരു പ്രസ്താവന കൂടി പറഞ്ഞു. ശ്രീലങ്കയിലെ പുലി ഈഴം പ്രഭാകരനെ കുറിച്ച്. അത്പോലുള്ള ഹിന്ദി പ്രഭാകരന്മാരാണ് ഇന്ത്യയ്ക്കിന്ന് ആവശ്യം. നിങ്ങള്‍ എന്തും ചെയ്തോ, അതിന് ആരെയും പേടിക്കണ്ട എന്ന് ഉറപ്പ്കൊടുത്തു. ഞാന്‍ സൂചിപ്പിക്കുന്നത് ലോകത്തില്‍ ഒരിടത്തും വംശഹത്യക്കുള്ള പ്രത്യക്ഷ ആവിഷ്‌ക്കാരമായി മാറിയ ചരിത്രമില്ല. അതാണ് 2021 ഡിസംബറില്‍ നടന്നത്. നമ്മള്‍ മനസ്സിലാക്കേണ്ടത് 2022ല്‍ നമ്മള്‍ ഇപ്പോള്‍ എന്തിനെ കുറിച്ചാണോ ചര്‍ച്ച ചെയ്യുന്നത്, നമ്മുടെ മാധ്യമങ്ങള്‍ എന്തിനെ കുറിച്ചാണോ പരാമര്‍ശിക്കുന്നത്, നമ്മുടെ രാഷ്ട്രീയത്തിലെ സംഘപരിവാര്‍ ഫാസിസ്റ്റ് കക്ഷി ഒഴിച്ചുള്ള ബാക്കി എല്ലാ പ്രതിപക്ഷകക്ഷികളും ഒന്നിച്ച്ചേര്‍ന്ന് ഇത് ഈ നാട്ടില്‍ അനുവദിക്കില്ല എന്ന് പറയാന്‍ നിര്‍ബന്ധിതമായത് എന്തിനെകുറിച്ചാണോ അതിന്റെ വേരുകളെ കുറിച്ചാണ് ഞാന്‍ ഇത്രയും സമയം വളരെ സംക്ഷിപ്തമായി പറഞ്ഞത്.

ഇനി ഇതിന്റെ രണ്ടാം ഘട്ടം എന്ന് പറയുന്നത് ഇതിന്റെ സമകാലീന സന്ദര്‍ഭമാണ്. ഈ സമകാലീന സന്ദര്‍ഭം നോക്കുമ്പോള്‍ രണ്ട് മൂന്ന് കാര്യങ്ങള്‍ പരിഗണിക്കണം. ഒന്ന് 2022ല്‍ രാമനവമി ഉത്സവത്തിന്റെ ഭാഗമായി നമ്മുടെ ജീവിതത്തില്‍ ബോധപൂര്‍വ്വം സാഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഒരു രാഷ്ട്രീയമെന്താണ്. അത് വളരെ വ്യക്തമാണ്. ഇന്ത്യന്‍ ജനത ഇത് വരെ അനുഭവിക്കാത്ത വിധത്തിലുള്ള വിലക്കയറ്റത്തിലൂടെ, തൊഴിലില്ലായ്മയിലൂടെ, ജീവിത പ്രശ്നങ്ങളിലൂടെ കടന്ന് പോവുകയാണ്. ഓരോ ദിവസവും നമ്മള്‍ ഉപയോഗിക്കുന്ന പെട്രോള്‍ മുതല്‍ നിത്യജീവിത ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള നമ്മുടെ വസ്തുക്കളുടെ വരെ വില വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.

തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. സാധാരണ ജനങ്ങളുടെ മേല്‍ നികുതി ഭാരം കൂടുതല്‍ അടിച്ചേല്‍പ്പിച്ച് കൊണ്ടിരിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് എല്ലാ വിധം ഇളവുകള്‍ നല്‍കുന്നതില്‍ മത്സരിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ പൊതു മേഖല പൊളിച്ചടുക്കി വിറ്റ് കൊണ്ടിരിക്കുകയാണ്. ഇനി വില്‍ക്കാന്‍ എന്തുണ്ട് ബാക്കി. നമ്മുടെ വിമാനവും, തുറമുഖവും, എയര്‍പോര്‍ട്ടും എല്ലാം വില്‍പനക്ക് വെച്ചിരിക്കുകയാണ്.

