ന്യൂദല്‍ഹി: എം.പിയായിരിക്കെ പാര്‍ലമെന്റില്‍ എത്തിക്കഴിഞ്ഞാല്‍ ദേശാടനപക്ഷി ആകുന്ന സെലിബ്രിറ്റി ആയിരുന്നില്ല ഇന്നസെന്റെന്ന് മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്. ഇന്നസെന്റിന്റെയത്ര ഭാഷകള്‍ അറിയാവുന്ന എം.പിമാര്‍ അപൂര്‍വമായിരുന്നുവെന്നും തന്റെ മണ്ഡലത്തിന്റെ വികസന കാര്യങ്ങള്‍ക്ക് അദ്ദേഹം ഈ കഴിവിനെ ഉപയോഗപ്പെടുത്തിയിരുന്നവെന്നും മീഡിയ വണ്‍ ദല്‍ഹി ബ്യൂറോ ചീഫായ ഡി. ധനസുമോദ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
എം.പിയെന്ന നിലയില്‍ ഇന്നസെന്റിനെ ഓഡിറ്റ് ചെയ്തതില്‍ മലയാളികള്‍ക്ക് തെറ്റി എന്ന് തോന്നാറുണ്ടെന്നും ധനസുമോദ് കുറിപ്പില്‍ പറയുന്നു. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യയിലെ മികച്ച എം.പിമാരില്‍ ഒരാളാണ് ഇന്നസെന്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്നസെന്റ് എന്ന എം.പിയുടെ ഏറ്റവും വലിയ കൈമുതല്‍ തെക്കേ ഇന്ത്യയിലെ നാല് ഭാഷകള്‍ ആയിരുന്നു. ഒഴുക്കോടെയുള്ള ഇന്നസെന്റിന്റെ കന്നഡ കേട്ട് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അമ്പരന്നു. റോഡ് വികസന പദ്ധതികള്‍ ചുവപ്പ് നാടയില്‍ കുടുങ്ങിയപ്പോള്‍ സെക്രട്ടറി ആന്ധ്രക്കാരന്‍ ആണെന്ന് മനസിലാക്കി തെലുങ്കില്‍ സംസാരിച്ചു കുരുക്കഴിച്ചു.
കേന്ദ്ര മന്ത്രിമാരുടെ ഓഫീസിലും സെക്രട്ടറിയുടെ അടുത്തും കയറി ഇറങ്ങി മണ്ഡലത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ഫണ്ട് കണ്ടെത്തി. പാര്‍ലമെന്റില്‍ എത്തിക്കഴിഞ്ഞാല്‍ ദേശാടനപക്ഷി ആകുന്ന സെലിബ്രിറ്റി ആയിരുന്നില്ല ഇന്നസെന്റ്. ഇത്രയും ഭാഷ അറിയാവുന്ന എം.പിമാര്‍ അപൂര്‍വമായിരുന്നു.
എം.പിയെന്ന നിലയില്‍ ഇന്നസെന്റിനെ ഓഡിറ്റ് ചെയ്തതില്‍ മലയാളികള്‍ക്ക് തെറ്റി എന്ന് തോന്നാറുണ്ട്. അഞ്ച് വര്‍ഷം കൊണ്ടുവലിയൊരു സൗഹൃദവലയം സൃഷ്ടിച്ചാണ് ദല്‍ഹിയില്‍ നിന്നും മടങ്ങിയത്. ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത നല്ലകാര്യങ്ങളാണ് മാനദണ്ഡം എങ്കില്‍ ഇന്ത്യയിലെ മികച്ച എം.പിമാരില്‍ ഒരാളാണ് ഇന്നസെന്റ്,’ ധനസുമോദ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ മരണം സ്ഥിരീകരിച്ചത്. ന്യുമോണിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അറിയിച്ചു. ബുധനാഴ്ച രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ വെച്ചാണ് സംസ്‌കാരം.