ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ലോര്‍ഡ്‌സില്‍ ടെസ്റ്റില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ജോ റൂട്ട് ഇംഗ്ലണ്ട് ടീമിന്റെ രക്ഷകനായിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം പാളിയെങ്കിലും റൂട്ടിന്റെ ചിറകില്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ് ത്രീ ലയണ്‍സ്.
ഓപ്പണറായ ഡാന്‍ ലോറന്‍സിനെയും മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ഒലി പോപ്പിനെയും ഒറ്റയക്കത്തിന് നഷ്ടമായ ഇംഗ്ലണ്ടിനെ സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് താങ്ങി നിര്‍ത്തിയത്.
ടെസ്റ്റ് ഫോര്‍മാറ്റിലെ 33ാം സെഞ്ച്വറിയാണ് റൂട്ട് ലോര്‍ഡ്‌സില്‍ കുറിച്ചത്. 145ാം മത്സരത്തിലെ 264ാം ഇന്നിങ്‌സിലാണ് റൂട്ട് തന്റെ 33ാം ടെസ്റ്റ് സെഞ്ച്വറി നേടിയത്.
ഇതോടെ ഫാബ് ഫോറില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന താരമായി മാറാനും റൂട്ടിന് സാധിച്ചു.
ഫാബ് ഫോറിലെ സെഞ്ച്വറികള്‍
ജോ റൂട്ട് – 33*
സ്റ്റീവ് സ്മിത് – 32
കെയ്ന്‍ വില്യംസണ്‍ – 32
വിരാട് കോഹ്‌ലി – 29
കഴിഞ്ഞ് കുറച്ചുനാളുകളായി ടെസ്റ്റ് ഫോര്‍മാറ്റില്‍ റൂട്ടിന്റെ സര്‍വാധിപത്യത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. കൃത്യമായി തന്റെ സ്‌കില്ലുകളെ മൂര്‍ച്ച കൂട്ടിയെടുക്കുന്ന റൂട്ട് ഏറ്റവുമധികം ടെസ്റ്റ് റണ്‍സെന്ന സച്ചിന്റെ റെക്കോഡിനും ഭീഷണിയാണ്.
2021 ജനുവരി മുതലുള്ള കണക്കെടുക്കുമ്പോള്‍ ഇതുവരെ 16 ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് നേടിയത്. അതേസമയം, വിരാട് കോഹ്‌ലി ഇക്കാലയളവില്‍ നേടിയതാകട്ടെ രണ്ടേ രണ്ട് റെഡ് ബോള്‍ സെഞ്ച്വറിയും.
2021 ജനുവരിയില്‍ ഫാബ് ഫോറിലെ ഓരോ താരങ്ങളുടെയും സെഞ്ച്വറി
വിരാട് കോഹ്‌ലി – 27
സ്റ്റീവ് സ്മിത് – 26
കെയ്ന്‍ വില്യംസണ്‍ – 23
ജോ റൂട്ട് – 17
2024 ഓഗസ്റ്റില്‍ ഫാബ് ഫോറിലെ ഓരോ താരങ്ങളുടെയും സെഞ്ച്വറി
ജോ റൂട്ട് – 33*
സ്റ്റീവ് സ്മിത് – 32
കെയ്ന്‍ വില്യംസണ്‍ – 32
വിരാട് കോഹ്‌ലി – 29
അതേസമയം, റൂട്ടിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. 206 പന്തില്‍ 143 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. 18 സിക്‌സറുകളാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
നിലവില്‍ 81 ഓവര്‍ പിന്നിടുമ്പോള്‍ 316ന് ഏഴ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 62 പന്തില്‍ 52 റണ്‍സുമായി ഗസ് ആറ്റ്കിന്‍സണും പത്ത് പന്തില്‍ ഒരു റണ്ണുമായി മാത്യു പോട്‌സുമാണ് ക്രീസില്‍.