ഈ അര്‍ത്ഥത്തില്‍ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ ഏറ്റവും നന്നായി നടപ്പിലാക്കപ്പെടുന്ന ഒരു പശ്ചാത്തലം. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ഒരു സമയം. ഇതിനെതിരെ ഒന്നിച്ച് ഇന്ത്യയിലെ തൊഴിലാളികളുള്‍പ്പടെ വമ്പിച്ച പണിമുടക്കങ്ങള്‍ നടത്തിയ സന്ദര്‍ഭം. ഈ ഒരു പശ്ചാത്തത്തില്‍ വലിയ ഒരു കര്‍ഷക സമരത്തിന്റെ മുമ്പില്‍ നിര്‍വാഹമില്ലാതെ ഇന്ത്യന്‍ ഭരണക്കൂടം മുട്ട് കുത്തിയ ഒരു അവസരം. ഈ ഒരു പശ്ചാത്തലത്തില്‍ അനിവാര്യമായും ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ വളര്‍ന്ന് വരുമെന്ന് ഉറപ്പുള്ള ഒരു ഐക്യം പൊളിക്കേണ്ടത് ഇന്ത്യന്‍ ഫാസിസത്തിന്റെ ആവശ്യമാണ്. അത് കൊണ്ട് വിചാര പ്രധാനമായ കാര്യങ്ങളില്‍ നിന്ന് അതിവൈകാരികമായ അവസ്ഥയിലേക്ക് ഇന്ത്യന്‍ അവസ്ഥയെ വഴിതിരിച്ച് വിടണം.

ആ വഴിതിരിച്ച് വിടുന്നതിന്റെ ഭാഗമായിട്ടാണ് ജനങ്ങളെ കൂടുതല്‍ ഐക്യപ്പെടുത്തേണ്ട ഉത്സവങ്ങളെ പോലും സംഘര്‍ഷത്തിലേക്കും സംഘടനത്തിലേക്കും കൊലവിളിയിലേക്കും നയിക്കുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നത്. അത് കൊണ്ട് രാമനവമി ഉത്സവം ഒരു ഒറ്റപ്പെട്ട പ്രശ്നമല്ല. മറിച്ച് അതില്‍ വലിയ ഒരു അജണ്ടയുണ്ട്. കാരണം, ഉത്സവമാവുമ്പോള്‍ ഇന്ത്യന്‍ ഫാസ്സിസത്തോട് യോജിക്കാത്ത ഒരു വിഭാഗത്തെയും അവര്‍ക്ക് അതില്‍ അണിനിരത്താന്‍ പറ്റും. എന്നിട്ട് ആ നിഷ്‌കളങ്കരായ മനുഷ്യരെ പോലും ഇത്തരത്തിലുള്ള കലഹങ്ങളുടെയും കൊലയാളികളുടെയും ഭാഗമായിട്ട് അറിയാതെ മാറ്റിതീര്‍ക്കാന്‍ പറ്റും. ഈ കൊലവിളിയ്ക്കും കൊലയ്ക്കും വിധേയരാവുന്ന മനുഷ്യരില്‍ തീര്‍ച്ചയായിട്ടും മതപരമായുള്ള ഒരു വൈരം സൃഷ്ടിക്കാന്‍ പറ്റും.

അങ്ങനെ സംഘപരിവാറിന് ഒരു അജണ്ടയുണ്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിലും അവര്‍ വ്യാപകമായി പ്രചരിപ്പിച്ചത് 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഇത് വരെ ഇന്ത്യയിലെ ഒരു തെരഞ്ഞെടുപ്പിലും ഇത്രയും പ്രത്യക്ഷമായിട്ട് വര്‍ഗീയത കടന്ന് വന്നിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലാണ് നമ്മുടെ തെരഞ്ഞെടുപ്പ്. സോമശേഖര റെഡ്ഡി എന്ന് പറയുന്ന സംഘപരിവാറിന്റെ നേതാവ് പറഞ്ഞത് ഭൂരിപക്ഷത്തെ നിങ്ങള്‍ ഭയപ്പെടണം എന്നാണ്.

ഭൂരിപക്ഷത്തെ ഭയപ്പെടുക എന്നുള്ളതാണോ അതോ ഭയരഹിതമായി എല്ലാ ഇന്ത്യക്കാരും ജീവിക്കുക എന്നുള്ളതാണോ ഒരു തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തേണ്ട മുദ്രാവാക്യം. തേജസ്വീ സൂര്യ പറഞ്ഞത് നമ്മള്‍ ഹിന്ദുക്കള്‍ ഉയര്‍ത്തെഴുന്നേറ്റ് നിവര്‍ന്ന് നിന്നിട്ടില്ലെങ്കില്‍ മുഗള്‍ ഭരണം ഇന്ത്യയില്‍ സ്ഥാപിക്കപ്പെടും എന്നുള്ളതാണ്. ഇങ്ങനെ സംഭ്രമജനകമായ സത്യവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത അതിവൈകാരികമായ പ്രസ്ഥാവനകള്‍ ഇറക്കിയിട്ട് വലിയ ഒരു അരക്ഷതത്തത്തിന്റെ അന്തരീക്ഷമിണ്ടാക്കുകയാണ്. അതിന് വേണ്ടി ഈ ഉത്സവത്തെ ഉപയോഗിക്കുകയാണ് സത്യത്തില്‍ അവര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

