നോട്ടുനിരോധനത്തിന്റെ അവസാനത്തെ ആരാധകരും ഇപ്പോള്‍ നിശ്ശബ്ദരാണ്. പുറത്തുവരുന്ന കണക്കുകള്‍ പറയുന്നത്, നരേന്ദ്ര മോഡി എന്ന പുതിയ തുഗ്ലക്കിന്റെ ഹിമാലയന്‍ മണ്ടത്തരങ്ങള്‍ മാത്രം. മോഡീ ഓഡിറ്റില്‍ ജോസഫ് സി മാത്യു.
”എനിക്ക് 50 ദിവസം തരൂ, എന്റെ തീരുമാനം തെറ്റാണെങ്കില്‍ നിങ്ങള്‍ക്കെന്നെ ജീവനോടെ കത്തിക്കാം”, നോട്ടുനിരോധനത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍, ജനം തങ്ങളുടെ ജീവിത സമ്പാദ്യമായ പണം വിനിമയം നടത്തിയെടുക്കുന്നതിനായി പെരുവഴിയില്‍ വരിനിന്ന കാലത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞ വാക്കുകളാണിത്.
പ്രധാനമന്ത്രി എന്ന നിലയില്‍ താന്‍ എടുത്ത ഒരു നിര്‍ണ്ണായക നടപടി സംബന്ധിച്ച് മുഴുവന്‍ ഉത്തരവാദിത്വവും എറ്റെടുക്കുക; ജനങ്ങള്‍ ആഗ്രഹിച്ച ഒരിന്ത്യ വെറും 50 ദിവസം കൊണ്ട് നമുക്ക് തരുമെന്ന് വാഗ്ദാനം ചെയ്യുക; അല്ലാത്തപക്ഷം ജനങ്ങള്‍ക്ക് തന്നെ തൂക്കിലേറ്റാമെന്ന് പ്രഖ്യാപിക്കുക; രാജ്യത്തെ സമ്പദ്ഘടനയെയും ജനജീവിതത്തെയും ഒരു മണിക്കൂറിനകം നിശ്ചലമാക്കിയ ഏറ്റവും സുപ്രധാനമായ തീരുമാനമായ നോട്ട് നിരോധനം മോഡി പ്രഖ്യാപിച്ചത് പ്രത്യക്ഷത്തില്‍ വലിയ ആത്മവിശ്വാസത്തോടെയാണ്.
കളളപ്പണം അവസാനിപ്പിക്കല്‍, വ്യാജനോട്ടുകള്‍ ഇല്ലാതാക്കല്‍, ഭീകര പ്രവര്‍ത്തനത്തിനുളള ധനശ്രോതസ്സുകള്‍ തടഞ്ഞ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കല്‍ എന്നിവയായിരുന്നു നോട്ടുനിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ‘BURN ME ALIVE IF I’M WRONG’ എന്നത് നോട്ടുനിരോധന തീരുമാനത്തിന്റെ അടിക്കുറിപ്പായി സ്തുതിപാഠകര്‍ പുകഴ്ത്തി.
രണ്ടുവര്‍ഷത്തിന് ശേഷം പാര്‍ലമെന്റിലെ വിടവാങ്ങല്‍ പ്രസംഗത്തിലോ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലോ മോഡി തന്റെ ഏറ്റവും പ്രധാനപ്പെട്ട നടപടി സംബന്ധിച്ച് ഒരക്ഷരംപോലും ഉരിയാടുന്നില്ല. എന്നാല്‍, അതുകൊണ്ട് മാത്രം മറക്കാവുന്നതാണോ പൊതുജനത്തിന് ഈ നടപടി ഉണ്ടാക്കിയ പ്രത്യാഘാതം?
