2.3 ദശലക്ഷത്തോളമുള്ള ഗസക്കാരുടെ സ്ഥിതി ഗുരുതരമാണ്; അടിയന്തര മാനുഷിക ഇടനാഴി വേണം: ജസ്റ്റിന്‍ ട്രൂഡോ
ഒട്ടോവ: അടിയന്തരമായി ഗസയിലേക്ക് മാനുഷിക ഇടനാഴി തുറക്കണമെന്ന് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ. 2.3 ദശലക്ഷത്തോളം വരുന്ന ഗസ നിവാസികളുടെ സ്ഥിതി ഗുരുതരമാന്നെന്നും അവരെ അടിയന്തരമായി സഹായിക്കേണ്ടതുണ്ടെന്നും ഹൗസ് ഓഫ് കോമണ്‍സില്‍ തിങ്കളാഴ്ച അദ്ദേഹം പറഞ്ഞു.
‘തടസ്സമില്ലാത്ത മാനുഷിക സഹായങ്ങള്‍ക്കും മാനുഷിക ഇടനാഴിയ്ക്കും കാനഡ ആവശ്യപ്പെടുന്നു. ഇതു വഴി ഗസയിലെ സാധാരണ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, ഇന്ധനം തുടങ്ങിയ അവശ്യ സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കും. ഇത് അനിവാര്യമാണ്.
അന്തരാഷ്ട്ര നിയമപ്രകാരം സ്വയം പ്രതിരോധിക്കാനുള്ള ഇസ്രഈലിന്റെ അവകാശത്തിനൊപ്പം കാനഡ ഉറച്ചു നില്‍ക്കുന്നു. എങ്കിലും യുദ്ധത്തിനും ചില നിയമങ്ങളുണ്ട്.
തീവ്രവാദം എപ്പോഴും പ്രതിരോധിക്കാനാകാത്തതാണ്. ഹമാസിന്റെ ഭീകരതയെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. ഹമാസ് ഫലസ്തീന്‍ ജനതയെയോ അവരുടെ അവകാശങ്ങളെയൊ അല്ല പ്രതിനിധനം ചെയ്യുന്നത്,’ ട്രൂഡോ പറഞ്ഞു.
ഗസ്‌ക്ക് സഹായം ലഭ്യമാക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ട്രൂഡോയുടെ പരാമര്‍ശം.
ഫലസ്തീന് നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് തിരിച്ചടിയായി ഇസ്രഈലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1300 അധികം പേര്‍ മരിച്ചിരുന്നു. ഇതിന് ശേഷം ഗസക്ക് മേല്‍ സമ്പൂര്‍ണ ഉപരോധ മേര്‍പ്പെടുത്തുകയും വ്യോമാക്രമണം തുടരുകയുമാണ് ഇസ്രഈല്‍. ഗസയില്‍ 2500ഓളം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കഴിഞ്ഞ ദിവസം മേഖലയിലെ ഉയര്‍ന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ലെബനനന്‍ വിടാന്‍ കാനഡ പൗരന്‍മാരോട് ആവശ്യപ്പെട്ടിരുന്നു.
ഇസ്രഈല്‍ വിടാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാര്‍ക്കായി കാനഡ രണ്ട് സൈനിക വിമാനങ്ങള്‍ അയച്ചിരുന്നു. ആദ്യ സംഘം സുരക്ഷിതമായി വെസ്റ്റ് ബാങ്കില്‍ നിന്നും ജോര്‍ദാനിലേക്ക് കടന്നു. റഫ ബോര്‍ഡര്‍ വഴി 300 ഓളം കാനഡക്കാരെ ഈജിപ്ത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇസ്രഈലിലെ ഹമാസ് ആക്രമണത്തില്‍ അഞ്ച് കാനേഡിയന്‍ പൗരന്‍മാര്‍ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാകുകയും ചെയ്തിരുന്നു.
Content highlight : Justin Trudeau calls for immediate humaniterian corridor for Gaza