യഥാര്‍ത്ഥ വില്ലന്‍ ജോജിയോ അതോ ബിന്‍സിയോ
Discourse
യഥാര്‍ത്ഥ വില്ലന്‍ ജോജിയോ അതോ ബിന്‍സിയോ
സജിത് എം.എസ്.
Thursday, 15th April 2021, 2:04 pm

മാക്ബത്ത് നാടകത്തിന്റെ സംഗ്രഹിത രൂപം ഒന്‍പതാം ക്ലാസിലെ ഇംഗ്ലീഷ് ടെക്സ്റ്റില്‍ പഠിച്ച സമയത്താണ് ഷേക്‌സ്പിയറിന്റെ ലോകപ്രശസ്ത ട്രാജഡി ആദ്യം വായിക്കുന്നത്. അകാലത്തെ പരീക്ഷാ ചോദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഐറ്റമായിരുന്നു ‘Character Sketch’. അതില്‍ത്തന്നെ ഏറെക്കുറെ ഉറപ്പിക്കാവുന്ന ചോദ്യമായിരിക്കും മാക്ബത്തും ലേഡി മാക്ബത്തും.

ചക്കിക്കൊത്ത ചങ്കരന്‍ എന്നൊക്കെ അവരുടെ ബന്ധത്തെക്കുറിച്ച് പറയാമെങ്കിലും കൊലപാതകം ചെയ്ത മാക്ബത്തിനെക്കാള്‍ അപകടകാരിയും ദുര്‍വൃത്തയും വില്ലത്തിയുമായിട്ടാണ് ആ കഥാപാത്രത്തെ പഠിച്ചത്. കൊലയില്‍ നിന്ന് പിന്തിരിയാന്‍ പോലും ശ്രമിച്ച മാക്ബത്തിനെ അതിനായി Manipulate ചെയ്ത സ്ത്രീ.

മാക്ബത്ത് Ambitious ആണെങ്കില്‍ ലേഡി മാക്ബത്ത് Over Ambitious ആണ്. Over Ambitious ആവുന്നത് പാപം എന്ന നിലയില്‍ അവസാനം ലേഡി മാക്ബത്ത് ആത്മഹത്യ ചെയ്യുന്നു. അങ്ങനെ മാക്ബത്തിന്റെ തന്നെ മരണത്തിന് കാരണമാകുന്നത് ലേഡി മാക്ബത്തിന്റെ കുശാഗ്രബുദ്ധിയാണ് എന്നൊരു വായനയിലായിരുന്നു അവരുടെ’Character Sketch ‘ ന്റെ അന്നത്തെ നോട്ട്.

ഇനി ജോജിയിലെ ബിന്‍സിയിലേക്ക് വന്നാല്‍ കൃത്യമായി പനച്ചേല്‍ തറവാട്ടിലെ ലേഡി മാക്ബത്തായി അവര്‍ എങ്ങനെ സംഭവങ്ങളെ മുന്നോട്ട് നയിക്കുന്നു എന്ന് കാണാം. പനച്ചേല്‍ തറവാട്ടിലെ നിലവില്‍ അതിജീവിക്കുന്ന ഒരേയൊരു സ്ത്രീയാണ് ബിന്‍സി, റേഷന്‍കാര്‍ഡ് പ്രകാരം ‘ഗൃഹഭരണം’ ആണ് അവരുടെ ഡ്യൂട്ടി.

ബിന്‍സിയെ കാണിക്കുന്ന ആദ്യ രംഗം തന്നെ അവര്‍ ഗ്യാസ് സിലിണ്ടര്‍ ചുമന്നുകൊണ്ട് അടുക്കളയിലേക്ക് വരികയാണ്. എല്ലാവര്‍ക്കും വച്ചുവിളമ്പുക, തുണി അലക്കുക, ഭര്‍ത്താവ് ജെയ്‌സണ് ഭക്ഷണം കെട്ടി കൊടുക്കുക തുടങ്ങിയവയാണ് അവരുടെ ‘ജോലി’.

കുട്ടപ്പന്‍ സ്‌ട്രോക്ക് വന്ന് ആശുപത്രിയില്‍ ആവുന്ന ദിവസമാണ് ബിന്‍സിയുടെ ആദ്യ മൂവ്‌മെന്റ് നടക്കുന്നത്. രാജാവ് വീണു കഴിഞ്ഞാല്‍ കിട്ടാന്‍ പോകുന്ന അധികാരത്തെക്കുറിച്ച് പനച്ചേല്‍ തറവാട്ടിലെ പുരുഷന്മാരെ (പ്രധാനമായും Ambitious ആയ ജെയ്‌സണ്‍, ജോജി എന്നിവര്‍ ആണ് ലക്ഷ്യം) ഓര്‍മിപ്പിക്കല്‍ ആണ് അത്.

