21ാം നൂറ്റാണ്ടിൽ ഇതാദ്യം; കങ്കാരുപടയെ അടിച്ചു വീഴ്ത്തിയ കരീബിയൻ കരുത്ത്
Football
21ാം നൂറ്റാണ്ടിൽ ഇതാദ്യം; കങ്കാരുപടയെ അടിച്ചു വീഴ്ത്തിയ കരീബിയൻ കരുത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th January 2024, 6:41 pm
ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിലെ ഒന്നാം ദിവസം അവസാനിച്ചിരിക്കുകയാണ്.

ഓസ്‌ട്രേലിയയുടെ തട്ടകമായ ഗാബയിലെ ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 89.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് നേടിയത്.

വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷുവ ഡ സില്‍വ 157 പന്തില്‍ 79 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകള്‍ പായിച്ചു കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്.

ഈ മിന്നും പ്രകടനത്തിനു പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്ററെ തേടിയെത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്.

സില്‍വക്ക് പുറമേ കാവേം ഹോഡ്ജും മികച്ച പ്രകടനം നടത്തി. 194 പന്തില്‍ 71 റണ്‍സാണ് ഹോഡ്ജിന്റെ ബാറ്റില്‍ നിന്നും പിറന്നത്. എട്ട് ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ഓസീസ് ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 20 ഓവറില്‍ 68 റണ്‍സ് വിട്ടു നല്‍കി കൊണ്ടായിരുന്നു സ്റ്റാര്‍ക്ക് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റും നായകന്‍ പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

അതേസമയം ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ വിജയിച്ചു കൊണ്ട് പരമ്പര സ്വന്തമാക്കാനാവും ഓസ്‌ട്രേലിയ ശ്രമിക്കുക. മറുഭാഗത്ത് രണ്ടാം ടെസ്റ്റ് വിജയിച്ചുകൊണ്ട് പരമ്പര സമനിലയാക്കാനാവും വെസ്റ്റ് ഇന്‍ഡീസ് ലക്ഷ്യമിടുക.

Content Highlight: Joshua Da Silva create a new record in test cricket.