മമ്മൂട്ടി നല്‍കിയ ഉപദേശത്തെ പറ്റി പറയുകയാണ് നടനും രാജന്‍ പി. ദേവിന്റെ മകനുമായ ജുബില്‍ രാജന്‍ പി. ദേവ്. താപ്പാനയുടെ ഷൂട്ടിനിടയില്‍ ഫൈറ്റ് സീനില്‍ വീണപ്പോള്‍ തന്റെ കാല്‍ മുറിയുകയും മരുന്ന് തേച്ച് തരുന്നതിനൊപ്പം ആരോഗ്യം സംരക്ഷിക്കേണ്ടതിനെ പറ്റി മമ്മൂട്ടി സംസാരിച്ചെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ജുബില്‍ പറഞ്ഞു.
‘താപ്പാനയില്‍ ഒരു ഫൈറ്റ് സീനുണ്ട്. മമ്മൂക്ക വന്ന് എന്നെ രക്ഷിക്കുന്നതായാണ്. ആദ്യസമയത്തെ പടങ്ങളാണ് അതൊക്കെ. ഫൈറ്റില്‍ ഞാന്‍ വീഴുന്ന സീനുണ്ട്. ആവേശത്തില്‍ വീണ് ഉരുണ്ട് മറിഞ്ഞുപോയി. അത് കഴിഞ്ഞ് എഴുന്നേറ്റ് നോക്കിയപ്പോഴാണ് മുട്ട് മുറിഞ്ഞിരിക്കുന്നത് കണ്ടത്.
മമ്മൂക്ക എന്നെ കാരവാനിലേക്ക് വിളിച്ചുകൊണ്ട് പോയി. ലിക്വിഡ് ബാന്റേഡ് ബ്രഷില്‍ മുക്കി എന്റെ കാലില്‍ അടിച്ചുതന്നു. അത് ഉണങ്ങി ബാന്റേഡ് പോലെ ആയിക്കോളും. അദ്ദേഹത്തിന്റെ സ്‌കിന്നില്‍ ഉപയോഗിക്കുന്ന ബ്രഷ് ആണ് അത്. അത് എന്റെ സ്‌കിന്നില്‍ തേച്ചു തന്നു. അത് പിന്നെ വാഷ് ചെയ്യാനൊന്നും പറ്റില്ല. എന്നോടത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കും അങ്ങനെ ചെയ്തത്.
പിന്നെ എന്നെ കുറെ ഉപദേശിച്ചു. ഇത്രയും ആവേശത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു. ആരോഗ്യം നോക്കേണ്ടത് നീയാണ്. ഇത്രയും ആവേശത്തിന്റെ ആവശ്യമില്ല. ചിലപ്പോള്‍ ഒരു പടം കൊണ്ട് വീട്ടിലിരിക്കേണ്ടിവരും. കുറെ പടങ്ങള്‍ ചെയ്യണ്ടേ, അപ്പോള്‍ ഫൈറ്റ് ചെയ്യുമ്പോള്‍ സൂക്ഷിക്കണം. ഡ്യൂപ്പ് ഇടുന്നതില്‍ ഒരു ഈഗോയും വിചാരിക്കണ്ട. നമ്മള്‍ എല്ലാത്തിലും എക്‌സ്‌പേര്‍ട്ട് അല്ല, നമുക്ക് അറിയാവുന്നത് അഭിനയിക്കാനാണ്.