കുളിക്കാന്‍ വെള്ളം ചൂടാക്കാന്‍ പറയുന്ന ജെയ്‌സനോട് ‘അപ്പന്റെ മുറിയില്‍ ആണേല്‍ ഹീറ്റര്‍ ഉണ്ട്’ എന്ന് അവര്‍ പറയുന്നു. ആ മുറിയിലെ കുളിമുറി അപ്പന് മാത്രം എന്ന് വ്യക്തം. പിന്നീട് കുളിക്കാന്‍ കയറുന്ന ജെയ്‌സണ്‍ അപ്പനില്ലാത്ത കട്ടിലിലേക്ക് നോക്കി നില്‍ക്കുന്നുണ്ട്. രാജാവിന്റെ മരണം ആഗ്രഹിപ്പിക്കുന്നതില്‍ അവരുടെ വിജയം അവിടെ കാണാം. ‘അപ്പനെന്തേലും എഴുതി വച്ചതയി അറിയോടാ’ എന്ന് ജോജിയോടും ചോദിച്ചു കൊണ്ട് അപ്പനോടുള്ള ഭയം എന്ന വികാരത്തിന് മീതെ അധികാരം കിട്ടും എന്ന ചൂണ്ട അപ്പന്റെ മരണം ഒരാവശ്യം എന്ന നിലയില്‍ ജോജിയിലും ബിന്‍സി ഉറപ്പിക്കുന്നു.

ജെയ്‌സനെക്കാള്‍ ജോജിക്ക് മേല്‍ ആണ് ബിന്‍സിയുടെ സ്വാധീനശക്തി. ലേഡി മാക്ബത്തിന്റെ സ്വഭാവ സവിശേഷതയായ Manipulation ഉം Convincing ഉം അവര്‍ വര്‍ക്ക് ചെയ്യുന്നത് മാക്ബത്തായ ജോജിയോടാണ്. അപ്പന്‍ അല്ലെങ്കില്‍ ചേട്ടന്റെ അനുവാദം എന്ന കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്ന അവനോട് ‘നിന്റേം കൂടെ വീടല്ലേടാ, ആരോട് ചോദിക്കാനാ. നീ കേറ്റിയങ്ങ് കെട്ടണം’ എന്ന ട്രിഗറിങ് ഡയലോഗ് അവരുടെ രണ്ടാമത്തെ മൂവ്‌മെന്റ്.

അപ്പന്റെ മരണം മുന്നില്‍ക്കണ്ടുകൊണ്ട് ഏറ്റവും കൂടുതല്‍ പ്ലാന്‍ നടത്തുന്നത് ബിന്‍സിയാണ്. പനച്ചേല്‍ തറവാട്ടില്‍ നിന്ന് രക്ഷപെട്ടുപോവുക എന്നതാണ് അതില്‍ മെയിന്‍. പാലായില്‍ അതിനായി ഒരു ഫ്‌ലാറ്റ് വരെ സ്വന്തം എഫ്.ഡി പൊട്ടിച്ച് ജയ്‌സനെക്കൊണ്ട് അഡ്വാന്‍സ് കൊടുപ്പിക്കുന്നതായി പറയുന്നു. ജോജി പോലും സ്വത്ത് മുന്നില്‍ കണ്ടു പ്ലാനിങ് ഒന്നും ചെയ്യുന്നില്ല. അപ്പന്റെ മരണം നടക്കേണ്ട ഏറ്റവും കൂടുതല്‍ ആവശ്യം ബിന്‍സിക്കാണ്. ആ മരണത്തിന്റെ ആദ്യ ഗുണഭോക്ത്ാവും അവര്‍ തന്നെ. അത് അപ്പന്റെ മരണശേഷം കുറച്ചു കൂടി വ്യക്തമാകുന്നു. അവരുടെ ദൈനംദിനജീവിതം പോലും കൂടുതല്‍ അധികാരമുള്ളതും എളുപ്പമുള്ളതും ആകുന്നുണ്ട്. അടുക്കളയില്‍ കയറേണ്ടതായില്ല, കാല്‍വിരലില്‍ ക്യൂട്ടക്‌സ് ഇടാന്‍ പോലും അവര്‍ക്ക് സമയം കിട്ടുന്നത് അതിന് ശേഷമാണ്.