2016 നവംബര്‍ എട്ടിന് രാത്രി 8.15നാണ് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിച്ചത്. അന്നുരാത്രി 12 മണിയ്ക്ക് ശേഷം 500, 1000 രൂപ നോട്ടുകളുടെ ക്രയവിക്രയം നിയമവിരുദ്ധമാക്കിക്കൊണ്ടുളളതായിരുന്നു ആ പ്രഖ്യാപനം. എന്തിനാണ് ഇത്ര തിടുക്കത്തില്‍, മണിക്കൂറുകള്‍ക്കകം ഈ കറന്‍സികള്‍ അസാധുവാക്കിയത്? എന്തുകൊണ്ട് ജനങ്ങള്‍ക്ക് രണ്ടാഴ്ച അല്ലെങ്കില്‍ ഒരുമാസം സമയം നല്‍കിയില്ല? ഇതിന് ഒരു കാരണം മാത്രമേയുളളൂ. കണക്കില്‍ പെടാത്ത പണം കൈവശം വച്ചിട്ടുളളവര്‍ ക്രയവിക്രയത്തിലൂടെ ആ പണം കൈമാറ്റം ചെയ്യരുത്.
മരവിപ്പിക്കപ്പെട്ട കറന്‍സി നോട്ടുകള്‍ ബാങ്കുകളിലല്ലാതെ മറ്റെങ്ങും കൈമാറാന്‍ കഴിയാതെ വരുമ്പോള്‍ ആ പണം നശിപ്പിച്ചുകളയുകയല്ലാതെ മാര്‍ഗമില്ലാതാവും. മുന്നറിയിപ്പില്ലാതെ നോട്ടുകള്‍ ഉടന്‍ മരവിപ്പിച്ചതിന് ഇതല്ലാതെ മറ്റു കാരണമില്ല. അപ്പോള്‍ പൊടുന്നനെ നിരോധിക്കാനുളള ഈ നീക്കത്തിന്റെ വിജയം അളക്കാന്‍ ഒരു പരിശോധന മാത്രമേ ആവശ്യമുളളൂ. നിരോധിച്ച കറന്‍സിയുടെ മുല്യമെത്ര, അതില്‍ ബാങ്കില്‍ തിരിച്ചെത്തിയ കറന്‍സികളുടെ മൂല്യമെത്ര എന്ന പരിശോധന.
യഥാര്‍ത്ഥത്തില്‍ നോട്ട് നിരോധനമല്ല, നോട്ട് മുന്നറിയിപ്പില്ലാതെ പൊടുന്നനെ നിരോധിച്ചതാണ് ജനങ്ങളെ ഇത്ര ദുരിതത്തിലാക്കിയത്. ഇതുള്‍പ്പെടെ താന്‍ പറഞ്ഞത് തെറ്റിയാല്‍ എന്നെ ജീവനോടെ കത്തിക്കാം എന്ന് പ്രധാനമന്ത്രി വെല്ലുവിളിച്ച ഈ നടപടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളും അവയുടെ ഫലശ്രുതിയും പരിശോധിക്കപ്പെടേണ്ടതുണ്ട്.
കളളപ്പണം ഇല്ലാതായോ?
നോട്ട് നിരോധനത്തിന് ഒരിക്കലും കളളപ്പണം ഇല്ലാതാക്കാന്‍ കഴിയില്ല. കാരണം പണം, സമ്പത്ത്, ആസ്തി എന്നിവ വ്യത്യസ്ത കാര്യങ്ങളാണ്. കളളപ്പണം എന്ന് നമ്മള്‍ പറയുന്ന കളള ആസ്തി, ഭൂമിയിലും ഓഹരി വിപണിയിലും, സ്വര്‍ണ്ണമായും വെളളിയായും വിദേശ നിക്ഷേപമായും സ്വരുക്കൂട്ടിയിട്ടിരിക്കുകയാണ്. നോട്ട് നിരോധനത്തിന് അപ്പോള്‍ കറന്‍സി രൂപത്തിലുളള കണക്കില്‍ പെടാത്ത നോട്ടുകള്‍ മാത്രമേ കണ്ടുകെട്ടാന്‍ കഴിയൂ. അതും കൃത്യമായി നടപ്പാക്കിയാല്‍ മാത്രം. അതായത്, ചെറിയ പരല്‍ മീനുകളെ മാത്രമേ നോട്ട് നിരോധനമെന്ന വലയില്‍ കുടുക്കാനാകൂ എന്നര്‍ത്ഥം.
