ഞങ്ങള്‍ മുന്നണി വിട്ടതല്ല, യു.ഡി.എഫ് പുറത്താക്കിയത്; കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ തന്നെ ശ്രമിച്ചെന്ന് ജോസ് കെ. മാണി
Kerala News
ഞങ്ങള്‍ മുന്നണി വിട്ടതല്ല, യു.ഡി.എഫ് പുറത്താക്കിയത്; കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ തന്നെ ശ്രമിച്ചെന്ന് ജോസ് കെ. മാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th May 2021, 9:19 am

കോഴിക്കോട്: കേരള കോണ്‍ഗ്രസ് സ്വയം യു.ഡി.എഫ് വിട്ടതല്ലെന്ന് ജോസ്. കെ മാണി. യു.ഡി.എഫ് തങ്ങളെ പുറത്താക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യു.ഡി.എഫിന്റെ ഭാഗമായി നിന്നപ്പോള്‍ കുറെ നല്ല കാര്യങ്ങള്‍ ചെയ്തു എന്ന് പറഞ്ഞു, എങ്കില്‍ എന്തിനാണ് മുന്നണി മാറിയതെന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പഴയ കാര്യങ്ങളിലേക്കൊന്നും കടക്കാന്‍ എനിക്ക് താത്പര്യമില്ല. അതെല്ലാം അടഞ്ഞ അധ്യായമാണ്. എങ്കിലും ചോദിച്ചതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കാം. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതല്ല. യു.ഡി.എഫ് ഞങ്ങളെ പുറത്താക്കുകയാണ് ചെയ്തത്,’ ജോസ് കെ. മാണി പറഞ്ഞു.

ചില കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസിനെ ഇല്ലായ്മചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.

പാലാ ഉപതിരഞ്ഞെടുപ്പ് സമയത്ത് ചിഹ്നംപോലും അനുവദിക്കാതെ പി.ജെ. ജോസഫ് വാശിപിടിച്ചപ്പോള്‍ യു.ഡി.എഫ്. നേതാക്കള്‍ ഇടപെടാനോ സമ്മര്‍ദം ചെലുത്താനോ തയ്യാറാവാതെ നോക്കിനിന്നു. ഇപ്പോള്‍ യു.ഡി.എഫ് വിട്ട് പല ജില്ലയിലും നേതാക്കളും പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസിലേക്ക് പ്രവഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം ഒരു നിലപാട് പറഞ്ഞാല്‍ അതില്‍ ഉറച്ച് നില്‍ക്കും എന്നും എന്നാല്‍ യു.ഡി.എഫ് അങ്ങനെ അല്ലാ എന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.

‘സി.പി.ഐ.എം ഘടകകക്ഷിയാക്കാമെന്ന് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുത്തു. സീറ്റു വിഭജനകാര്യത്തിലും ഇതേ ഉറച്ച തീരുമാനം കണ്ടു. പക്ഷെ യു.ഡി.എഫ് ഒരു നിലപാട് എടുത്താല്‍ നടപ്പാക്കാന്‍ വലിയ പ്രയാസമാണ്,’ ജോസ് കെ. മാണി പറഞ്ഞു.

പറ്റാത്ത കാര്യമാണെങ്കില്‍ അത് പറ്റില്ലെന്ന് സി.പി.ഐ.എം തീര്‍ത്ത് പറയുമെന്നും ഒരു കാര്യം തീരുമാനിച്ചാല്‍ ഒരു ബാഹ്യ ഇടപെടലുകള്‍ക്കും വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Jose K Mani about changing from UDF to LDF