Kerala News
നേമം ടെര്‍മിനല്‍ പദ്ധതി വൈകിപ്പിച്ച് കേന്ദ്രം കേരള ജനതയെ കബളിപ്പിക്കരുത്; ബി.ജെ.പി രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 30, 12:37 pm
Saturday, 30th July 2022, 6:07 pm

തിരുവനന്തപുരം: നേമം ടെര്‍മിനല്‍ വിഷയത്തില്‍ ബി.ജെ.പിയും കേന്ദ്ര റെയില്‍വേ മന്ത്രാലയവും ആരംഭിച്ച അപഹാസ്യമായ രാഷ്ട്രീയനാടകത്തിന് തെല്ലും അറുതിയുണ്ടായിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി.

നേമം ടെര്‍മിനല്‍ ഉപേക്ഷിക്കുകയാണെന്ന കാര്യം രേഖാമൂലം രാജ്യസഭാ സെക്രട്ടേറിയേറ്റ് മുഖാന്തിരം തന്നെ റെയില്‍വേ മന്ത്രാലയം അറിയിച്ചതാണ്. ഇക്കാര്യത്തിലുള്ള പുനര്‍ചിന്തനത്തിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ രേഖാമൂലമാണ് കേന്ദ്രമന്ത്രാലയം പ്രതികരിക്കേണ്ടത്. പദ്ധതി ഉപേക്ഷിച്ച നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് എം.പി നല്‍കിയ കത്തിന് ഇതുവരെ കേന്ദ്രമന്ത്രി മറുപടി നല്‍കിയിട്ടില്ലന്നും ജോണ്‍ ബ്രിട്ടാസ് പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിലും പ്രത്യേകിച്ച് തിരുവനന്തപുരത്തും രാഷ്ട്രീയനേട്ടം കൊയ്യുന്നതിനാണ് നേമം ടെര്‍മിനല്‍ വിഷയം ബി.ജെ.പി എക്കാലത്തും ഏറ്റെടുത്തിട്ടുള്ളത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടു തലേന്ന് വോട്ടുകിട്ടാന്‍ തിരക്കു പിടിച്ച് ഒരു തറക്കല്ലിടല്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. അന്നു റെയില്‍വേ മന്ത്രിയായിരുന്ന പിയുഷ് ഗോയല്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഒരു പതിറ്റാണ്ടുമുമ്പ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ തറക്കല്ലിടല്‍ നിര്‍വഹിച്ചത്.

ബജറ്റില്‍ പ്രഖ്യാപിക്കുകയും തറക്കല്ലിടല്‍ നടക്കുകയും ചെയ്ത പദ്ധതി വൈകുന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ രാജ്യസഭാതലത്തില്‍ ഉയര്‍ത്തിയിരുന്നു. ‘പദ്ധതിരേഖ പരിഗണനയില്‍’ എന്ന പതിവു പല്ലവിക്കപ്പുറം പോകാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തയ്യാറാകാത്തതിനെ തുര്‍ന്നാണ് സവിശേഷ അധികാരം ഉപയോഗിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനെ സമീപിച്ചത്. എം.പിയുടെ ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാനുള്ള ഉത്തരവാദിത്വം മന്ത്രിക്കുണ്ടെന്ന തന്റെ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടതിനെത്തുടര്‍ന്നാണ് സഭാധ്യക്ഷന്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ റെയില്‍വേ മന്ത്രാലയത്തോട് നിര്‍ദേശിച്ചതെന്നും എം.പി പ്രസ്താവനയില്‍ പറഞ്ഞു.

നില്‍ക്കക്കള്ളിയില്ലാത്തതിനെ തുടര്‍ന്നാണ് ഒളിച്ചുകളി അവസാനിപ്പിച്ച്, പദ്ധതി ഉപേക്ഷിക്കുകയാണെന്ന 30-05-2022ലെ ഓഫീസ് മെമ്മോറാണ്ടം രാജ്യസഭാ സെക്രട്ടേറിയറ്റ് മുഖേന ജോണ്‍ ബ്രിട്ടാസ് എം.പിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. നേരത്തേതന്നെ കൈക്കൊണ്ടിരുന്ന തീരുമാനം അവകാശനടപടി ഭയന്ന് മെമ്മോറാണ്ടത്തിന്റെ ഭാഗമാക്കി അയച്ചതാണെന്ന് ഇതുസംബന്ധിച്ച ചോദ്യങ്ങളുടെയും കത്തുകളുടെയും തിയ്യതി പരിശോധിച്ചാല്‍ ബോധ്യമാകും. കൊച്ചുവേളിയുള്ള സ്ഥിതിക്ക് നേമം ടെര്‍മിനല്‍ ആവശ്യമില്ലെന്ന ന്യായമാണ് കേന്ദ്രത്തിന്റേത്.