മുകുള്‍ റോത്തഗി
ഭര്‍ത്താവ് അറിയാതെ ഭാര്യമാര്‍ സ്വന്തം ആവശ്യത്തിനായി സൂക്ഷിക്കുന്ന പണം ഒരു ഉദാഹരണം. ഏതാണ്ട് ഇത് മാത്രമാണ് കണ്ടുകെട്ടപ്പെട്ടതും. ചുരുക്കത്തില്‍ ഇത് നടത്തിപ്പില്‍ വന്ന വീഴ്ചയല്ല, നോട്ട് നിരോധനത്തിലൂടെ കളളപ്പണം ഇല്ലാതാക്കാം എന്നത് പമ്പര വിഡ്ഢിത്തമാണ്. ഇത് തിരിച്ചറിഞ്ഞതിന്റെ ജാള്യതയിലാണ് കണക്കുകള്‍ പുറത്ത് വിടാതെ, എണ്ണിക്കൊണ്ടിരിക്കുകയാണ് എന്ന് ഒരു വര്‍ഷത്തോളം പറയാന്‍ മോഡിയെ പ്രേരിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീംകോടതിയെ അറിയിച്ചത് 12 ലക്ഷം കോടിയിലധികം പണം ബാങ്കില്‍ തിരിച്ചെത്തില്ല എന്നാണ് സര്‍ക്കാര്‍ കരുതിയത് എന്നായിരുന്നു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്
നോട്ടുനിരോധനം പ്രഖ്യാപിക്കപ്പെട്ട ദിവസം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളിലായി 15.41 ലക്ഷം കോടി രൂപയാണ് സര്‍ക്കുലേഷനിലുണ്ടായിരുന്നത്. ഇതില്‍ 12 ലക്ഷം കോടി ബാങ്കുകളില്‍ തിരിച്ചെത്തുമെന്ന് കണക്കാക്കുന്നതായാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതായത്, അവശേഷിക്കുന്ന 3.41 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെതാകും എന്നായിരുന്നു അനുമാനം. ഫലത്തില്‍ അത്രയും തുകയുടെ നോട്ടുകള്‍ കണ്ടുകെട്ടപ്പെടും. എന്നാല്‍, മോഡി പിടിച്ചെടുത്തത് 10,720 കോടി മാത്രം. ജനങ്ങള്‍ക്ക് ഒരവസരം കൂടി നല്‍കിയാല്‍ ബാക്കി പണവും തിരിച്ചെത്തുമായിരുന്നു. വീട്ടമ്മമാരും പെന്‍ഷന്‍കാരും അത്തരത്തില്‍ തങ്ങളുടെ സ്രോതസ് വെളിപ്പെടുത്തിക്കൊണ്ട് പണം മാറ്റിയെടുക്കാന്‍ ഒരുവസരം കൂടി വേണമെന്ന് അപേക്ഷിച്ചിരുന്നു. അത് എന്തുകൊണ്ട് നല്‍കിക്കൂടാ എന്ന് കോടതി ചോദിച്ചിട്ടും സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല. (അത് നല്‍കിയിരുന്നെങ്കില്‍ ഈ പതിനായിരം കോടിയും ഒരു പക്ഷേ തിരിച്ചെത്തുമായിരുന്നു)
ഇത്തരമൊരു നോട്ട് മാറ്റിയെടുക്കല്‍ പ്രക്രിയയ്ക്ക് ചെലവായ തുകയെത്ര എന്നതു കൂടി പരിശോധിച്ചാല്‍ ഇതിന്റെ ലാഭനഷ്ട കണക്ക് വ്യക്തമാകും.
- പുതിയ 500, 2000 നോട്ടുകള്‍ പ്രിന്റ് ചെയ്യാനുളള ചിലവ് 12,877 കോടി രൂപ
- 2015-16 നെ അപേക്ഷിച്ച് 2016-17 ല്‍ റിസര്‍വ് ബാങ്ക് സര്‍ക്കാരിന് നല്‍കുന്ന ലാഭ വിഹിതത്തില്‍ വന്ന കുറവ് 35,217 കോടി രൂപ.