മാക്ബത്തില്‍ നല്ല മാക്ബത്തിനെ തെറ്റിലേക്കെത്തിക്കുന്ന ചെയ്യുന്ന ദുഷ്ടയായ ലേഡി മാക്ബത്ത് ആണെങ്കില്‍ ജോജിയില്‍ ‘നല്ല’ മാക്ബത്ത് എന്ന സങ്കല്പം ഇല്ല. മാക്ബത്തിന്റെ പൗരുഷം ചോദ്യം ചെയ്താണ് ലേഡി മാക്ബത്ത് ഭര്‍ത്താവിനെ ട്രിഗര്‍ ചെയ്യുന്നത്. അതിന് സമാനമായി ജോജിയെ മൊത്തത്തില്‍ തന്നെ കടന്നാക്രമിക്കുന്ന ”നല്ലകാലം മുഴുവന്‍ നിനക്കൊക്കെ ഈ സ്ലാബിന്റെ പുറത്തിരുന്നു കഴിക്കാനാടാ വിധി” എന്ന ഡയലോഗ് ആണ് അപ്പനോട് നേരിട്ട് ചെന്ന് ആവശ്യം പറയാനും തുടര്‍ന്നു കൊലപാതകം ചെയ്യാനും ഉള്ള ഒരു കാരണം. Dankan രാജാവിനെ കൊല്ലുന്നതിന് ഒരേയൊരു സാക്ഷി ലേഡി മാക്ബത്ത് ആണ് എന്നത് പോലെ ജോജിയുടെ ആദ്യ കൊലപാതകത്തിനും ബിന്‍സി മാത്രമാണ് സാക്ഷി.

അപ്പന്റെ മരണശേഷം ബിന്‍സിയുടെ ഇടപെടലുകള്‍ പ്രധാനമാണ്. ഒന്ന് യാതൊരു സംശയവും അവശേഷിക്കരുത് എന്ന നിര്‍ബന്ധം. മരണാനന്തരച്ചടങ്ങിലേക്ക് ജോജിയുടെ അസ്സാന്നിദ്യം ചോദ്യമാകാതിരിക്കാന്‍ അയാളോട് മാസ്‌ക് വച്ച് വരാന്‍ പറയുന്നതും അപ്പന്റെ മരണത്തെ പ്രതി നാട്ടില്‍ ഉണ്ടാകുന്ന സംശയങ്ങളും ചോദ്യങ്ങളും കുടുംബത്തിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം എന്ന സംസാരം ഉണ്ടാകുമ്പോഴുള്ള ഇടപെടലും വിഷയം മാറ്റലും അവരുടെ കൂര്‍മ്മബുദ്ധിയാണ്. ഈ ചോദ്യങ്ങള്‍ ഇല്ലാതാക്കാനായി ജോജിയെ നയിക്കുന്ന രണ്ടാമത്തെ കൊലപാതകത്തിന് മുന്‍പ് ബൈബിള്‍ കയ്യില്‍ പിടിച്ചുകൊണ്ട് ബിന്‍സി പറയുന്ന വാക്കുകള്‍ ‘മരിച്ചവരാരും ഇനി തിരിച്ചു വരില്ല, ജീവിച്ചിരിക്കുന്നവരെ സൂക്ഷിച്ചാല്‍ മതി’ എന്നാണ്.

ലേഡി മാക്ബത്തിനെപ്പോലെ അറേബ്യയിലെ മുഴുവന്‍ സുഗന്ധതൈലങ്ങള്‍ കൊണ്ട് കൈ കഴുകിയിട്ടും കൈയ്യിലെ ചോരക്കറ മാറാതെ പാപത്തിന്റെ ശമ്പളം മരണമായി സ്വീകരിക്കുന്നവള്‍ അല്ല ബിന്‍സി. അടിമുടി ഹിംസയില്‍ മുന്നോട്ട് പോകുന്ന ഒരു പുരുഷാധിപത്യ കുടുംബത്തിന് മേല്‍ അതേപോലെ ഒരു ഹിംസാ തന്ത്രം ഉപയോഗിച്ച് കരുക്കള്‍ നീക്കുന്ന സ്ത്രീയായ അവര്‍ അതില്‍ പൂര്‍ണ്ണമായി വിജയിക്കുന്നു.

ലേഡി മാക്ബത്ത് എന്ന കഥാപാത്രത്തിന് വേണമെങ്കില്‍ രാജാവിനെ ഒറ്റയ്ക്ക് കൊല്ലാന്‍ സാധിക്കും എന്ന് നിരീക്ഷണങ്ങള്‍ ഉണ്ട്. അതിന് അവര്‍ തയാറാകുന്നില്ല, അതുപോലെ തന്നെ അപ്പനെ നേരിട്ട് കൊല്ലാന്‍ ബിന്‍സിയും ശ്രമിക്കുന്നില്ല. ലേഡി മാക്ബത്തിനെ ആ കൃത്യത്തില്‍ നിന്ന് തടയുന്നത് അവരുടെ സ്ത്രീത്വമാണ് എന്ന നിരൂപണങ്ങള്‍ ഉണ്ട്.