കള്ളക്കളി പൊളിഞ്ഞതോടെ മുഖം നഷ്ടപ്പെട്ട ബി.ജെ.പി നേതൃത്വം മറ്റൊരു കള്ളക്കളി ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിനിധിസംഘവുമായി ദില്ലിയിലെത്തി കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന പ്രഖ്യാപനം നടത്തി ബി.ജെ.പി നേതാക്കള്‍ ദില്ലിയില്‍നിന്നു മടങ്ങുകയും ചെയ്തു. സംസ്ഥാനമന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരോടൊപ്പം കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഇടതുപക്ഷ എം.പിമാര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

റെയില്‍വേ മന്ത്രാലയത്തെ ഇക്കാര്യം അറിയിക്കുകയും കൂടിക്കാഴ്ച ആകാമെന്ന പ്രതികരണം ലഭിക്കുകയും ചെയ്തു. ഇതിനിടയിലാണ്, ബി.ജെ.പി സംഘം ദില്ലിയിലെത്തി കേന്ദ്രമന്ത്രിയെ കണ്ടത്. ഇതോടെ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു മന്ത്രിയും പറയാത്ത ന്യായവുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം രംഗത്തുവന്നു. ‘എം.പിമാരെ കാണാം, എന്നാല്‍, സംസ്ഥാനമന്ത്രിമാരെ കാണാന്‍ ഒരുക്കമല്ല’ എന്ന വിചിത്രന്യായമാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ ജില്ലാ ഭാരവാഹികളെവരെ കണ്ട കേന്ദ്രമന്ത്രിക്ക് സംസ്ഥാനമന്ത്രിമാരെ കാണാന്‍ വൈമുഖ്യമുണ്ടായത് എന്താണെന്നത് ഒരു വലിയ പ്രഹേളികയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയനാടകത്തിന്റെ തുടരധ്യായമായിമാത്രമേ ഈ സംഭവവികാസത്തെ നോക്കിക്കാണാനാകൂ.
കേരളത്തിനും വിശിഷ്യാ തിരുവനന്തപുരത്തിനും അത്യന്താപേക്ഷിതമായ നേമം ടെര്‍മിനല്‍ പദ്ധതി നടപ്പാക്കാനാവശ്യമായ ഭൂമി റെയില്‍വേയുടെ പക്കലുണ്ട്.

117 കോടി രൂപ മാത്രം വേണ്ടിവരുന്ന ഈ പദ്ധതി എന്തുകൊണ്ട് ഉപേക്ഷിച്ചു എന്നു പറയാനുള്ള ഉത്തരവാദിത്വം കേന്ദ്രമന്ത്രിക്കുണ്ട്. വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചത് പുനരാലോചിക്കുന്നുണ്ടെങ്കില്‍ സ്വാഗതാര്‍ഹമാണ്.

ഇനിയും പദ്ധതി വൈകിപ്പിച്ച് കേരള ജനതയെ കബളിപ്പിക്കരുത് എന്ന അഭ്യര്‍ത്ഥനമാത്രമേ ഉള്ളൂ. പദ്ധതി ഉപേക്ഷിച്ച കാര്യം ഓഫീസ് മെമ്മോറാണ്ടത്തിലൂടെ അറിയിച്ച കേന്ദ്ര റെയില്‍വേ മന്ത്രാലയം രേഖാമൂലമായിത്തന്നെ ഈ തീരുമാനം പുനപ്പരിശോധിച്ചതായി അറിയിക്കുകയും ടെര്‍മിനലിന്റെ പണി ഉടന്‍ ആരംഭിക്കുകയും ചെയ്താല്‍മാത്രമേ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയൂ. രാഷ്ട്രീയനാടകങ്ങള്‍ അവസാനിപ്പിച്ച് വ്യക്തവും സുതാര്യവുമായ നടപടികള്‍ക്കു മുതിരാന്‍ കേന്ദ്ര ഭരണ കക്ഷിയും റെയില്‍വേ മന്ത്രാലയവും സന്നദ്ധമാകണമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി ആവശ്യപ്പെട്ടു.

CONTENT HIGHLIGHTS:  John Brittas says BJP is playing political drama in Nemam Terminal