- നോട്ട് മാറ്റിയെടുക്കുന്നതിലും അതാതു സ്ഥലത്ത് എത്തിക്കുന്നതിനും മറ്റുമുണ്ടായ ചെലവുകളൊന്നും കണക്കാക്കാതെ തന്നെ അച്ചടിയിനത്തിലും ലാഭവിഹിതത്തിലുമുളള കുറവ് മാത്രം കണക്കാക്കിയാല്‍
- ചിലവ് 48,094 കോടി രൂപ.
- വരവ് ആകെ 10,720 കോടി രൂപ.
ഇതാണ് കളളപ്പണ വേട്ടയുടെ രത്നചുരുക്കം.
ബാങ്കിന് മുന്‍പില്‍ ക്യൂ നിന്ന് മരണമടഞ്ഞ 105 ആത്മാക്കള്‍ക്ക് സര്‍ക്കാര്‍ കണക്കില്‍ വില പൂജ്യമായത് കൊണ്ട് അത് കണക്കില്‍ പെടുത്തിയിട്ടില്ല. പുല്‍വാമയില്‍ മരിച്ച 40 ജവാന്‍മാര്‍ക്ക് വേണ്ടി പകരം ചോദിച്ച രാജ്യം, ഈ മരണങ്ങള്‍ക്ക് ഏത് സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ പകരം ചോദിക്കും?
കളളനോട്ടുകള്‍ ഇല്ലാതായോ?
കളളനോട്ട് ഇല്ലാതാക്കല്‍ എന്നത് ഒരു പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ചതല്ലാതെ അതിനുളള ഒരു ശ്രമവും സര്‍ക്കാര്‍ നടത്തിയില്ല. വിവിധ പഠനങ്ങള്‍ക്ക് ശേഷം കളളനോട്ട് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗം പോളിമര്‍ കറന്‍സിയിലേക്ക് മാറുക എന്നതായിരുന്നു. ഓസ്ട്രേലിയ, ന്യൂസിലാന്റ്, സിംഗപ്പൂര്‍, തുടങ്ങിയ രാജ്യങ്ങള്‍ ഇത് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ആര്‍ബിഐ ഇത് കൊച്ചിയുള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. പോളിമര്‍ കറന്‍സിയിലേക്ക് മാറാനുളള തീരുമാനം മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
നിലവിലുളള കറന്‍സി പിന്‍വലിച്ച് പുതിയവ അച്ചടിക്കുന്ന സമയമായിരുന്നു ആ മാറ്റത്തിന് ഏറ്റവും അനുയോജ്യമായത്. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഇത് സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയില്ലായ്മ വെളിവാക്കുന്നു.
കളളനോട്ടുകളുടെ ഇപ്പോഴത്തെ സ്ഥിതി
പുതിയ നോട്ടുകള്‍ അച്ചടിച്ച് കൊണ്ടിരുന്നപ്പോള്‍ തന്നെ വ്യാജനോട്ടുകള്‍ വിപണിയിലെത്തുകയും ചിലത് പിടിക്കപ്പെടുകയും ചെയ്തു. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 500 രൂപയുടെ 199 വ്യാജ കറന്‍സികളാണ് 2016-17 ല്‍ പിടിക്കപ്പെട്ടതെങ്കില്‍, 2017-18 ല്‍ അത് 9892 ആയി വര്‍ധിച്ചു. 2000 രൂപയുടെ 638 വ്യാജനോട്ടാണ് 2016-17 ല്‍ പിടിച്ചെടുത്തത്. 2017-18 ല്‍ ഇത് 17929 ആയും വര്‍ധിച്ചു. മാത്രമല്ല, 2015-16 ല്‍ 4.10 ലക്ഷം തവണ വ്യാജകറന്‍സികള്‍ കണ്ടെത്തിയത് 2016-17 ല്‍ 7.33 ലക്ഷം തവണയായി ഉയര്‍ന്നുവെന്നാണ് ധനമന്ത്രാലയത്തിന് കീഴിലുളള ഫിനാന്‍സ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റിപ്പോര്‍ട്ട്. ഈ ലക്ഷ്യത്തിലും സര്‍ക്കാരും നോട്ട് നിരോധനവും അമ്പേ പരാജയപ്പെട്ടു എന്നതിന് മറ്റ് തെളിവുകള്‍ തേടേണ്ടതില്ല.