കീവ്: ആഘോഷം കഴിഞ്ഞു… ആരവങ്ങള്‍ ഒഴിഞ്ഞു. എന്നാല്‍ കളിയില്‍ ആരും ശ്രദ്ധിക്കാതെ പോയ ചില ദൃശ്യങ്ങളുണ്ട്. യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബിനെ കണ്ടെത്താനുള്ള മത്സരമാണ് ചാമ്പ്യന്‍സ് ലീഗ്. അതുകൊണ്ട് തന്നെ ഫൈനലില്‍ പരാജയപ്പെടുമ്പോള്‍ ഏതൊരു കളിക്കാരനും നിരാശ പ്രകടിപ്പിക്കും, ആ നിരാശ കണ്ണീരായി പ്രവഹിക്കും. അതാണ് നാം കണ്ടത്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് യുവന്റെസിനെ പരാജയപ്പെടുത്തിയപ്പോള്‍ കണ്ണീര്‍ പൊഴിച്ചത് ജിയാന്‍ ലുഗി ബഫണായിരുന്നെങ്കില്‍ ഈ വര്‍ഷം അത് ലിവര്‍പൂള്‍ താരം സലാഹായിരുന്നു.
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കണ്ടവരില്‍ 90 ശതമാനം ആളുകളും സലാഹിന്റെ കളികാണാന്‍ വന്നവരായിരുന്നു. എന്നാല്‍ മത്സരത്തിന്റെ 30 ാം മിനുട്ടില്‍ പരിക്കേറ്റ് പുറത്ത് പോകുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഫുട്ബോള്‍ ലോകവും കണ്ണീരണിഞ്ഞു. ഫൈനല്‍ മത്സരത്തില്‍ വരുത്തിയ പിഴവുകള്‍ക്ക് ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ ലോറിസ് കാരിസ് കരഞ്ഞ് മാപ്പ് ചോദിച്ചതും നമ്മെ ഓരോരുത്തരെയും വിഷമത്തിലാക്കി. ചിലരുടെ കണ്ണീരില്‍ മാത്രം നാം ദുഖം പ്രകടിപ്പിക്കുമ്പോള്‍ കാണാതെ പോകുന്ന മറ്റ് ചില കണ്ണീരുകളുണ്ട്.
അലക്സ് ഓക്സ്ലെഡ് ചേംബര്‍ലെന്‍
മത്സരത്തിലെ തോല്‍വിക്ക് ശേഷം അലക്സ് പൊട്ടിക്കരഞ്ഞു. നാം ആരും ശ്രദ്ധിച്ചില്ല. ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ വരെ എത്താന്‍ നിര്‍ണായക ഘടകമായിരുന്നു അലക്സ്. സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ റോമക്കെതിരെ കാല്‍മുട്ടിന് പരിക്കേറ്റാണ് അലക്സ് പുറത്തുപോകുന്നത്. അതോടെ അതിന് ശേഷമുള്ള മത്സരങ്ങള്‍ അലക്സിന് നഷ്ടമായി. നഷ്ടമായത് ചാമ്പ്യന്‍സ് ലീഗ് മാത്രമല്ല, റഷ്യന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനുവേണ്ടി ബൂട്ട് കേട്ടാമെന്ന മോഹവുമായിരുന്നു. പരിക്ക് ഗുരുതരമായത് കൊണ്ട് റഷ്യന്‍ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍നിന്ന് അദ്ദേഹം പുറത്തായി. താന്‍ ഒഴുക്കിയ വിയര്‍പ്പില്‍ ഫൈനലില്‍ പ്രവേശിച്ച ലിവര്‍പൂളിന്റെ ഫൈനല്‍ കാണാന്‍ എത്തിയത് പരിക്കേറ്റ കാലുമായായിരുന്നു. ആ വീല്‍ചെയറിലിരുന്ന് പൊട്ടി കരയുന്ന അലക്സിന്റെ ചിത്രം കണ്ടവരാരും ആ നിമിഷം മറക്കില്ല.
ഡാനി കര്‍വാജാല്‍
റയല്‍ താരങ്ങള്‍ വിജയത്തില്‍ ആനന്ദകണ്ണീര്‍ ഒഴുക്കിയപ്പോള്‍ കര്‍വാജാലിന് നിരാശയായിരുന്നു. സലാഹ് കളിക്കളം വിട്ട് ഏതാനും നിമിഷങ്ങള്‍ക്കകം കളിക്കളം വിട്ട മറ്റൊരു കളിക്കാരനായിരുന്നു കര്‍വാജാല്‍. തുടര്‍ച്ചയായി മൂന്ന് തവണ ഫൈനലില്‍ പ്രവേശിച്ചിട്ടും രണ്ട് തവണ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ കളിക്കളം വിടേണ്ടി വന്ന ഒരു പോരാളിയുടെ വേദനയായിരുന്നു കര്‍വാജാലിന്റെ കണ്ണുകളിലുണ്ടായിരുന്നത്. ഒരു പക്ഷേ റഷ്യന്‍ ലോകകപ്പിന് കര്‍വാജാല്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ പോലും സംശയമാണ്.
ജോര്‍ദാന്‍ ഹെന്‍ഡേയ്സണ്‍
ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോര്‍ദാന്‍ ഹെന്‍ഡേയ്സണെ നാം ആരും ശ്രദ്ധിച്ചിരുന്നില്ല. രണ്ടാം സ്ഥാനക്കാരനുളള മെഡലുമായി ട്രോഫിക്കടുത്തുകൂടി അദ്ദേഹം നടന്നു നീങ്ങുമ്പോള്‍ ക്യാപ്റ്റനായതുകൊണ്ട് പൊട്ടിക്കരയാന്‍ സാധിക്കാതെ മനസ്സില്‍ വിഷമം അടക്കിപിടിച്ചിരിക്കുകയായിരുന്നു. കളിക്ക് ശേഷമുള്ള ഇന്റര്‍വ്യൂയില്‍ സംസാരിക്കുമ്പോള്‍ ആ വിഷമം വ്യക്തമായിരുന്നു. തോല്‍വിയുടെ ഭാരം ഗോള്‍ കീപ്പര്‍ കാരിസിന്റെ തലയില്‍ വെച്ചുകെട്ടാന്‍ ഈ ക്യാപ്റ്റന്‍ തയ്യാറായിരുന്നില്ല. തോല്‍വിക്ക് ടീമൊന്നാകെ ഉത്തരവാദികളാണെന്ന് ഹെന്‍ഡേയ്സണ്‍ പറഞ്ഞു.
ലിവര്‍പൂള്‍ പ്രതിരോധ താരം ലൗറിനും, മുന്നേറ്റ നിരയിലെ ബ്രസീല്‍ താരം ഫെര്‍മീനൗയും മത്സര ശേഷം പൊട്ടിക്കരഞ്ഞു. ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് പോലും പുറംലോകം കണാതെ കരഞ്ഞു കാണും.