എന്നും രാവിലെ ബൈബിള്‍ വായിച്ചു ദിവസം തുടങ്ങുന്ന ബിന്‍സിയുടെ ഉള്ളിലെ പാപബോധം ആയിരിക്കാം നേരിട്ട് അപ്പനെ കൊല്ലുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചിരിക്കുക. ലേഡി മാക്ബത്തിനെപ്പോലെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ടാണ് ബിന്‍സിയുടെയും കരുനീക്കങ്ങള്‍. ലേഡി മാക്ബത്തിനെപ്പോലെ ബിന്‍സിയും ഒരു ‘അമ്മയല്ലാത്ത’ സ്ത്രീ കഥാപാത്രമാണ്. മകനോളം പ്രായമുള്ള പോപ്പിയോട് ഒരിക്കലും ഒരു ‘അമ്മ’യെന്ന പോലെ ഇടപെടല്‍ അവര്‍ക്കില്ല. അവന്റെ അപ്പന്റെ മരണത്തിന് ശേഷം പോലും അത് കാണാന്‍ സാധിക്കുന്നില്ല. ലേഡി മാക്ബത്തിനെ ഒരു ‘Anti Mother’ ബിംബമായി കാണുന്നത് പോലെ ബിന്‍സിയെയും അത്തരത്തില്‍ Maternal instinct ഇല്ലാത്ത സ്ത്രീയെന്ന നിലയില്‍ ആണ് സിനിമയില്‍ അവതരിപ്പിച്ചത്.

അടിമുടി പുരുഷാധിപത്യപരമായ കുടുംബം എന്ന സ്ഥാപനത്തില്‍ പലപ്പോഴും അധികാരം നിലനിര്‍ത്താനും അതിന്റെ കൈമാറ്റത്തിലും സ്ത്രീകള്‍ നേരിട്ട് ഇടപെടാതെ തന്ത്രപൂര്‍വ്വം പുരുഷന്മാരെ മുന്‍നിര്‍ത്തി കരുക്കള്‍ നീക്കുന്നതിന്റെ ഒരു ഉദാഹരണം ആണ് ബിന്‍സി. രണ്ടാമൂഴത്തില്‍ ഏത് നിലയിലാണോ കുന്തിയും പാഞ്ചാലിയും സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ ബുദ്ധിപൂര്‍വം ഇടപെട്ടത്, അതുപോലൊരു ഇടപെടല്‍ ബിന്‍സിയില്‍ പലയിടത്തും കാണാം. അതുകൊണ്ട് തന്നെ സ്‌നേഹം, ദയ, ദാക്ഷിണ്യം തുടങ്ങിയ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പാക്കുന്ന തരളവികാരങ്ങള്‍ സിനിമയില്‍ ഒരിടത്തും ഇല്ലാത്തതായി പ്രേക്ഷകര്‍ക്ക് തോന്നുന്നു.

വിറകുവെട്ടിയും വെള്ളംകോരിയുമുള്ള ജീവിതത്തിന് പുറമേ കുടുംബത്തെ വാത്സല്യം കൊണ്ട് ഒന്നിച്ചു നിര്‍ത്തി സര്‍വംസഹയാകേണ്ട യാതൊരു ബാധ്യതയും ബിന്‍സിക്കില്ല താനും. ബിന്‍സി ആ ടൈപ്പ് അല്ല. ജയ്‌സണ്‍ മാത്രമാണ് അവരുടെ concern, ലേഡി മാക്ബത്ത് എപ്രകാരമാണോ മാക്ബത്ത് അധികാരം നേടണമെന്നാഗ്രഹിച്ചത്, അതുപോലെ ബിന്‍സിക്കും തന്റെ ഭര്‍ത്താവ് കുറച്ചുകൂടി സ്വസ്ഥനായി സ്വന്തം കുടുംബവും വീടും മാത്രമാവണം എന്ന ലക്ഷ്യം ഉണ്ട്.

ബൈബിള്‍ അനുശാസിക്കുന്ന ഒരു ‘ഉത്തമഭാര്യ’ ആവാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടാകാം. ബിന്‍സി ഒരു വല്ലാത്ത കഥാപാത്രമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joji Film – Lady Macbeth – Bincy – Film Review Joji