ഒരു ഉദാഹരണം കൂടി പറയാം കര്‍ണാടകയില്‍ ഹിജാബിന്റെയല്ലാതെ വളരെ വിചിത്രമായ വേറെ ഒരു തര്‍ക്കം ഉണ്ടായി. 11 മുതല്‍ 13 വയസ്സ് വരെയുള്ള സ്‌കൂളിലെ കുട്ടികള്‍ക്ക് പുഴുങ്ങിയ കോഴിമുട്ട ആഴ്ചയില്‍ മൂന്ന് ദിവസം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അത് വലിയ വാര്‍ത്തയായി വന്നു. നമുക്ക് ചിരി വരും. കാരണം, കുട്ടികള്‍ ഉഷാറായി, ക്ലാസില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അപ്പോഴാണ് മുട്ട കൊടുക്കാന്‍ പാടില്ല എന്ന് പറയുന്ന്ത്.

മുട്ട കഴിക്കുന്നവര്‍ കഴിച്ചാല്‍ മതി, വേണ്ടാത്തവര്‍ കഴിക്കണ്ട എന്ന് നമ്മള്‍ മനസ്സിലാക്കണം. പക്ഷേ, ആ സമരത്തില്‍ കുട്ടികള്‍ ഒരു തീരുമാനമെടുത്തു. നിങ്ങള്‍ ഇത് വിലക്കുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ മതങ്ങളുടെ അകത്ത് വന്നിട്ട് മുട്ട കഴിക്കും എന്ന് കുട്ടികള്‍ പറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് മാംസം മാത്രമല്ല. മറിച്ച് ഒരു ജനതയുടെ ജീവിതം, ഭാഷ, വിശ്വാസം, വസ്ത്രം, അഭിരുചി, നിങ്ങള്‍ തന്നെ വലിയ ഒരു തെറ്റാണ്. ഇത് ഞങ്ങള്‍ വെച്ച് പൊറുപ്പിക്കില്ല. ഇതാണ് ഫാസ്സിസത്തിന്റെ സന്ദേശം.

മോഹന്‍ ഭഗവത് പറഞ്ഞു ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന്. മാത്രമല്ല, അഹിന്ദുക്കളില്ലാത്ത ഇന്ത്യയാണ് എന്നും അവര്‍ പറഞ്ഞു. അതില്‍ പറഞ്ഞിരിക്കുന്നത് നല്ല ഹിന്ദു, വിശ്വസ്തനായ ഹിന്ദു, സന്ദേഹിയായ ഹിന്ദു, അഞ്ജനായ ഹിന്ദു, അഭിമാനമില്ലാത്ത ഹിന്ദു എന്നിങ്ങനെയാണ്. എന്ന് പറഞ്ഞാല്‍ ഇന്ത്യന്‍ ജനതയെ അവരുടെ വൈവിധ്യമനുസരിച്ച് മനസ്സിലാക്കുന്നതിന് പകരം വളരെ കൃത്രിമമായ ചില കാഴ്ച്പ്പാടുകളാണ് രൂപപ്പെടുത്തികൊണ്ടിരിക്കുന്നത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് രാമനവമിയിലെ ആ അലര്‍ച്ചയുടെ വേറെ ഒരു രൂപമായിട്ടാണ് കാണുന്നത്. പക്ഷേ ആ അലര്‍ച്ചയില്‍ പങ്കെടുത്തതിനെക്കാള്‍ കൂടുതല്‍ ആളുകളെ ഈ ഉത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയും. കാരണം, ഉത്സവത്തിന് ഒരു ബഹുജന സ്വഭാവമുണ്ട്. ആ ബഹുജന സ്വഭാവം, പൊളിക്കാന്‍ ഉത്സവത്തിന് പങ്കെടുക്കുന്ന ബഹുജനങ്ങളെ ഉപയോഗപ്പെടുത്തുക എന്ന വലിയ ഒരു രാഷ്ട്രീയ തന്ത്രമാണ്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ ഒരു വലിയ ഐക്യമുന്നണിയായി മുന്നോട്ട് വന്നിരിക്കുന്നു എന്നുള്ളത് ഇന്ത്യയിലെ മതനിരപേക്ഷ മാനവിക ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം വളരെ ആഹ്‌ളാദകരമാണ്.

Content Highlight: K.E.N. about the communal politics of BJP and Sanghparivar in India against Muslims